തിരുവനന്തപുരം: തൃശൂരില്‍ സ്ത്രീ തൊഴിലാളികള്‍ നടത്തുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. നിയമസഭയില്‍ സബ്മിഷന്‍ ആയാണ് വി.എസ് ഈ പ്രശ്‌നം ഉന്നയിച്ചത്.
തൃശൂരില്‍ കല്ല്യാണ്‍ സാരീസിലെ സ്ത്രീ തൊഴിലാളികള്‍ നടത്തുന്ന ഇരിക്കല്‍ സമരം ചൂണ്ടിക്കാട്ടിയായിരുന്നു വി.എസിന്റെ സബ്മിഷന്‍. തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന് തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ സഭയില്‍ ഉറപ്പുനല്‍കി.
തൃശൂര്‍ കല്ല്യാണ്‍ സാരീസിലെ തൊഴിലാളി വിരുദ്ധ മനുഷ്യത്വ വിരുദ്ധ നടപടികള്‍ക്കെതിരെയാണ് അവിടുത്തെ സ്ത്രീ തൊഴിലാളികള്‍ സമരം നടത്തുന്നത്. ആറ് സ്ത്രീ തൊഴിലാളികളെ സ്ഥലം മാറ്റത്തിന്റെ മറവില്‍ പിരിച്ചുവിടുകയായിരുന്നു. ഇവരാണ് സമരരംഗത്തുള്ളത്.
ഡിസംബര്‍ 30നാണ് സമരം ആരംഭിച്ചത്. സമരം തുടങ്ങിയിട്ട് ഏകദേശം 70 ദിവസങ്ങള്‍ പിന്നിടുമ്പോഴും മുഖ്യധാര മാധ്യമങ്ങളും സര്‍ക്കാരും കടുത്ത അവഗണനയാണ് സമരത്തോട് പുലര്‍ത്തിയത്. ഇതിനെതിരെ സോഷ്യല്‍ മീഡിയകളില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.
ഈ സാഹചര്യത്തിലാണ് നിയമസഭയില്‍ വി.എസിന്റെ സബ്മിഷന്‍ വന്നിരിക്കുന്നത്.