സര്‍, ബഹുമാന്യനായ മുഖ്യമന്ത്രിയുടെ വിശദീകരണം കേള്‍ക്കുമ്പോഴെങ്കിലും ബഹു.പാര്‍ലമെന്ററി കാര്യ വകുപ്പു മന്ത്രിക്ക് കാര്യങ്ങള്‍ മനസിലായിട്ടുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. ഗവണ്‍മെന്റ് വളരെ വ്യക്തമായി ഈ ദിശയില്‍ ഒരുപാട് മുന്നോട്ട് പോയിരിക്കുന്നു. ഇനിയും മുന്നോട്ടു പോകാന്‍ ഉദ്ദേശിക്കുന്നു എന്നുള്ളതാണ് മുഖ്യമന്ത്രിയുടെ വാക്കുകളില്‍ നിന്ന് തെളിയിക്കുന്നത്.
‘nemo judex in causa sua’ ലാറ്റിന്‍ വാചകമാണ്. ഞങ്ങളെല്ലാം എല്‍.എല്‍.ബിക്ക് പഠിക്കുമ്പോള്‍ ഒന്നാമത്തെ സെമസ്റ്ററില്‍ ജൂറിസ്പ്രുഡന്‍സ് എന്നൊരു പേപ്പറുണ്ട്. അതില്‍ പഠിക്കുന്ന ഒരു മാക്സിമാണ്. ഇംഗ്ലീഷില്‍ ‘no one should be a judge in his own case’. പച്ചമലയാളത്തില്‍ പറഞ്ഞാല്‍ വാദിയും വിധികര്‍ത്താവും ഒരാള്‍ തന്നെയാകരുത്. ഈ അടിസ്ഥാനപരമായ നിയമ സങ്കല്‍പ്പത്തെ അട്ടിമറിക്കുന്ന നീക്കമാണ് പൊലീസ് കമ്മീഷണറേറ്റുകള്‍ രൂപീകരിച്ച് അവര്‍ക്ക് മജിസ്റ്റീരിയല്‍ അധികാരം നല്‍കാനുള്ള തീരുമാനം.
അതെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് എത്രത്തോളം ആത്മാര്‍ത്ഥതയില്ലാത്തതാണെന്ന് അദ്ദേഹത്തിന്റെ വിശദീകരണത്തില്‍ നിന്നും മനസിലായി. അദ്ദേഹം അതിനുവേണ്ടി നില്‍ക്കുകയാണ്. അദ്ദേഹം അതിനെതിരായ വിമര്‍ശനങ്ങളെ മറികടക്കുന്നതിനുവേണ്ടിയുള്ള ബദല്‍ ആര്‍ഗ്യുമെന്റുകള്‍ ശേഖരിച്ചാണ് ഇവിടേയ്ക്ക് വന്നിരിക്കുന്നത്. അദ്ദേഹം അതിന്റെ വക്താവാണ് എന്നുള്ളതാണ് നമുക്ക് കാണാന്‍ സാധിക്കുന്നത്.
ഇന്ത്യയുടെ ഭരണഘടന വളരെ കൃത്യമായി സെപ്പറേഷന്‍ ഓഫ് പവേഴ്സിനെക്കുറിച്ച് പറയുന്നുണ്ട്. അതൊരു കോണ്‍സ്റ്റിറ്റിയൂഷണല്‍ സേഫ്ഗാര്‍ഡാണ്. സാധാരണക്കാരായ പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയുള്ള മെക്കാനിസമാണ്. നമ്മുടെ ലെജിസ്ലേച്ചര്‍, എക്സിക്യൂട്ടീവ്, ജുഡീഷ്യറി, സെപ്പറേഷന്‍ ഓഫ് പവേഴ്സ് നമുക്കറിയാം. അതുപോലെ എക്സിക്യൂട്ടീവില്‍ പൊളിറ്റിക്കല്‍ എക്സിക്യൂട്ടീവ്, ബ്യൂറോക്രാറ്റിക് എക്സിക്യൂട്ടീവ്, ബ്യൂറോക്രസിക്കുള്ളില്‍ വിവിധ തലങ്ങളിലുള്ള അധികാര വികേന്ദ്രീകരണങ്ങള്‍ ഇതെല്ലാം ഒരു സന്തുലനത്തിന്റെ അടിസ്ഥാനത്തിലാണ് പോകുന്നത്.
ചെക്ക്സ് ആന്റ് ബാലന്‍സാണ് ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം. അതിനെ അട്ടിമറിക്കുന്ന ഒരു സമീപനത്തിലേക്ക് ഇത് പോകുമോ എന്നതാണ് ഏറ്റവും ഗുരുതരമായ ആശങ്കയായി ഉയര്‍ന്നിട്ടുള്ളത്.
