തിരുവനന്തപുരം: അമിതവേഗത്തില്‍ വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കട്ടരാമനെ കുടുക്കിയത് സുഹൃത്ത് വഫ ഫിറോസിന്റെ രഹസ്യമൊഴി. ശ്രീറാം മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് മജിസ്‌ട്രേറ്റിനു മുന്നിലും വഫ ആവര്‍ത്തിച്ചു.
വഞ്ചിയൂര്‍ മജിസ്‌ട്രേറ്റാണ് വഫയുടെ മൊഴി രേഖപ്പെടുത്തിയത്. അപകടമുണ്ടായ സമയം വഫയായിരുന്നു ശ്രീറാമിനൊപ്പം കാറിലുണ്ടായിരുന്നത്.
അമിതവേഗതയാണ് അപകടകാരണമെന്നും വഫ മൊഴി നല്‍കി. കവടിയാര്‍ പാര്‍ക്കില്‍ നിന്ന് ശ്രീറാം കാറില്‍ കയറിയെന്നും മദ്യപിച്ച് വാഹനമോടിക്കരുതെന്നു പറഞ്ഞിട്ട് വകവെച്ചില്ലെന്നും വഫ രഹസ്യമൊഴിയില്‍ പറഞ്ഞു.
ജാമ്യം ലഭിക്കുന്ന വകുപ്പ് പ്രകാരമാണ് വഫയെ പ്രതി ചേര്‍ത്തിരിക്കുന്നത്. മദ്യപിച്ച് അമിതവേഗത്തില്‍ വാഹനമോടിച്ച ശ്രീറാം വെങ്കിട്ടരാമനെ പ്രോത്സാഹിപ്പിച്ചുവെന്ന കുറ്റമാണ് വഫ ഫിറോസിനെതിരെ ചുമത്തിയിരിക്കുന്നത്. മോട്ടോര്‍വാഹന വകുപ്പിലെ നിയമം 184,188 വകുപ്പുകളാണ് വഫയ്ക്ക് എതിരെയുള്ളത്. വഫയെ കുടുംബാംഗങ്ങള്‍ക്കൊപ്പം ജാമ്യത്തില്‍ വിട്ടു.