അന്നേ സുധീരന്‍ ചോദിച്ചു, ആരാണീ ശ്രീനിവാസന്‍? എങ്ങനെ എ.ഐ.സി.സി സെക്രട്ടറിയായി?
Kerala News
അന്നേ സുധീരന്‍ ചോദിച്ചു, ആരാണീ ശ്രീനിവാസന്‍? എങ്ങനെ എ.ഐ.സി.സി സെക്രട്ടറിയായി?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 16th March 2022, 7:48 pm

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് യു.ഡി.എഫിന് വിജയ സാധ്യതയുള്ള ഏക രാജ്യസഭാ സീറ്റിലേക്ക് കോണ്‍ഗ്രസ് ഹൈക്കമാന്റ് നിര്‍ദേശിച്ച ശ്രീനിവാസന്‍ കൃഷ്ണനെ മുമ്പ് എ.ഐ.സി.സി സെക്രട്ടറിയായി നിയമിച്ചപ്പോള്‍ കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ വി.എം. സുധീരന്‍ ഉന്നയിച്ച ചോദ്യം സമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു.

ആരാണീ ശ്രീനിവാസനെന്ന് ചോദിച്ച സുധീരന്‍ ശ്രീനിവാസന്റേത് പിന്‍വാതില്‍ നിയമനമെന്ന് വിമര്‍ശിച്ചിരുന്നു. നടപടിയോടുള്ള വിയോജിപ്പ് കോണ്‍ഗ്രസ് അന്നത്തെ ദേശീയാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചതായും സുധീരന്‍ പറഞ്ഞിരുന്നു.

പ്രിയങ്ക ഗാന്ധിയുടെ വിശ്വസ്തനായ ശ്രീനിവാസന്‍ കൃഷ്ണന്റെ പേരാണ് ഹൈക്കമാന്റ് കെ.പി.സി.സിയോട് നിര്‍ദേശിച്ചിരിക്കുന്നത്.

പ്രിയങ്ക ഗാന്ധിയുടെ ടീമില്‍ ഉള്‍പ്പെട്ടയാളാണ് തൃശൂര്‍ സ്വദേശിയായ ശ്രീനിവാസന്‍ കൃഷ്ണന്‍(57). ഒരു ബിസിനസുകാരന്‍ കൂടിയാണ് അദ്ദേഹം.

മുന്‍ ഐ.ഐ.എസ് ഉദ്യോഗസ്ഥന്‍, 1995ല്‍ കെ. കരുണാകരന്‍ കേന്ദ്ര മന്ത്രിയായിരിക്കെ അദ്ദേഹത്തന്റെ പി.എ എന്നീ നിലയിലും ശ്രീനിവാസന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

വി.എം. സുധീരന്റെ അന്നത്തെ വിമര്‍ശന കുറിപ്പിന്റെ പൂര്‍ണരൂപം

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രധാന സഹായികളില്‍ പ്രമുഖനായി നമ്മുടെ നേതാവ് എ.കെ. ആന്റണി നിലകൊള്ളുന്നു എന്നതു നമുക്കെല്ലാം അഭിമാനകരമാണ്. ജനാധിപത്യ മതേതര മുന്നേറ്റത്തിനായി ആവേശകരമായി നേതൃത്വം കൊടുക്കുന്ന രാഹുല്‍ജിയെ ലക്ഷ്യത്തില്‍ എത്തിക്കുന്നതില്‍ സഹായകമായി കെ.സി.വേണുഗോപാലും പി.സി. വിഷ്ണുനാഥും നിയോഗിക്കപ്പെട്ടതും ഏല്‍പ്പിക്കപ്പെട്ട ചുമതല തങ്ങളാലാവും വിധം ഭംഗിയായി നിറവേറ്റുന്നതും സന്തോഷത്തോടെയാണ് നമ്മളെല്ലാവരും കാണുന്നത്.

കഠിനാധ്വാനിയായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി നിയമിച്ച് ആന്ധ്രയില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ നിയോഗിച്ചതും നമ്മുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന നല്ല കാര്യമാണ്. എന്നാല്‍ ഇപ്പോള്‍ ഒരു ശ്രീനിവാസന്‍ എ.ഐ.സി.സി സെക്രട്ടറിയായി വന്നിരിക്കുന്നു എന്നത് അദ്ഭുതത്തോടും തെല്ലൊരു ഞെട്ടലോടെയുമാണ് കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്ന സാധാരണ ജനങ്ങളും അറിഞ്ഞത്.

ആരാണീ ശ്രീനിവാസന്‍ എന്ന ചോദ്യമാണ് വ്യാപകമായി പാര്‍ട്ടി പ്രവര്‍ത്തകരുടെ മനസ്സില്‍ ഉയരുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തനരംഗത്തു മതിയായ പശ്ചാത്തലം ഇല്ലാത്ത ഇപ്രകാരം ഒരാള്‍ എങ്ങനെ ഇതുപോലൊരു സുപ്രധാന സ്ഥാനത്ത് വന്നുപെട്ടു? ഏതായാലും പിന്‍വാതിലില്‍ കൂടിയുള്ള ഈ വരവ് ഒഴിവാക്കപ്പെടേണ്ടതായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്നതും തെറ്റായ സന്ദേശം നല്‍കുന്നതുമായ ഈ നടപടിയോടുള്ള വിയോജിപ്പ് കഴിഞ്ഞ ദിവസം തന്നെ രാഹുല്‍ജിയെ അറിയിച്ചിട്ടുണ്ട്.