തൃശൂര്‍: ആരും സിന്തറ്റിക് ഡ്രഗ്‌സ് ഉപയോഗിക്കരുതെന്നും അത് ചെകുത്താനാണെന്നും റാപ്പര്‍ വേടന്‍. സിന്തറ്റിക് ഡ്രഗ്‌സുകള്‍ നമ്മുടെ തലമുറയുടെ തലച്ചോറിനെ കാര്‍ന്നുതിന്നുകയാണെന്നും നിരവധി മാതാപിതാക്കളാണ് തന്റെ അടുത്തെത്തി മക്കളേ പറഞ്ഞ് മനസിലാക്കണമെന്നാണ് പറയുന്നതെന്നും വേടന്‍ പറഞ്ഞു. തൃശൂര്‍ കഴിമ്പ്രം ബീച്ച് ഫെസ്റ്റിവലില്‍ നടന്ന പരിപാടിക്കിടെയാണ് വേടന്റെ പരാമര്‍ശം.
ദയവ് ചെയ്ത് ആരും തന്നെ ലഹരിക്ക് അടിമപ്പെടരുതെന്നും നിങ്ങളുടെ ചേട്ടന്റെ സ്ഥാനത്ത് നിന്നാണ് ഇങ്ങനെ സംസാരിക്കുന്നതെന്നും വേടന്‍ പറയുന്നുണ്ട്. താന്‍ ഇക്കാര്യം പറയുമ്പോള്‍ കള്ളുകുടിച്ചിട്ടല്ലേ നീയൊക്കെ ഇതെല്ലാം പറയുന്നതെന്ന് നിങ്ങള്‍ ചോദിക്കും. എന്നാല്‍ സിന്തറ്റിക്ക് ഡ്രഗ്‌സ് എന്ന വിഷയം ഗൗരവത്തോടെ കൈകാര്യം ചെയ്യണമെന്നും ഡ്രഗ്‌സ് നമ്മുടെ തലമുറയെ തന്നെ നശിപ്പിക്കുകയാണെന്നും വേടന്‍ പറഞ്ഞു.
സ്വന്തം അപ്പനെ കൊല്ലാനൊക്കെ ഒരാള്‍ക്ക് തോന്നുമോ? ഇതിനെല്ലാം പിന്നില്‍ സിന്തറ്റിക് ഡ്രഗ്‌സിന്റെ സ്വാധീനമാണെന്നും വേടന്‍ പറയുന്നുണ്ട്. തന്റെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ വിഷമിക്കരുത്, ഇതൊക്കെ വേണ്ടെന്ന് വെച്ചാല്‍ അച്ഛനെയും അമ്മയെയുമെല്ലാം നോക്കി നന്നായി ജീവിക്കാമെന്നും വേടന്‍ പറയുന്നു.
ഇപ്പോള്‍ വേടന്റെ ഈ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നിറഞ്ഞ കൈയടികളോടെയാണ് വേടന്റെ വാക്കുകള്‍ കാണികള്‍ ഏറ്റെടുത്തത്. ഇതിനുമുമ്പ് മലയാള സിനിമയായ എമ്പുരാന്‍ റിലീസായത്തിന് പിന്നാലെയുണ്ടായ ഇ.ഡി റെയ്ഡിലും വേടന്‍ പ്രതികരിച്ചിരുന്നു.
‘സിനിമ ചെയ്തതിനൊക്കെ ഇ.ഡി റെയ്ഡ് വരുന്ന കാലഘട്ടമാണ്. ആരെകുറിച്ചാണ് എന്തൊക്കെയാണ് സംസാരിക്കുന്നതെന്ന് മനസിലാകുന്നുണ്ടല്ലോ അല്ലേ മക്കള്‍ക്ക്. സമാധാനമായി, നിങ്ങളുടെ സാമൂഹികാവസ്ഥയില്‍ എന്തൊക്കെയാണ് നടക്കുന്നതെന്ന് ബോധമുള്ള ആളുകളായി ഇരുന്നോളൂ.
കോളേജില്‍ പോകുന്ന കുട്ടികളാണ് നിങ്ങള്‍. പൊളിറ്റിക്കലി അറിവുള്ള കുട്ടികളായി വളര്‍ന്നോളൂ. കാരണം നിങ്ങള്‍ മാത്രമേയുള്ളൂ ഇനി, കാര്‍ന്നവന്മാരെല്ലാം മണ്ടത്തരം കാണിക്കുകയാണ്,’ വേടന്റെ വാക്കുകള്‍.
വേടന്റെ പ്രസ്തുത വാക്കുകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. തന്റെ വേദികളിലെല്ലാം പാട്ടുകളിലൂടെ വ്യക്തമായ രാഷ്ട്രീയം പറയുന്ന റാപ്പര്‍ കൂടിയാണ് വേടന്‍.
Content Highlight: Rapper Vedan says no one should use synthetic drugs