[]കോട്ടയം: വിതുര പെണ്‍വാണിഭ കേസില്‍ ആലുവ മുന്‍ ഡി.വൈ.എസ്.പി മുഹമ്മദ് ബഷീറിനെ കോടതി വെറുതെ വിട്ടു. വിതുര കേസില്‍ കോട്ടയം പ്രത്യേക കോടതിയുടെ ആദ്യ വിധിയാണ് ഇത്.
പ്രതിക്കെതിരെ തെളിവില്ലെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ആലുവയിലെ ക്വാര്‍ട്ടേഴ്‌സില്‍ വച്ച് ഡി.വൈ.എസ്.പി പീഡിപ്പിച്ചു എന്നാണ് പെണ്‍കുട്ടിയുടെ പരാതി.
എന്നാല്‍ കേസിന്റെ രണ്ടാംഘട്ട വിചാരണയില്‍ പ്രതിയെ ഓര്‍മയില്ലെന്ന് പെണ്‍കുട്ടി കോടതിയെ അറിയിച്ചതോടെ പ്രതിക്കെതിരെ തെളിവില്ലെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു.
15 കേസില്‍ പ്രതികളുടെ മൊഴി രേഖപ്പെടുത്തുന്ന നടപടി വ്യാഴാഴ്ച ആരംഭിച്ചിരുന്നു. ഡി.വൈ.എസ്.പി.മുഹമ്മദ് ബഷീറിന്റെയും മറ്റൊരു പ്രതിയായ ടി.എം.ശശിയുടെയും മൊഴി രേഖപ്പെടുത്തുന്നത് ഒഴിവാക്കി.
പ്രതികളെ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്ന് പെണ്‍കുട്ടി നേരത്തെ മൊഴി നല്‍കിയതിനാലും ഇവര്‍ക്കെതിരെ മറ്റ് തെളിവുകള്‍ ഇല്ലാത്തതിനാലുമാണ് മൊഴി രേഖപ്പെടുത്താതിരുന്നത്. ശശിയുടെ കേസില്‍ 31ന് വിധി പറയും .
1995 നവംബറിലാണ് വിതുര കേസിനാസ്പദമായ സംഭവം. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്.
വിതുര സ്വദേശിനിയായ അജിത, പെണ്‍കുട്ടിക്ക് ജോലി വാഗ്ദാനം ചെയ്ത് കൊല്ലം സ്വദേശിയായ ഒന്നാംപ്രതി സുരേഷിന് കൈമാറുകയായിരുന്നു.