നമ്മുടെ പൊലീസിന്റെ ചരിത്രം നമുക്കറിയാം. കമ്മ്യൂണിസ്റ്റുകളെല്ലാം ഒരുകാലത്ത് പൊലീസിനെ വിശേഷിപ്പിച്ചിരിക്കുന്നത് ഭരണകൂടത്തിന്റെ മര്‍ദ്ദനോപകരണം എന്നാണ്. ആ കാഴ്ചപ്പാട് അവര്‍ ഉപേക്ഷിച്ചോയെന്ന് അറിയില്ല. പക്ഷേ പ്രയോഗതലത്തില്‍ എവിടെയെല്ലാം അധികാരം ലഭിക്കുന്നുണ്ടോ അവിടെയെല്ലാം പൊലീസിന് കൂടുതല്‍ മര്‍ദ്ദനം നടത്താനുള്ള അവസരങ്ങള്‍ ഒരുക്കിക്കൊടുക്കുക, അതിനുള്ള അധികാരങ്ങള്‍ പകര്‍ന്നുനല്‍കുക എന്നുള്ള സമീപനം സ്വീകരിക്കുന്നതായാണ് കാണുന്നത്.
നമ്മുടെ പൊലീസ് ഇപ്പോഴും ഒരു കോളോണിയല്‍ ഹാങ്ഓവറില്‍ നില്‍ക്കുകയാണ്. ബ്രിട്ടീഷുകാര്‍ സ്വന്തം നാട്ടിലെ പൊലീസ് സംവിധാനമല്ല ഇന്ത്യ പോലെയുള്ള കോളനികളില്‍ ആരംഭിച്ചതെന്ന് നമുക്കറിയാം. മറിച്ച് ഐറിഷ് കോണ്‍സ്റ്റാബുലറി മാതൃകയിലാണ്. ഇന്ത്യയടക്കമുള്ള കൊളോണിയല്‍ രാജ്യങ്ങളില്‍ ബ്രിട്ടീഷുകാര്‍ പൊലീസ് സംവിധാനത്തെ രൂപപ്പെടുത്തിയത്. അതായത് ജനങ്ങളെ മുന്‍കൂട്ടി തന്നെ ശത്രുപക്ഷത്ത് നിര്‍ത്തുകയാണ്.
ഇവര്‍ സ്റ്റേറ്റിനെ അട്ടിമറിക്കാന്‍ വരുന്ന ആളുകളാണെന്നുള്ള ഒരു മുന്‍വിധിയിലാണ് പൊലീസ് സംവിധാനം തന്നെ കെട്ടിപ്പടുക്കപ്പെട്ടിരിക്കുന്നത്. ആ സംശയമാണ് മിണ്ടിയാലുടന്‍ ജനങ്ങളുടെമേല്‍ കുതിര കയറുന്ന ഒരു സ്ഥിതിയിലേക്ക് പൊലീസിനെ നയിച്ചുകൊണ്ടിരിക്കുന്നത്. ഇതിനൊരു പരിഹാരമുണ്ടാകണം എന്നുള്ളതുകൊണ്ടാണ് ഒരു സിവിലിയന്‍ അതോറിറ്റി, യൂണിഫോംഡ് അല്ലാത്ത ഓഫീസര്‍ മജിസ്റ്റീരിയല്‍ അധികാരങ്ങള്‍ ഉപയോഗിക്കണമെന്നുള്ള സങ്കല്പം ഉയര്‍ന്നത്.
ഞാന്‍ നേരത്തെ പറഞ്ഞതുപോലെ ഭരണഘടനയുടെ സേഫ്ഗാര്‍ഡാണത്. അത് ഇല്ലാതായാല്‍ ഉണ്ടാകാവുന്ന അപകടമാണ് ഇവിടെ ചര്‍ച്ചയാകുന്നത്. വളരെ വിപുലമായ അധികാരങ്ങള്‍ പൊലീസിന് നല്‍കാനാണ് ഇതിലൂടെ തീരുമാനിക്കപ്പെടുന്നത്. മുഖ്യമന്ത്രി ഇപ്പോള്‍, കമ്മീഷണറേറ്റുകള്‍ രൂപീകരിക്കുന്നു, അധികാരങ്ങള്‍ നല്‍കിയിട്ടില്ല, നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതേയുള്ളൂ എന്നാണ് പറയുന്നത്.
ഇത് ഒട്ടകത്തിന് ഇടംകൊടുക്കുന്നതുപോലെയാണ്. ആദ്യം കമ്മീഷണറേറ്റ് രൂപീകരിക്കും, പിന്നെ ഒന്നോ രണ്ടോ അധികാരങ്ങള്‍ കൊടുക്കും. പിന്നീട് അത് ഏത് തലത്തില്‍ ചെന്നെത്തി നില്‍ക്കുമെന്ന് നമുക്കറിയാം. ഇവിടെ പറഞ്ഞ ഐ.പി.എസ് ലോബിയുടെ സമ്മര്‍ദ്ദം എല്ലാകാലത്തുമുണ്ടായിരുന്നു. ഇന്നും ഇന്നലെയുമല്ല. മുഖ്യമന്ത്രി പറഞ്ഞത് അക്കാര്യത്തില്‍ ശരിയാണ്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തും അതിനു മുമ്പ് ശ്രീ കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര വകുപ്പുമന്ത്രിയായിരുന്ന സമയത്തുമെല്ലാം ഈ ലോബിയുടെ ആവശ്യം ശക്തമായിരുന്നു. അതിന്റെ പേരില്‍ അന്നത്തെ സര്‍ക്കാറുകള്‍ മുന്നോട്ട് പോയില്ല.
