World News
വിദേശ വിദ്യാര്‍ത്ഥികളുടെ എഫ്-വണ്‍ വിസകള്‍ കൂട്ടത്തോടെ റദ്ദാക്കി യു.എസ്; സ്വയം നാടുകടത്താനും നിര്‍ദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 30, 08:15 am
Sunday, 30th March 2025, 1:45 pm

വാഷിങ്ടണ്‍: എഫ്-വണ്‍ വിസയില്‍ യു.എസിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കിയതായി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ അറിയിപ്പ്. നൂറിലധികം വിദ്യാര്‍ത്ഥികള്‍ക്കാണ് വിസ റദ്ദാക്കിയെന്ന് കാണിച്ച് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ മെയില്‍ ലഭിച്ചിരിക്കുന്നത്.

ക്യാമ്പസ് ആക്ടിവിസത്തില്‍ പങ്കെടുത്തു എന്ന കാരണം കാണിച്ചാണ് വിസ റദ്ദാക്കിയത്. എന്നാല്‍ ക്യാമ്പസ് ആക്ടിവിസത്തില്‍ നേരിട്ട് പങ്കെടുക്കാത്ത വിദ്യാര്‍ത്ഥികള്‍ക്കും ‘ദേശവിരുദ്ധ പോസ്റ്റുകള്‍’ ലൈക്ക്, ഷെയര്‍ ചെയ്തു എന്ന കാരണത്താല്‍ സമാനമായ സന്ദേശം ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

സോഷ്യല്‍ മീഡിയ പോസ്റ്റ് പങ്കിട്ട ചില ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഇത്തരം ഇമെയിലുകള്‍ ലഭിക്കുന്നുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഇമിഗ്രേഷന്‍ ആന്‍ഡ് നാഷണാലിറ്റി ആക്ടിലെ സെക്ഷന്‍ 221(i) പ്രകാരം വിസ റദ്ദാക്കിയതായാണ് ജിമെയില്‍ സന്ദേശത്തില്‍ പറയുന്നത്.

ട്രംപ് ഭരണകൂടം ആരംഭിച്ച സി.ബി.പി ഹോം ആപ്പ് ഉപയോഗിച്ച് സെല്‍ഫ് ഡിപ്പോര്‍ട്ടേഷന് വിധേയരാവാനാണ് വിദ്യാര്‍ത്ഥികളോട് പറഞ്ഞിരിക്കുന്നത്. എഫ്-1 വിസ റദ്ദാക്കുന്നതിനെക്കുറിച്ച് വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ ഉദ്യോഗസ്ഥരെ അറിയിക്കുമെന്നും അഥവാ നിയമപരമല്ലാതെ അമേരിക്കയില്‍ താമസിച്ചാല്‍, പിഴ, തടങ്കല്‍ എന്നിവയ്ക്ക് വിധേയരാക്കുമെന്നും അല്ലെങ്കില്‍ മറ്റൊരു രാജ്യത്തേക്ക് നാടുകടത്തുമെന്നും മുന്നറിയിപ്പ് ഉണ്ട്.

‘നാടുകടത്തല്‍ എപ്പോള്‍ വേണമെങ്കിലും ഉണ്ടായേക്കാം. അത്തരം സമയങ്ങളില്‍ ആ വ്യക്തിക്ക് യു.എസില്‍ മറ്റ് വ്യവഹാരങ്ങളില്‍ ഏര്‍പ്പെടാന്‍ സാധിക്കില്ല. നാടുകടത്തുന്നവരെ ഒന്നുകില്‍ അവരുടെ സ്വന്തം രാജ്യത്തേക്കോ അല്ലെങ്കില്‍ മറ്റൊരു രാജ്യത്തേക്കോ ആവും മാറ്റുക,’ സന്ദേശത്തില്‍ പറയുന്നു.

നാടുകടത്തപ്പെട്ട വിദ്യാര്‍ത്ഥികള്‍ ഭാവിയില്‍ അമേരിക്കയിലേക്ക് തിരികെ വരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവര്‍ പുതിയ വിസയ്ക്ക് അപേക്ഷിക്കേണ്ടതുണ്ടെന്നും തുടര്‍ന്ന് അവരുടെ യോഗ്യത വിലയിരുത്തിയതിന് ശേഷം മാത്രമാവും തീരുമാനമെന്നും അറിയിപ്പിലുണ്ട്.

ഏറ്റവും പുതിയ ഓപ്പണ്‍ ഡോര്‍സ് റിപ്പോര്‍ട്ട് അനുസരിച്ച്, 2023-24 ല്‍ യുഎസില്‍ പഠിക്കുന്ന 1.1 ദശലക്ഷം അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളില്‍ 3.31 ലക്ഷം പേര്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ്. ഫലസ്തീനെ പിന്തുണച്ച 300ലധികം വിദേശവിദ്യാര്‍ത്ഥികളുടെ വിസകള്‍ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് റദ്ദാക്കിയതായി സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നിര്‍ദേശം.

Content Highlight: US cancels F-1 visas of foreign students; orders self-deportation