Advertisement
Kerala News
'സി.പി.ഐയില്‍ മന്ത്രിയാകാനുള്ള മാനദണ്ഡം അഞ്ചടിയില്‍ താഴെ പൊക്കവും 90 ശതമാനം കഷണ്ടിയും'; സജീന്ദ്രന്റെ പ്രസംഗം നിയമസഭാ രേഖയില്‍ നിന്ന് നീക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jun 13, 09:14 am
Thursday, 13th June 2019, 2:44 pm

തിരുവനന്തപുരം: സി.പി.ഐ മന്ത്രിമാരെ അവഹേളിച്ച് കോണ്‍ഗ്രസ് എം.എല്‍.എ വി.പി സജീന്ദ്രന്‍. സി.പി.ഐയില്‍ മന്ത്രിമാരാകാനുള്ള മാനദണ്ഡം അഞ്ചടിയില്‍ താഴെ പൊക്കവും 90 ശതമാനം കഷണ്ടിയും ആണെന്നായിരുന്നു സജീന്ദ്രന്റെ കണ്ടെത്തല്‍. നിയമസഭയില്‍ നടന്ന ഈ പ്രസംഗം വിവാദമായതോടെ രേഖയില്‍ നിന്നു നീക്കുകയാണെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞതായി മലയാള മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.

വിവാദഭാഗം ഒഴിവാക്കിയ ബാക്കി പ്രസംഗം വി.പി സജീന്ദ്രന്‍ തന്നെ തന്റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

തന്റെ മണ്ഡലമായ കുന്നത്തുനാട്ടില്‍ 15 ഏക്കര്‍ നികത്തിയതുമായി ബന്ധപ്പെട്ട് ഇന്നലെ സഭയില്‍ അടിയന്തരപ്രമേയ നോട്ടീസ് നല്‍കി സംസാരിക്കുകയായിരുന്നു സജീന്ദ്രന്‍.

റവന്യൂമന്ത്രിയുടെ ഓഫീസിനു മുകളില്‍ മറ്റൊരു ഓഫീസ് ഉണ്ടെന്നും അത് മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്നും അദ്ദേഹം പറഞ്ഞു. ‘സൂപ്പര്‍ ഓഫീസില്‍ നിന്നുള്ള സമ്മര്‍ദം കാരണമാണ് വെറുക്കപ്പെട്ടവന്റെ ബിനാമി കുന്നത്തുനാട്ടില്‍ 15 ഏക്കര്‍ നികത്തിയത്’- അദ്ദേഹം പറഞ്ഞു. വെറുക്കപ്പെട്ടവന്‍ എന്ന് വി.എസ് അച്യുതാനന്ദന്‍ വിശേഷിപ്പിച്ച വിവാദ വ്യവസായിയുടേതാണു ഭൂമിയെന്നും അദ്ദേഹം ആരോപിച്ചു.

റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്‍ വിരമിക്കുന്ന ദിവസമാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. തുമ്പയില്‍ നിന്ന് റോക്കറ്റ് വിക്ഷേപിക്കുന്നതിനേക്കാള്‍ വേഗത്തിലാണ് ഫയലുകള്‍ കൈമാറിയത്. വിവാദ വ്യവസായിയുടെ ബിനാമിക്കു ഭൂമി നല്‍കുന്നതിനു മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ വാര്‍ത്ത വന്നപ്പോള്‍ത്തന്നെ ഫയല്‍ വിളിപ്പിച്ച് തുടര്‍നടപടി സ്വീകരിച്ചെന്നു മന്ത്രി ഇ. ചന്ദ്രശേഖരന്‍ മറുപടി നല്‍കി. നടപടി ക്രമപ്രകാരമല്ലെന്നു കണ്ടതിനെത്തുടര്‍ന്ന് ജനുവരി 31-നു പുറപ്പെടുവിച്ച ഉത്തരവ് മരവിപ്പിച്ചു. തുടര്‍നടപടി സംബന്ധിച്ച അഭിപ്രായത്തിന് അഡ്വക്കേറ്റ് ജനറലിനു കൈമാറിയെന്നും മന്ത്രി വിശദീകരിച്ചു.