പക്ഷേ ഈ സര്‍ക്കാറിന് ജനവികാരത്തെ ഭയമില്ല. വലിയ ഇച്ഛാശക്തിയുള്ള ആളാണ്. ഇരട്ടച്ചങ്കുള്ള നേതാവാണ്. അതുകൊണ്ടുതന്നെ ജനവികാരം ഞങ്ങള്‍ക്ക് പ്രശ്നമല്ല എന്നു പറഞ്ഞുകൊണ്ട് ഈ ഗവണ്‍മെന്റ് മുന്നോട്ടുപോകുന്നതാണ് നമുക്ക് കാണാന്‍ സാധിക്കുന്നത്. എന്തെല്ലാം അധികാരങ്ങളാണ് കൊടുക്കുന്നത്. സി.ആര്‍.പി.സി സെക്ഷന്‍ 102.107.109,110 ഞാന്‍ അതിലേക്ക് കടന്നുപോകുന്നില്ല, 133, 144, 145, ആളുകളെ നല്ല നടപ്പിന് വിടാന്‍, ജാമ്യത്തിന് വിടാന്‍, വിളിച്ചുവരുത്താന്‍, സമന്‍സ് ചെയ്യാന്‍ ഇതിനെല്ലാമുള്ള അവകാശം പൊലീസിലേയ്ക്ക് പോകുകയാണ്. ഇന്ന് പോയില്ലെങ്കില്‍ നാളെ പോകുമെന്നുള്ളത് നൂറുശതമാനം ഉറപ്പാണ്.
കസ്റ്റഡി മരണങ്ങളുണ്ടാകുമ്പോള്‍ ഇന്‍ക്വസ്റ്റ് നടത്താനുള്ള അധികാരം പോലും പൊലീസിലേയ്ക്ക് പോയാല്‍ എന്തായിരിക്കും നമ്മുടെ നാടിന്റെ അവസ്ഥയെന്ന് നമുക്ക് അറിയാം. കാപ്പ ആക്ട് ആര്‍ക്കൊക്കെ എതിരെ ചുമത്തണം, ഗുണ്ടാ നിയമങ്ങള്‍, എക്സ്പ്ലോസീവ് ലൈസന്‍സ്, തോക്ക് കൈവശം വയ്ക്കാനുള്ള ലൈസന്‍സ് ഇതൊക്കെ ഇന്നല്ലെങ്കില്‍ നാളെ പൊലീസിലേയ്ക്ക് പോയാല്‍ എന്തായിരിക്കും ഈ നാട്ടിലെ സാധാരണക്കാരന്റെ ജീവനും സ്വത്തിനുമുള്ള സംരക്ഷണമെന്നുള്ളത് നമുക്കറിയാം.
ഇവിടെയാണ് ഞാന്‍ നേരത്തെ പറഞ്ഞത് വാദിയും വിധികര്‍ത്താവും ഒരാളായി മാറുകയാണ്. സി.ആര്‍.പി.സി.യിലെ ഞാന്‍ നേരത്തെ സൂചിപ്പിച്ച സെക്ഷന്‍സിന്റെ നടത്തിപ്പില്‍ പൊലീസ് കക്ഷിയാണ്, വാദിയാണ്. അതുകൊണ്ടാണ് പൊലീസില്‍ നിന്നും വ്യത്യസ്തമായ ഒരാള്‍ മജിസ്റ്റീരിയല്‍ അധികാരം ഉപയോഗിക്കണമെന്ന് പറയുന്നത്. ഈ സെക്ഷന്‍സ് നടപ്പിലാക്കുന്ന താഴേക്കിടയിലുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ മേലധികാരിയായിട്ടുള്ള കമ്മീഷണര്‍ മജിസ്റ്റീരിയല്‍ അധികാരവുമായി കടന്നുവരുമ്പോള്‍ എന്തായിരിക്കും അവസ്ഥയെന്ന് നമുക്കറിയാം.
ഇപ്പോള്‍ തന്നെ കമ്മീഷണര്‍മാരും ഉന്നത ഉദ്യോഗസ്ഥരുമാണ് താഴേത്തട്ടിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ടാര്‍ഗറ്റ് തിരിച്ച് നല്‍കുന്നത്. എത്രയാളെ കരുതല്‍ തടങ്കലില്‍ വയ്ക്കണം, ഇപ്പോള്‍ ട്രാഫിക്കിലൊക്കെയുണ്ട് എത്രയാളുകളെ ഹെല്‍മറ്റ് ധരിക്കാത്തതിന് പിടികൂടണം എന്നൊക്കെ, ഈ നിലയില്‍ നാളെ എത്രപേര്‍ക്ക് കാപ്പ ചുമത്തണമെന്ന് കമ്മീഷണര്‍ തീരുമാനിക്കും.
