'കേരളരാഷ്ട്രീയത്തിലെ ദുര്‍മ്മേദസിന് വിശ്രമജീവതം ആശംസിക്കുന്നു: പാലക്കാട്ടെ കൊച്ചന്‍';വിവാദമായി വി.ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്
Daily News
'കേരളരാഷ്ട്രീയത്തിലെ ദുര്‍മ്മേദസിന് വിശ്രമജീവതം ആശംസിക്കുന്നു: പാലക്കാട്ടെ കൊച്ചന്‍';വിവാദമായി വി.ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 15th November 2017, 3:13 pm

തിരുവനന്തപുരം: കായല്‍ കയ്യേറ്റ വിവാദത്തില്‍ രാജി വെച്ച് തോമസ് ചാണ്ടിയെ പരിഹസിച്ചുകൊണ്ട് തൃത്താല എം.എല്‍.എ വി.ടി ബല്‍റാമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു.

“കേരള രാഷ്ട്രീയത്തിലെ ദുര്‍മ്മേദസ്സിന് വിശ്രമജീവിതം ആശംസിച്ചുകൊണ്ട് സ്നേഹപൂര്‍വ്വം, പാലക്കാട്ടെ കൊച്ചന്‍” എന്നെഴുതി ചിരട്ടയില്‍ തോമസ് ചാണ്ടിയുടേതെന്നു തോന്നിപ്പിക്കുന്ന രൂപം വരച്ച ചിത്രത്തോടൊപ്പമായിരുന്നു ബല്‍റാമിന്റെ പോസ്റ്റ്.

എന്നാല്‍ മന്ത്രിയുടെ രാജിയെ പരിഹസിക്കുന്നതിന് അപ്പുറമായി എം.എല്‍.എ തന്റെ പോസ്റ്റില്‍ തോമസ് ചാണ്ടിയെ ബോഡി ഷേമിംങ് നടത്തുകയായിരുന്നെന്നാണ് സോഷ്യല്‍ മീഡിയയുടെ ആരോപണം. പൊതുവെ തടിച്ച ശരീര പ്രകൃതിയുള്ള തോമസ് ചാണ്ടിയുടെ ശരീരത്തെ കളിയാക്കുകയാണ് ബല്‍റാം എന്നും സോഷ്യല്‍ മീഡിയ ആരോപിക്കുന്നു.


Also Read തോമസ് ചാണ്ടി രാജിവെച്ചു; തീരുമാനം എന്‍.സി.പി യോഗത്തില്‍


അതേ സമയം ഗതാഗതമന്ത്രിസ്ഥാനം എന്‍.സി.പിക്കായി ഒഴിച്ചിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പുനല്‍കിയതായി രാജിവെച്ച ശേഷം തോമസ് ചാണ്ടി പ്രതികരിച്ചിരുന്നു. ആദ്യം കുറ്റവിമുക്തനാകുന്നയാള്‍ മന്ത്രിയാകുമെന്നും അത് ശശീന്ദ്രനായാലും താനായാലുമെന്ന് തോമസ് ചാണ്ടി വ്യക്തമാക്കി.

ഈ വിഷയത്തില്‍ രാജിയെ കുറിച്ചൊന്നും ആരും ചിന്തിച്ചിട്ടില്ലായിരുന്നു. രാജി വെക്കേണ്ട സാഹചര്യവും ഇല്ലായിരുന്നു. എന്നാല്‍ ഒരു ഘടകക്ഷി എടുത്ത തീരുമാനമാണ് രാജിക്ക് വഴിവെച്ചത്. രാജിവെക്കാന്‍ തങ്ങള്‍ ആവശ്യപ്പെടില്ലെന്നും പാര്‍ട്ടി നേതൃത്വത്തോട് ആലോചിക്കണം എന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞതെന്നും തോമസ് ചാണ്ടി രാജി വെച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.