തിരുവനന്തപുരം: ബാലരാമപുരത്തെ അല്‍ അമന്‍ എഡുക്കേഷനല്‍ കോംപ്ലക്‌സ് എന്ന മത പഠന സ്ഥാപനത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ അസ്മിയയുടെ മരണത്തില്‍ കാര്യക്ഷമമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നിസ സംഘടന മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.
പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അനാഥാലയങ്ങള്‍ എന്നിവിടങ്ങളില്‍ വീഴ്ചകള്‍ നടക്കുന്നുണ്ടെന്ന് നിസ ഭാരവാഹി വി.പി. സുഹറ ഡൂള്‍ ന്യൂസിനോട് പറഞ്ഞു. ഇത്തരം വിഷയങ്ങളില്‍ സമഗ്രമായ അന്വേഷണത്തിന് ഒരു സമിതി ഉണ്ടാകണമെന്നും സുഹറ പറഞ്ഞു.
‘പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലും അധ്യാപകരില്‍ നിന്നുണ്ടാകുന്ന ഒരുപാട് പ്രശ്‌നങ്ങള്‍ ഇപ്പോള്‍ വന്നുകൊണ്ടിരിക്കുകയാണ്. അതില്‍ തന്നെ വേണ്ട നടപടികള്‍ സ്വീകരിക്കുന്നത് കാണുന്നില്ല. പലപ്പോഴും ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടി ഇടപെട്ട് കുറ്റവാളികളെ സംരക്ഷിക്കാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്.
ഈ അടുത്ത് തന്നെ ഒരു അധ്യാപകന്‍ പുറത്തിറങ്ങിയതായി നമ്മള്‍ കണ്ടു. അസ്മിയയുടെ കാര്യം മാത്രമല്ല,
വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എല്ലാ മത വിഭാഗത്തിലുമുള്ള അനാഥാലയങ്ങളിലും എന്തൊക്കെ സംഭവിക്കുന്നതെന്ന് പുറത്ത് കൊണ്ടുവരാന്‍ പറ്റാത്ത സ്ഥിതിയുണ്ട്.
ഞങ്ങള്‍ കുറച്ച് മുന്നേ ഒരുപാട് സ്ഥലങ്ങളില്‍ പോയി അന്വേഷണങ്ങളൊക്കെ നടത്തിയതില്‍ കുറേ വീഴ്ചകള്‍ കണ്ടിട്ടുണ്ടായിരുന്നു. അത് അന്ന് തന്നെ ഞങ്ങള്‍ ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടുണ്ടായിരുന്നു. അവരും അന്വേഷണങ്ങളൊക്കെ നടത്തി. അതുകൊണ്ട് മാത്രം മതിയാകുന്നില്ലെന്നാണ് എനിക്ക് തോന്നുന്നത്.
പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലും, മതവിദ്യാഭ്യാസ സ്ഥാപനങ്ങളിലുമെല്ലാംവീഴ്ചകള്‍ നടക്കുന്നുണ്ട്. ഇതിനൊക്കെ സമഗ്രമായ അന്വേഷണത്തിന് ഒരു ബോര്‍ഡ് ഉണ്ടാക്കണമെന്നാണ് എനിക്ക് തോന്നുന്നത്. അനാഥരായ കുട്ടികളെ അന്വേഷിക്കാന്‍ ആളുകളുണ്ടോ. അസ്മിയക്ക് പോയി അന്വേഷിക്കാന്‍ ഉമ്മയും ബന്ധുക്കളുമുണ്ടായിരുന്നു.
ഏതെല്ലാം സ്ഥാപനങ്ങളില്‍ എന്തെല്ലാം പീഡനങ്ങള്‍ നടക്കുന്നുണ്ട്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങളുണ്ട്. മാനസികമായി പീഡിപ്പിക്കുന്ന ധാരാളം പ്രശ്‌നങ്ങളുണ്ട്. ആ വിഷയത്തില്‍ പൊതുവായ ഒരു സമിതി ഉണ്ടാക്കി പ്രത്യേക അന്വേഷണം നടത്തണം.
സര്‍ക്കാരുമായി ചേര്‍ന്നാണ് സ്ഥാപനങ്ങളുടെ അന്വേഷണം നടക്കേണ്ടത്. അനാഥാലായങ്ങളിലും പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അത്തരത്തിലുള്ള അന്വേഷണമാണ് നടക്കേണ്ടത്. സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരമുള്ള ജാഗ്രതാ സമിതികളൊന്നും പലയിടത്തും പ്രവര്‍ത്തിക്കുന്നില്ലെന്നതാണ് വസ്തുത,’ സുഹറ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍, ഡി.ജി.പി എന്നിവര്‍ക്ക് അസ്മിയയുടെ മരണത്തില്‍ കാര്യക്ഷമമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നിസ നിവേദനം അയച്ചിരുന്നു.
‘സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഹോസ്റ്റലുകള്‍ തുടങ്ങുന്നതും പ്രവര്‍ത്തിക്കുന്നതും ശിക്ഷാര്‍ഹമാക്കണം, കുട്ടികള്‍ക്കുള്ള ഹോസ്റ്റലുകളിലും കുട്ടികള്‍ക്ക് താമസ സൗകര്യം നല്‍കുന്ന മറ്റ് മത-മതേതര സ്ഥാപനങ്ങളിലും മിന്നല്‍ പരിശോധന അടക്കം നടത്തി അവയുടെ പ്രവര്‍ത്തനവും സുതാര്യവും ശിശു/അന്തേവാസി സൗഹൃദമാണെന്ന് ഉറപ്പ് വരുത്തണം.
ഇത്തരം സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ട്യൂട്ടര്‍/മേട്രണ്‍/വാര്‍ഡന്‍/ഉസ്താദ്/പുരോഹിതന്മാര്‍/മറ്റ് ജീവനക്കാര്‍ അഥവാ ഭരണസമിതി അംഗങ്ങള്‍/ഉള്‍പ്പെടെ എല്ലാവര്‍ക്കും ബാലവകാശ നിയമങ്ങളും ശിശു മനശാസ്ത്രവും സംബന്ധിച്ച് അറിവ് നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കേണ്ടത് ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് തടയാന്‍ അത്യാവശ്യമാണ്.
കുട്ടികളെ താമസിപ്പിച്ച് പഠിപ്പിക്കുന്ന ഇത്തരം ഹോസ്റ്റലുകളില്‍ നിശ്ചിത ഇടവേകളില്‍ ശിശുക്ഷേമ സമിതികളുടെ പരിശോധന നടത്താന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നു,’ നിസ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
നിസ പ്രവര്‍ത്തകരായ വി.പി. സുഹറ, ബല്‍ക്കസ് ബാനു, മുംതാസ് ടി.എം, ഫാത്തിമ ആര്‍.വി, നജുമ എം.എച്ച്, മര്‍ജാന്‍ എന്നിവരുടെ ഒപ്പോട് കൂടിയാണ് നിവേദനം സമര്‍പ്പിച്ചിരിക്കുന്നത്.