കമ്മീഷണറുടെ തീരുമാനം താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥന്മാര്‍ നടപ്പിലാക്കും, അതിന്റെ അപ്പീലുമായി കമ്മീഷണറുടെ അടുത്തേയ്ക്ക് തന്നെ ചെല്ലേണ്ട അവസ്ഥയിലേയ്ക്ക് കാര്യങ്ങള്‍ മാറും. ഇത് വലിയ മനുഷ്യാവകാശ ലംഘനത്തിലേയ്ക്ക് നയിക്കും.
ഇവിടെ ബഹമുാനപ്പെട്ട മുഖ്യമന്ത്രി പല കാര്യങ്ങളും പറഞ്ഞു. എവിടെയാണ് ഈ സിസ്റ്റം വിജയകരമായി നടപ്പാക്കിയിട്ടുള്ളത്. അദ്ദേഹം ഇന്ത്യയുടെ കാര്യവും വിവിധ സംസ്ഥാനങ്ങളുടെ കാര്യവും പറഞ്ഞു. ലോകത്തുതന്നെ ആധുനിക രാജ്യങ്ങളുടെ കണക്കെടുത്ത് നോക്കാം. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഇപ്പോള്‍ ലോകരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നയാളാണ്, നല്ല കാര്യമാണ്. അദ്ദേഹം പോയിട്ടുള്ള ഏതെങ്കിലും ആധുനിക വികസിത രാജ്യത്ത്, ജനാധിപത്യവും മനുഷ്യാവകാശങ്ങളും നിലനില്‍ക്കുന്ന ഏതെങ്കിലും രാജ്യത്ത്, യൂറോപ്യന്‍ യൂണിയനിലെ ഏതെങ്കിലും രാജ്യത്ത് ഈ അവകാശമുണ്ടോ?
പ്രിവന്റീവ് ഡിറ്റെന്‍ഷനുള്ള അവകാശം പൊലീസിന് നല്‍കിയിട്ടുള്ള ഏത് രാജ്യമാണുള്ളത്? ആസ്ത്രേലിയയിലോ, കാനഡയിലോ, അമേരിക്കയിലോ ഉണ്ടോ? ഉള്ളത് ആഫ്രിക്കയിലെ സബ് സഹാറന്‍ രാജ്യങ്ങളിലാണ്. ബംഗ്ലാദേശിലും ശ്രീലങ്കയിലും പാക്കിസ്ഥാനിലും പിന്നെ സ്വാഭാവികായി കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലുമുണ്ട്. ചൈനയും ക്യൂബയും ഉത്തരകൊറിയയുമാണ് ഇവരുടെ മാതൃകകളായി മാറുന്നത്. കേരളം നമ്പര്‍ വണ്‍ അല്ലേ. ഈ അധികാരമൊന്നും പൊലീസിന് നല്‍കാതെ തന്നെ ക്രമസമാധാന രംഗത്ത് കേരളം നമ്പര്‍ വണ്‍ ആണെന്നല്ലേ നമ്മുടെ അവകാശവാദം. അത് നിലനില്‍ക്കുമ്പോള്‍ എന്തിനാണ് ഈ സിസ്റ്റത്തെ അട്ടിമറിക്കുന്നത്? ഏത് ആധികാരികമായ പഠനത്തിന്റെ അടിസ്ഥാനത്തിലാണ്?
അദ്ദേഹം പറഞ്ഞതൊക്കെ ശിപാര്‍ശകളാണ്. പൊലീസുകാര്‍ പൊലീസുകാര്‍ക്കുവേണ്ടി നല്‍കുന്ന ശിപാര്‍ശകള്‍, മുന്‍ പൊലീസ് ഉദ്യോഗസ്ഥന്മാര്‍ നല്‍കുന്ന ശിപാര്‍ശകളാണോ സ്വീകരിക്കേണ്ടത്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ എല്ലാവര്‍ഷവും റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുന്നുണ്ട്. ആ റിപ്പോര്‍ട്ടില്‍ ഇന്ത്യയില്‍ എവിടെയെങ്കിലും കമ്മീഷണറേറ്റ് നടപ്പാക്കിയതിന്റെ പേരില്‍ ക്രൈം കുറഞ്ഞു എന്ന് തെളിയിക്കാന്‍ സാധിക്കുമോ? അദ്ദേഹം പറഞ്ഞു, നഗര പ്രദേശങ്ങളിലെ ക്രൈം വര്‍ധിക്കുന്നുണ്ട്. കമ്മീഷണറേറ്റുകള്‍ രൂപീകരിച്ച സ്ഥലങ്ങളില്‍ കൂടുതല്‍ വര്‍ധിക്കുന്നതായിട്ടാണ് കാണാന്‍ സാധിക്കുന്നത്.
