ബര്‍ലിന്‍: കുരങ്ങുകളെ ഉപയോഗിച്ച് വാഹനത്തിന്റെ പുക പരിശോധന നടത്തി പുലിവാല് പിടിച്ചിരിക്കുകയാണ് ലോകത്തിലെ വമ്പന്‍ കാര്‍ നിര്‍മാതാക്കളിലൊന്നായ ഫോക്‌സ്‌വാഗണ്‍. പരീക്ഷണത്തിനായി പത്തോളം കുരങ്ങന്മാരെ പുതിയ കാര്‍ മോഡല്‍ പുറത്തുവിടുന്ന പുക ശ്വസിപ്പിച്ചെന്ന വിവരത്തെ തുടര്‍ന്ന് അന്വഷണം നേരിടുകയാണിപ്പോള്‍ കമ്പനി.
2014ലാണ് 10 കുരങ്ങന്മാരെ ഉപയോഗിച്ച് കമ്പനി പരീക്ഷണം നടത്തിയത്. കമ്പനി നടത്തിയ പരീക്ഷണം മൃഗപീഡനമാണെന്ന് വ്യക്തമായി തെളിഞ്ഞതായി യു.എസ് ഇന്‍സ്റ്റിറ്റ്യൂട്ട് കമീഷന്‍ വ്യക്തമാക്കി.
കൂടാതെ വാഹനം പുറത്തുവിടുന്ന വിഷമയമായ നൈട്രജന്‍ ഓക്‌സൈഡുകള്‍ കുരങ്ങുകളെ കൂടാതെ 25ഓളം മനുഷ്യരെയും കമ്പനി ശ്വസിപ്പിച്ചതായി ജര്‍മനിയിലെ ഒരു പത്രം റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം വിഷയത്തില്‍ കമ്പനി മാപ്പു പറഞ്ഞ് രംഗത്തെത്തെത്തുകയുണ്ടായി. കുരങ്ങുകളെ ഉപയോഗിച്ച് നടത്തിയ ടെസ്‌ററ് അനാവശ്യമായിരുന്നുവെന്നും വിഷയത്തില്‍ തങ്ങള്‍ മാപ്പ് ചോദിക്കുന്നതായും കമ്പനി അറിയിച്ചു.
ലോകത്താകമാനം 1.1 കോടി കാറുകളാണ് ഫോക്‌സ്‌വാഗന്‍ പുറത്തിറക്കിയിരിക്കുന്നത്. ഇതില്‍ മിക്ക വാഹനങ്ങളും ഇത്തരത്തിലുള്ള പരിശോധനകള്‍ക്ക് വിധേയമാക്കിയിരുന്നതായും പറയുന്നു. നൈട്രജന്‍ ഓക്‌സൈഡ് ശ്വസിക്കുന്നതിലൂടെ ആസ്ത്മ ഉള്‍പ്പെടെ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ പിടിപെടാന്‍ കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
പരിസ്ഥിതിയെയും ആരോഗ്യത്തെയും കുറിച്ചുള്ള പഠനങ്ങള്‍ നടത്തുന്ന യൂറോപ്യന്‍ ഗവേഷണ സംഘത്തെയാണ് ഫോക്‌സ്‌വാഗനെ കുറിച്ചുള്ള പഠനത്തിന് നിയോഗിച്ചത്.
കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ കാര്‍ കമ്പനിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജര്‍മന്‍ സര്‍ക്കാര്‍ അറിയിച്ചു.