Advertisement
Kerala News
'ഗുജറാത്ത് വംശഹത്യ ആര്‍.എസ്.എസിന്റെ സൃഷ്ടി'; മഹാരാജാസില്‍ ബാനറുയര്‍ത്തി എസ്.എഫ്.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 30, 08:30 am
Sunday, 30th March 2025, 2:00 pm

കൊച്ചി: ആര്‍.എസ്.എസിനെതിരെ മഹാരാജാസില്‍ ബാനര്‍ സ്ഥാപിച്ച് എസ്.എഫ്.ഐ. ‘ഗുജറാത്ത് വംശഹത്യ ആര്‍.എസ്.എസ് സൃഷ്ടി’ എന്നെഴുതിയ ബാനറാണ് കോളേജ് കവാടത്തില്‍ എസ്.എഫ്.ഐ സ്ഥാപിച്ചത്.

എമ്പുരാന്‍ സിനിമയിലെ കലാപ ദൃശ്യങ്ങളില്‍ പ്രകോപിതരായി സംവിധായകന്‍ പൃഥ്വിരാജിനും നായകന്‍ മോഹന്‍ലാലിനുമെതിരെ സംഘപരിവാര്‍ സൈബര്‍ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് എസ്.എഫ്.ഐയുടെ ബാനര്‍.

ഗുജറാത്ത് കലാപത്തെ ഉദ്ധരിച്ച് ‘സെന്‍സര്‍ ചെയ്യാനാകാത്ത സത്യം’ എന്ന വാചകവും ബാനറില്‍ എസ്.എഫ്.ഐ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ആര്‍.എസ്.എസ് മുഖമാസികയായ ഓര്‍ഗനൈസര്‍ അടക്കം എമ്പുരാനെതിരെയും സിനിമയിലെ ഉള്ളടക്കങ്ങള്‍ക്കെതിരെയും വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

മോഹന്‍ലാല്‍ അദ്ദേഹത്തിന്റെ ആരാധകരെ ചതിച്ചുവെന്ന് പറഞ്ഞ ഓര്‍ഗനൈസര്‍, എങ്ങനെയാണ് ഇത്തരത്തില്‍ ഒരു സിനിമ മോഹന്‍ലാല്‍ ഏറ്റെടുത്തതെന്നും ചോദ്യം ഉയര്‍ത്തി. 2002ലെ ഗുജറാത്ത് കലാപത്തില്‍ പൃഥ്വിരാജ് ഹിന്ദുക്കളെ വിലന്മാരായി ചിത്രീകരിച്ചുവെന്നും ഉള്ളടക്കങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്നും ഓര്‍ഗനൈസര്‍ പ്രതികരിച്ചിരുന്നു.

സിനിമയിലെ ഉള്ളടക്കങ്ങള്‍ ഹിന്ദുവിരുദ്ധ അജണ്ടയുടെ ഭാഗമാണെന്നും ആര്‍.എസ്.എസ് ആരോപിച്ചിരുന്നു. പൃഥ്വിരാജ് നടപ്പിലാക്കിയ രാഷ്ട്രീയ അജണ്ടയാണ് എമ്പുരാനെന്നും ആര്‍.എസ്.എസ് ആരോപിക്കുകയുണ്ടായി. ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലായിരുന്നു വിമര്‍ശനം.

വെള്ളിയാഴ്ച ചേര്‍ന്ന ബി.ജെ.പി കോര്‍ കമ്മിറ്റിയില്‍ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ എമ്പുരാനെതിരെ രംഗത്തെത്തിയിരുന്നു.

ഗുജറാത്ത് കലാപം അടക്കമുള്ള വിഷയങ്ങള്‍ സിനിമയില്‍ എങ്ങനെ ഉള്‍പ്പെട്ടു എന്ന ചോദ്യമാണ് നേതാക്കള്‍ ഉയര്‍ത്തിയത്. തുടര്‍ന്ന് എമ്പുരാന്റെ സെന്‍സറിങ്ങില്‍ വീഴ്ച പറ്റിയതായി രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചിരുന്നു. സെന്‍സര്‍ ബോര്‍ഡിലെ ആര്‍.എസ്.എസ് നോമിനികള്‍ക്ക് വീഴ്ച സംഭവിച്ചുവെന്നായിരുന്നു വിമര്‍ശനം.

തപസ്യ ജനറല്‍ സെക്രട്ടറി ജി.എം. മഹേഷ് ഉള്‍പ്പെടെ നാല് പേര്‍ക്ക് വീഴ്ച പറ്റിയെന്നാണ് രാജീവ് ചന്ദ്രശേഖര്‍ വിമര്‍ശിച്ചത്. ഇവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും രാജീവ് സൂചന നല്‍കിയിരുന്നു.

പിന്നാലെ എമ്പുരാനെതിരായ സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറയി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ തുടങ്ങിയവരും യുവജന-വിദ്യാര്‍ത്ഥി നേതാക്കളായ വി.കെ. സനോജ്, പി.എം. ആര്‍ഷോ, അലോഷ്യസ് സേവ്യര്‍ തുടങ്ങിയവരും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മഹാരാജാസില്‍ ആര്‍.എസ്.എസിനെതിരെ ബാനര്‍ ഉയരുന്നത്.

Content Highlight: ‘Gujarat genocide is the creation of RSS’; SFI hoists banner at Maharajas