ഇന്ത്യയില്‍ തന്നെ കാശ്മീര്‍, പഞ്ചാബ്, മണിപ്പൂര്‍ പോലുള്ള സംസ്ഥാനങ്ങളിലാണ് ഇത്തരത്തിലുള്ള പ്രിവന്റീവ് ഡിറ്റെന്‍ഷനുള്ള അധികാരങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. കേരളം ഒരു വെല്‍ഫെയര്‍ സ്റ്റേറ്റാണ്. ആ സംസ്ഥാനങ്ങളെപ്പോലെ സെക്യൂരിറ്റി സ്റ്റേറ്റ് അല്ല. വളരെ സമാധാനപരമായി മുന്നോട്ടുപോകുന്ന നാട്ടില്‍ എന്തിനാണ് ഇത്ര ധൃതിപിടിച്ച് ഇങ്ങനെയൊരു സംവിധാനമേല്‍പ്പെടുത്തുന്നതെന്നാണ് എനിക്ക് ചോദിക്കാനുള്ളത്. ഇത് കോടതിയുടെ പരിഗണനയിലാണ്.
ബഹുമാനപ്പെട്ട സുപ്രീം കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട കേസ് നടക്കുകയാണ്. ദല്‍ഹി പൊലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കുന്ന തീരുമാനത്തിനെതിരെ ശ്രീ അല്‍ഡാനിഷ് റെയ്ന്‍ എന്ന അഭിഭാഷകന്‍ നല്‍കിയ കേസില്‍ സി.ആര്‍.പി.സി 107, 111,116 ഇവയൊക്കെ ചലഞ്ച് ചെയ്തിരിക്കുകയാണ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളോടും അവര്‍ അഭിപ്രായം ചോദിച്ചിട്ടുണ്ട്.
കേരളം അതില്‍ പത്തൊന്‍പതാമത്തെ കക്ഷിയാണ്, കേരളം അക്കാര്യത്തില്‍ അഭിപ്രായത്തില്‍ പറയാനിരിക്കുകയാണ്, പറഞ്ഞു കഴിഞ്ഞോയെന്ന് എനിക്ക് അറിയില്ല. അതില്‍ ഒരു അന്തിമ തീരുമാനം വരുന്നതുവരെ ഈ കാര്യത്തില്‍ അവധാനതയോടെ കാത്തിരിക്കാനെങ്കിലും ഗവണ്‍മെന്റ് തയ്യാറാകേണ്ട. ഈ കേസ് അഡ്മിറ്റ് ചെയ്യുന്ന സമയത്ത് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വളരെ പ്രസക്തമായി എടുത്തു ചോദിച്ചു, can police officers act as an Excutive Magistrate, certainly not, കോടതിയുടെ സുചിന്തിതമായ അഭിപ്രായമാണ്, അന്തിമ വിധി വരാനിരിക്കുന്നതേയുള്ളൂ.
അങ്ങനെ പൊലീസ് ഓഫീസേഴ്സ് എക്സിക്യുട്ടീവ് മജിസ്ട്രേറ്റിന്റെ അധികാരം ഉപയോഗിക്കരുത്,certainly not, എന്ന കൃത്യമായ നിലപാടാണ് കോടതി ഇക്കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്നത്. ആരെയാണ് ഇത് ഏല്‍പ്പിക്കാന്‍ പോകുന്നത്. ഇപ്പോള്‍ തന്നെ കമ്മീഷണര്‍ാരെ വെച്ചല്ലോ? അവരുടെ ട്രാക്ക് റെക്കോര്‍ഡ് എന്താണ്? ഹ്യൂമണ്‍ റൈറ്റ്സ് വയലേഷന്റെ കാര്യത്തില്‍ വളരെ നൊട്ടോറിയസായ ആളുകളാണ് കമ്മീഷണര്‍മാരേയും ഉന്നത പൊലീസ് ഉദ്യോഗസ്ഥന്മാരായും പലസ്ഥലത്തും ഇരിക്കുന്നത്.
എറണാകുളത്തെ കമ്മീഷണര്‍ വിജയ്‌സാക്കറെ, ഞാന്‍ പേരെടുത്ത് പറയുകയാണ്, എന്റെ ജില്ലയായ പാലക്കാട് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഷീലാ കൊലക്കേസിലെ പ്രതിയായ സമ്പത്തിനെ കൊലപ്പെടുത്തിയ കേസില്‍ ആരോപണവിധേയനാണ്. പൊലീസ് തന്നെ അന്വേഷണം നടത്തുന്നതുകൊണ്ട് മറ്റ് നടപടിയിലേക്ക് കടന്നിട്ടില്ല. സമ്പത്തിന്റെ മൃതശരീരത്തില്‍ ഒരു ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ബാറ്റണ്‍ കൊണ്ടുള്ള മുറിവുണ്ടായിരുന്നുവെന്ന് കൃത്യമായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
കമ്മീഷണറേറ്റുകള്‍ രൂപീകരിക്കുന്ന തീരുമാനത്തിനോടൊപ്പം ഇത്തരത്തിലുള്ള പല പോസ്റ്റിങ് ആന്റ് ട്രാന്‍സ്ഫര്‍ ഈ ഗവണ്‍മെന്റ് ഒരു പാക്കേജായിട്ടാണ് നടത്തിയത്. അതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സേനയില്‍ അച്ചടക്കരാഹിത്യമുണ്ടെന്ന് ഞങ്ങള്‍ പറയുന്നത്. അതാണ് നോട്ടീസില്‍ പറയുന്നത്. ഈ വിഷയത്തിന്റെ ഭാഗമായി അതിന്റെ തുടര്‍ച്ചയായിട്ടാണ് പറയുന്നത്.
