മാധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവം; ശ്രീറാം വെങ്കിട്ടറാമിന്റെയും വഫയുടെയും ലൈസന്‍സ് റദ്ദാക്കും; വഫ ഫിറോസിനെയും പ്രതി ചേര്‍ത്തു
Kerala News
മാധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവം; ശ്രീറാം വെങ്കിട്ടറാമിന്റെയും വഫയുടെയും ലൈസന്‍സ് റദ്ദാക്കും; വഫ ഫിറോസിനെയും പ്രതി ചേര്‍ത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 3rd August 2019, 9:52 pm

തിരുവനന്തപുരം: അമിതവേഗത്തില്‍ വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ട റാമിന് പുറമേ വഫ ഫിറോസിനെയും കേസില്‍ പ്രതി ചേര്‍ത്തു.

ജാമ്യം ലഭിക്കുന്ന വകുപ്പ് പ്രകാരമാണ് വഫയെ പ്രതി ചേര്‍ത്തിരിക്കുന്നത്. മദ്യപിച്ച് അമിതവേഗത്തില്‍ വാഹനമോടിച്ച ശ്രീറാം വെങ്കിട്ടരാമനെ പ്രോത്സാഹിപ്പിച്ചുവെന്ന കുറ്റമാണ് വഫ ഫിറോസിനെതിരെ ചുമത്തിയിരിക്കുന്നത്. മോട്ടോര്‍വാഹന വകുപ്പിലെ നിയമം 184,188 വകുപ്പുകളാണ് വഫയ്ക്ക് എതിരെയുള്ളത്. വഫയെ കുടുംബാംഗങ്ങള്‍ക്കൊപ്പം ജാമ്യത്തില്‍ വിട്ടു.

ഇരുവരുടെയും ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികള്‍ മോട്ടോര്‍ വാഹന വകുപ്പ് ആരംഭിച്ചു. വഫയുടെ കാറിന്റെ റജിസ്‌ട്രേഷനും റദ്ദാക്കും. കാറില്‍ കൂളിംഗ് ഫിലിം ഒട്ടിച്ചതടക്കം നിരവധി നിയമ ലംഘനങ്ങള്‍ ഉണ്ടായിട്ടുണ്ട്.

ഇന്നലെ രാത്രിയാണ് അമിതവേഗതയില്‍ വന്ന് കാറിടിച്ച് സിറാജ് ദിനപത്രത്തിലെ തിരുവനന്തപുരം യൂണിറ്റ് മേധാവി കെ എം ബഷീര്‍ മരിച്ചത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപം പബ്ലിക് ഓഫീസിന് മുന്നില്‍ വെച്ചായിരുന്നു സംഭവം.

കൊല്ലത്ത് സിറാജ് പ്രമോഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്ത ശേഷം തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു ബഷീര്‍.

വൈദ്യപരിശോധനയില്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തി. കാറോടിച്ചത് താനല്ലെന്നും സുഹൃത്താണെന്നും ശ്രീറാം വെങ്കട്ടരാമന്‍ പറഞ്ഞെങ്കിലും കാറോടിച്ചത് ശ്രീറാമാണെന്നാണ് ദൃക്സാക്ഷികള്‍ പറഞ്ഞിരുന്നു.
DoolNews Video