കോഴിക്കോട്: ഒരു തരത്തിലുമുള്ള മെറിറ്റും പാലിക്കാതെയാണ് എയ്ഡഡ് സ്ഥാപനങ്ങളില്‍ നിയമനം നടക്കുന്നതെന്ന് എസ്.എഫ്.ഐ ദേശീയ പ്രസിഡന്റ് വി.പി. സാനു. ‘എയ്ഡഡ് നിയമനം പി.എസ്.സിക്ക്, കേരളം പ്രതികരിക്കുന്നു’ എന്ന ഡൂള്‍ന്യൂസിന്റെ പ്രത്യേക പരമ്പരയില്‍ സംസാരിക്കുകയായിരുന്നു സാനു.
പണം മാത്രമാണ് എയ്ഡഡ് മേഖലയിലെ മാനദണ്ഡം. എല്‍.ഡി.എഫ് സര്‍ക്കാര്‍ വന്നതിന് ശേഷം സഹകരണ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടു. കേരളാ ബാങ്കിന്റെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാന്‍ ഒരുങ്ങുകയാണ്. അതിന്റെകൂടെ പ്രധാനപ്പെട്ട ഒന്നാണ് എയ്ഡഡ് മേഖലയിലെ നിയമനം പി.എസ്.സിക്ക് വിടുന്നതുസംബന്ധിച്ച ചര്‍ച്ചകളെന്നും സാനു പറഞ്ഞു.
സവര്‍ണ ഹിന്ദു സമുദായത്തിനും ക്രിസ്ത്യന്‍ സമുദായത്തിനും വലിയ മേല്‍കൈ ഈ മേഖലയിലുണ്ട്. മെറിറ്റും സാമൂഹിക നീതിയുമൊക്കെ നടപ്പിലാകണമെങ്കില്‍ നിയമനം പി.എസ്.സിക്ക് വിടേണ്ടതുണ്ട്. ഈ ചര്‍ച്ചകള്‍ക്ക് വേഗം കൂട്ടാന്‍ വെള്ളാപ്പള്ളിയുടെ പ്രസ്താവന കാരണമാകുമെന്നാണ് കരുതുന്നത്.
മെറിറ്റും സാമൂഹിക നീതിയുമാണ് ഇവിടെ നോക്കേണ്ടത്, സാമൂഹിക നീതി അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. എയ്ഡഡ് സ്ഥാപനങ്ങളില്‍ ഒരു ആദിവാസിയെ നോക്കിയാല്‍ കാണാന്‍ കഴിയില്ല. ദളിതരുടെ നമ്പര്‍ വളരെ കുറവാണ്, മറ്റ് പിന്നോക്ക വിഭാഗവും കുറഞ്ഞ നിരക്കാണുള്ളതെന്നും സാനു പറഞ്ഞു.
ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ ഒരു പഠനമുണ്ട്. സവര്‍ണ ഹിന്ദു സമുദായത്തിനും ക്രിസ്ത്യന്‍ സമുദായത്തിനും വലിയ മേല്‍കൈ ഈ മേഖലയിലുണ്ട്. മുസ്‌ലിം വിഭാഗത്തില്‍ എയ്ഡഡ് സ്ഥാപനങ്ങളുണ്ടെങ്കിലും മുസ്‌ലിങ്ങളിലെ ദരിദ്രവിഭഗങ്ങള്‍ ഈ മേഖലയിലില്ലെന്നും സാനു പറഞ്ഞു.