എന്തൊക്കെയാണ് കേരളത്തിലെ സംഭവ വികാസങ്ങള്‍? ശ്രീജിത്ത് എന്ന ചെറുപ്പക്കാരന്‍ വീട്ടില്‍ കിടന്നുറങ്ങുമ്പോഴാണ് എസ്.പിയുടെ നേതൃത്വത്തില്‍ നിയമവിരുദ്ധമായുണ്ടാക്കിയ ഒരു സ്‌ക്വാഡിലെ അംഗങ്ങള്‍ അദ്ദേഹത്തെ പിടിച്ചുകൊണ്ട് പോയി കൊലപ്പെടുത്തിയത്. വിനായകന്‍ എന്ന പട്ടിക വര്‍ഗ വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ ഞാനടക്കം പോയതാണ്. മുടി നീട്ടി വളര്‍ത്തിയതിന്റെ പേരിലാണ് ആ വിദ്യാര്‍ത്ഥിയെ പൊലീസ് മര്‍ദ്ദിക്കുകയും അതിന്റെ വിഷമത്തില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്യുകയും ചെയ്തത്. ഇങ്ങനെയുള്ള പ്രൊസീജിയറിലാണ് പൊലീസ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.
കെവിന്റെ കാര്യത്തില്‍ നമുക്കറിയാം കൊലയാളികള്‍ക്ക് സൈ്വര്യവിഹാരം നടത്താനുള്ള അവസരം ഒരുക്കി പൊലീസ് മുഖ്യമന്ത്രിക്ക് എസ്‌കോര്‍ട്ട് പോയിരിക്കുകയായിരുന്നു. ഒരു എ.ഡി.ജി.പിയുടെ മകള്‍ കീഴുദ്യോഗസ്ഥനായ സാധാരണ പൊലീസുകാരനെ മര്‍ദ്ദിച്ചവശനാക്കി കൊല്ലാറാക്കി. ഒരു നടപടിയുമുണ്ടായില്ല. ഒരു സി.ഐ ഈ ദിവസങ്ങളില്‍ മാനസിക സമ്മര്‍ദ്ദം സഹിക്കാന്‍ വയ്യാതെ നാട് വിട്ട് തമിഴ്‌നാട്ടിലേക്ക് ഒളിച്ചോടി പോയി. ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയെ പൊലീസിലെ തന്നെ മറ്റൊരാള്‍ നടുറോട്ടില്‍ ആളുകള്‍ കണ്ടു നില്‍ക്കുമ്പോള്‍ തീ കൊളുത്തി കൊന്നു. ഇത് ചര്‍ച്ച ചെയ്യേണ്ടേ?
ഈ അച്ചടക്ക രാഹിത്യത്തിലേക്ക് വഴി തെളിക്കുന്ന പോലീസിനെയാണ് കൂടുതല്‍ അധികാരങ്ങള്‍ നല്‍കി ഈ സര്‍ക്കാര്‍ ശക്തിപ്പെടുത്തുന്നത് എന്നാണ് ഞങ്ങളുടെ വിഷയം. ഈ ഗവണ്‍മെന്റ് വന്നതിന് ശേഷമുള്ള മൂന്ന് വര്‍ഷത്തില്‍ 23 കൊലപാതകങ്ങള്‍ പൊലീസിന്റെ പങ്കാളിത്തത്തില്‍ നടന്നിട്ടുണ്ട്. സ്റ്റേറ്റ് പൊലീസ് ചീഫ് മനുഷ്യാവകാശ കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടില്‍ അറുപതിലേറെ പൊലീസുകാര്‍ കസ്റ്റഡികൊലപാതകവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരാണെന്ന് സമ്മതിച്ചിട്ടുണ്ട്.
ഈ ഗവണ്‍മെന്റിന്റെ കാലത്തല്ലെ മാവോയിസ്റ്റ് വേട്ടകളുണ്ടായത് ? മൂന്ന് കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ പ്രവര്‍ത്തകരെയല്ലേ കമ്മ്യൂണിസ്റ്റ ഗവണ്‍മെന്റ് എന്ന് അവകാശപ്പെടുന്ന ഇവര്‍ വെടിവെച്ച് കൊന്നത്. ഫേക്ക് എന്‍കൗണ്ടറുകള്‍ കേരളത്തില്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം തിരിച്ചുവന്നത് പിണറായി വിജയനെന്ന ഇദ്ദേഹം കേരളത്തിലെ മുഖ്യമന്ത്രിയായതിന് ശേഷമല്ലേ?
