നിർമാതാവ് ഉപേക്ഷിച്ച ആ ചിത്രം, വീട് പണിയാൻ വെച്ച പണമെടുത്ത് നിർമിച്ച് അച്ഛൻ സൂപ്പർ ഹിറ്റാക്കി: വിഷ്ണു വിനയ്
Entertainment
നിർമാതാവ് ഉപേക്ഷിച്ച ആ ചിത്രം, വീട് പണിയാൻ വെച്ച പണമെടുത്ത് നിർമിച്ച് അച്ഛൻ സൂപ്പർ ഹിറ്റാക്കി: വിഷ്ണു വിനയ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 27th November 2024, 10:24 pm

ഹൊറർ ഴോണറിൽ പുറത്തിറങ്ങി മലയാളത്തിൽ വലിയ വിജയമായി മാറിയ ചിത്രമായിരുന്നു ആകാശഗംഗ. വിനയൻ സംവിധാനം ചെയ്ത ചിത്രത്തിൽ മുകേഷ്, ദിവ്യ ഉണ്ണി, ഇന്നസെന്റ്, ജഗദീഷ് തുടങ്ങിയവരായിരുന്നു പ്രധാന വേഷത്തിൽ എത്തിയത്. സൂപ്പർ ഹിറ്റായി മാറിയ ചിത്രത്തിൽ നിന്ന് ആദ്യം നിർമാതാവ് പിന്മാറിയിരുന്നുവെന്നും എന്നാൽ വിനയൻ സിനിമ ഏറ്റെടുത്തെന്നും പറയുകയാണ് വിനയന്റെ മകനും നടനുമായ വിഷ്ണു വിനയ്.

വീടുപണിക്കുള്ള പണം എടുത്താണ് വിനയൻ ആകാശഗംഗ പൂർത്തിയാക്കിയതെന്നും അവസാനം ഒരു കോടിയോളം സിനിമയിൽ നിന്ന് ലാഭം ലഭിച്ചെന്നും വിഷ്ണു പറഞ്ഞു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തെ കുറിച്ചും വിഷ്ണു സംസാരിച്ചു. റെഡ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ഷൂട്ട് ചെയ്യുന്ന സമയത്ത് ഞാനുമുണ്ട് ലൊക്കേഷനിൽ. പക്ഷെ എനിക്കപ്പോൾ അറിയില്ലായിരുന്നു ഇതൊരു ഭയങ്കര സിനിമയായിരിക്കുമെന്ന്. എന്റെ സുഹൃത്തുക്കളൊക്കെ അന്ന് ചോദിച്ചത് കലാഭവൻ മണിയെ വെച്ചാണോ ഇപ്പോൾ സിനിമ ചെയ്യുന്നതെന്നായിരുന്നു.

ആകാശഗംഗ എന്ന സൂപ്പർഹിറ്റ് സിനിമ കഴിഞ്ഞിരിക്കുകയാണ് അച്ഛൻ. മമ്മൂട്ടി, മോഹൻലാൽ എന്നിവരിലേക്കൊക്കെ പോകേണ്ട സമയമായി. അങ്ങനെയൊക്കെ അഭിപ്രായമുണ്ടായിരുന്നു. സത്യത്തിൽ ഞാനും കൺഫ്യൂസ്ഡ് ആയിരുന്നു. പക്ഷെ ആ സിനിമ ഇറങ്ങി വലിയ ഹിറ്റായി.

അതുപോലെ തന്നെയായിരുന്നു ആകാശഗംഗ ഇറങ്ങുമ്പോഴും. വേറൊരു നിർമാതാവായിരുന്നു ആ സിനിമ ചെയ്യാനിരുന്നത്. പക്ഷെ ഒരു മേജർ നായകനില്ലെന്ന് പറഞ്ഞ് അവർ ആ സിനിമ ഉപേക്ഷിച്ചു. അങ്ങനെ അച്ഛൻ വീട് പണിയാൻ വെച്ച പൈസയും ലോണുമൊക്കെ എടുത്താണ് ആ ചിത്രം പൂർത്തിയാക്കുന്നത്.

വലിയ റിസ്കായിരുന്നു അത്. അച്ഛൻ തന്നെ അവസാനം ആ സിനിമ പ്രൊഡ്യൂസ് ചെയ്തു. അച്ഛന്റെ ടെൻഷൻ എത്രത്തോളമുണ്ടെന്ന് ഇപ്പോൾ എനിക്ക് ആലോചിക്കാൻ കഴിയും. പക്ഷെ ഞാൻ അതൊന്നും കണ്ടിട്ടില്ല. സാധാരണ ആ സമയത്തുള്ള ഒരു സിനിമയേക്കാൾ ചെലവ് ആകാശഗംഗക്ക് വന്നിരുന്നു. കാരണം കൂടുതലും രാത്രിയായിരുന്നു ഷൂട്ട്. പക്ഷെ 1999 ൽ അച്ഛന് ആ പടത്തിലൂടെ ഒരു കോടിയിലധികം പൈസ ലാഭം കിട്ടി,’വിഷ്ണു വിനയ് പറയുന്നു.

Content Highlight: Vishnu Vinay About Vinayan And Aakshaganga Movie