കൊച്ചി: കോണ്‍ഗ്രസ് സമരത്തിനിടെയുണ്ടായ അക്രമ സംഭവത്തില്‍ നടന്‍ ജോജു ജോര്‍ജിനെതിരെ വിമര്‍ശനവുമായി മുന്‍ എം.എല്‍.എ വി.ടി. ബല്‍റാം. ജോജു ജോര്‍ജിന്റെ രാഷ്ട്രീയം തങ്ങള്‍ക്ക് കൃത്യമായി അറിയാമെന്നും ഇതിന്റെ പിന്നില്‍ എന്തെങ്കിലും ഗൂഢാലോചനയണ്ടോ എന്ന് സംശയിക്കന്നതായും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസിലെ കൗണ്ടര്‍ പോയിന്റ് ചര്‍ച്ചയിലായിരുന്നു വി.ടി. ബല്‍റാമിന്റെ പ്രതികരണം.
മെഡിക്കല്‍ എമര്‍ജന്‍സി അവിടെ ഉണ്ടായിരുന്നെങ്കില്‍ അത് സൗഹാര്‍ദപൂര്‍വം പരിഹരിക്കാമായിരുന്നു. എന്തിനാണ് ഇങ്ങനെയൊരു പ്രതികരണവുമായി ജോജു വന്നത്. മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ സമരമാണെങ്കില്‍ ഇങ്ങനെയുണ്ടാകുമായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു.
‘ജോജു ജോര്‍ജിന്റെ രാഷ്ട്രീയം ഞങ്ങള്‍ക്ക് കൃത്യമായി അറിയാം. അദ്ദേഹം കഴിഞ്ഞ കാലങ്ങളില്‍ എങ്ങനെയാണ് നിലപാടെടുത്തതെന്ന് അറിയാം. നിയമസഭാ തെരഞ്ഞെടുപ്പിലൊക്കെ നിരന്തരം സി.പി.ഐ.എമ്മിന് വേണ്ടി പ്രചരണം നടത്തിയ ആളായിരുന്നു. അങ്ങനെയുള്ള ഒരാള്‍ കോണ്‍ഗ്രസ് സമരത്തില്‍ കയറി പ്രതിഷേധമുണ്ടാക്കുമ്പോള്‍ അത് സദുദ്ദേശപരമാണ് എന്ന് ആര്‍ക്കും തോന്നില്ല. അതുകൊണ്ടായിരിക്കും അവിടെ പ്രശ്‌നങ്ങളുണ്ടായത്,’ വി.ടി. ബല്‍റാം പറഞ്ഞു.
ദേശീയപാത ഉപരോധം എന്ന് പ്രത്യേകം പേരിട്ട് തന്നെയാണ് കോണ്‍ഗ്രസ് സമരം നടത്തിയത്. പൊലീസിന്റെ അംഗീകാരത്തോടെയായിരുന്നു സമരം. അവിടെ ജോജു ജോര്‍ജ് കടന്നുവന്ന് പ്രതികരിച്ചതും അദ്ദേഹത്തിന്റെ ശരീര ഭാഷയുമൊക്കെ മാന്യമല്ലാത്ത രീതിയിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.