സി.പി.ഐ മുണ്ടുടുത്ത മോദിയെന്നു വിശേഷിപ്പിക്കുന്നു. പക്ഷേ അത് ശരിവെയ്ക്കുന്ന രീതിയില്‍ ഗുജറാത്ത് മോഡല്‍ പൊലീസിംഗാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നതെന്നാണ് നമുക്ക് കാണാന്‍ കഴിയുന്നത്. സി.പി ജലീലിനെ വെടിവെച്ചുകൊന്നു. അദ്ദേഹത്തില്‍ നിന്നും കണ്ടെടുത്ത തോക്ക് കണ്ടാല്‍ കഷ്ടം തോന്നും. ഒരു വെടി ഇങ്ങോട്ടുവെച്ചാല്‍ അങ്ങോട്ടു തന്നെ പോകുന്ന തോക്കാണ്. ഒരു വെടിവെച്ചശേഷം രണ്ടാമതൊന്ന് ലോഡ് ചെയ്യണമെങ്കില്‍ നാല് മണിക്കൂര്‍ എടുക്കും. ആ തോക്ക് വച്ചുകൊണ്ട് സി.പി ജലീല്‍ പൊലീസിനെ അറ്റാക്ക് ചെയ്തുവെന്ന് പറഞ്ഞ് ഫെയ്ക്ക് എന്‍കൗണ്ടര്‍ നടപ്പാക്കി വെടിവെച്ച് കൊല്ലുന്ന പൊലീസിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിയാല്‍ എന്തായിരിക്കും അവസ്ഥ?
മാവോയിസ്റ്റ് ആകുന്നത് ഒരു ക്രൈം ആണോ? ഇറ്റ് ഈസ് നോട്ട് എ ക്രൈം ഇറ്റ്സല്‍ഫ് എന്ന് കോടതി തന്നെ പറഞ്ഞിട്ടുണ്ട്. മാവോയിസ്റ്റ് സാഹിത്യം വായിച്ചാല്‍ മുദ്രാവാക്യം മുഴക്കിയാല്‍ ഉടന്‍ വെടിവെച്ചുകൊല്ലാമോ? മാവോയിസത്തെ ഒരു ആശയമെന്ന നിലയില്‍ ഞങ്ങള്‍ അംഗീകരിക്കുന്നില്ല. എന്നാല്‍ മാവോയിസ്റ്റാണെന്ന് പറഞ്ഞ് ആളുകളെ വെടിവെച്ചുകൊല്ലാന്‍ സര്‍ക്കാറിന് എന്തധികാരം?
സി.പി ജലീലിന്റെ മരണവുമായി ബന്ധപ്പെട്ട് മജിസ്റ്റീരിയല്‍ അന്വേഷണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഉത്തരവ് 760/2019 തിയ്യതി 11/3/19 സി.ആര്‍.പി.സി സെക്ഷന്‍ 176 അനുസരിച്ച് കളക്ടര്‍ അന്വേഷിക്കുമെന്ന ഉത്തരവാണ് എന്റെ കയ്യിലുള്ളത്. ആ അധികാരം കൂടി നാളെ കളക്ടര്‍മാരില്‍ നിന്നെടുത്തുമാറ്റി കമ്മീഷണര്‍മാര്‍ക്ക് നല്‍കുന്ന സാഹചര്യം ഉണ്ടാകുമോ എന്നതില്‍ ഉറപ്പില്ല.
ഈ നിയമവകുപ്പിന്റെ തടസ്സമുണ്ടായിരുന്നു. അങ്ങ് പറഞ്ഞതുപോലെയല്ല. നിയമവകുപ്പ് സെക്രട്ടറി വളരെ കൃത്യമായി ഇതിനെതിരെ റിപ്പോര്‍ട്ട് നല്‍കിയതാണ്. കൊച്ചി, തിരുവനന്തപുരം മജിസ്റ്റീരിയല്‍ ഏരിയയാണ് പ്രഖ്യാപിക്കാനുള്ള ജനസംഖ്യ അവിടെയില്ല. കെ.പി ആക്ടില്‍ (കേരള പൊലീസ് ആക്ട്) അത് ഡിഫൈന്‍ ചെയ്തിട്ടില്ല. സ്വഭാവികമായി സി.ആര്‍.പി.സിയിലെയും ഐ.പി.സി.യിലെയും ഡെഫനിഷനെടുക്കണം. സി.ആര്‍.പി.സിയില്‍ പറയുന്നത് പത്ത് ലക്ഷം ആളുകളുള്ള സ്ഥലങ്ങളെ മാത്രമേ മെട്രോപൊളിറ്റന്‍ ഏരിയയായി ഡിഫൈന്‍ ചെയ്യാന്‍ കഴിയുവെന്നാണ്.
നിയമവകുപ്പിന്റെ തടസ്സം മറികടക്കുന്നതിനുവേണ്ടി എത്ര അപഹാസ്യമായ രീതിയിലാണ് ഈ ഗവണ്‍മെന്റ് മുന്നോട്ടു പോയത്. നിയമ വകുപ്പു സെക്രട്ടറി വിരമിച്ചശേഷം പുതിയ നിയമവകുപ്പു സെക്രട്ടറി വരുന്നതിനു മുമ്പ് ധൃതിപിടിച്ച് ഇങ്ങനെയൊരു തീരുമാനം എടുക്കുന്നതിന്റെ പിറകിലുള്ള ലക്ഷ്യമെന്താണ്. ആഭ്യന്തര വകുപ്പ് സെക്രട്ടറി ലീവിലായിരുന്നു. ചീഫ് സെക്രട്ടറി ദല്‍ഹിയില്‍ ഒരു കോണ്‍ഫറന്‍സിന് പോകുന്ന സമയത്ത് വളരെ ധൃതിപിടിച്ച് ഇരുട്ടിന്റെ മറവില്‍ ഇങ്ങനെയൊരു തീരുമാനമെടുത്തത് ഈ നാട്ടിലെ ഐ.പി.എസ് ലോബിയുടെ താല്‍പര്യത്തിന് ഗവണ്‍മെന്റ് വഴങ്ങുന്നു എന്നതുകൊണ്ടാണ്.
ലോകം മുഴുവന്‍ ഇതുപോലുള്ള സംഭവങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടക്കുകയാണ്. ഹോങ്കോങ്ങില്‍ കഴിഞ്ഞ ആഴ്ച വരെ പ്രക്ഷോഭം നടക്കുകയായിരുന്നു. ബ്രിട്ടന്റെ നേതൃത്വത്തില്‍ വലിയ തോതിലുള്ള നിയമവാഴ്ച അനുഭവിച്ച ആ രാജ്യത്ത് ചൈനയ്ക്ക് അധികാരം കൈമാറിയതോടുകൂടി ചൈനയുടെ തോന്നാസ്യം നടക്കുമെന്ന ആശങ്കയില്‍ ആ രാജ്യത്തെ ഏറ്റവും വലിയ ജനകീയ പ്രക്ഷോഭം അവിടെ ഉയര്‍ന്നപ്പോള്‍ സര്‍ക്കാരിന് മുട്ടുമടക്കേണ്ടി വന്നുവെന്ന് നമുക്ക് കാണാന്‍ സാധിക്കും.
ഞങ്ങളൊക്കെ നിയമവിദ്യാര്‍ത്ഥികളെന്ന നിലയില്‍ പഠിച്ച ഒരു കേസ് എ.കെ ഗോപാലന്‍ സ്റ്റേറ്റ് ഓഫ് മദ്രാസ് എന്ന കേസാണ്. എ.കെ ഗോപാലന്റെ രാഷ്ട്രീയ പിന്മുറക്കാര്‍ എന്ന് അവകാശപ്പെടുന്ന ഇവര്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ പാരമ്പര്യത്തെ അട്ടിമറിച്ചിരിക്കുകയാണ്. 1950 ല്‍ ഇന്ത്യന്‍ ഭരണഘടന രൂപീകൃതമായി തൊട്ടടുത്ത സമയത്ത് ഭരണഘടനയുടെ ഏറ്റവും നിര്‍ണ്ണായകമായ വകുപ്പ് ആര്‍ട്ടിക്കിള്‍ 21 Right to life and personal libetry ആര്‍ട്ടിക്കിളുമായി ബന്ധപ്പെട്ട ഈ നിയമവ്യവഹാരം ഉയര്‍ന്നുവന്നത്.അതില്‍ ഉയര്‍ന്നുവന്നത് പ്രിവന്റീവ് ഡിറ്റെന്‍ഷനെക്കുറിച്ചുള്ള വിഷയമായിരുന്നു.
എ.കെ ഗോപാലന്‍ ഫൈറ്റ് ചെയ്ത ആ പ്രിവന്റീവ് ഡിറ്റെന്‍ഷന് വേണ്ടിയാണ് ശ്രീ പിണറായി വിജയന്‍ ഇന്ന് നില്‍ക്കുന്നത്. മണ്‍മറഞ്ഞുപോയ നേതാവിനോട് യഥാര്‍ത്ഥത്തില്‍ അവഹേളനം കാണിക്കുന്നത് ഇന്നത്തെ കമ്മ്യൂണിസ്റ്റ് നേതാക്കന്മാരും ഈ സര്‍ക്കാറുമാണ്. അതുകൊണ്ട് വലിയ മനുഷ്യാവകാശ ലംഘനത്തിലേയക്ക് നയിക്കുമെന്ന് ഉറപ്പുള്ള വിഷയം ഈ നാട്ടിലെ സാധാരണക്കാരുടെ സ്വാതന്ത്ര്യം പൊലീസ് ഏമാന്‍മാരുടെ സൗജന്യമാക്കി ഭാവിയില്‍ മാറ്റാന്‍ ഇടവരുത്തുന്ന ഗുരുതരമായ സാഹചര്യം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ഞാന്‍ ആവശ്യപ്പെടുകയാണ്.