ഇപ്പോഴത്തെ ആ സൂപ്പർ താരത്തെ ഈ നിലയിലേക്ക് കൊണ്ട് വന്നത് വിരാട്; വെളിപ്പെടുത്തി സൂപ്പർ താരം
Cricket
ഇപ്പോഴത്തെ ആ സൂപ്പർ താരത്തെ ഈ നിലയിലേക്ക് കൊണ്ട് വന്നത് വിരാട്; വെളിപ്പെടുത്തി സൂപ്പർ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 23rd February 2023, 10:37 am

ബോർഡർ-ഗവാസ്കർ ട്രോഫിയിൽ തങ്ങളുടെ ജൈത്രയാത്ര തുടരുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. ആദ്യ ടെസ്റ്റ്‌ ഇന്നിങ്സിനും 132 റൺസിനും വിജയിച്ച ഇന്ത്യൻ ടീം. രണ്ടാം ടെസ്റ്റിൽ ആറ് വിക്കറ്റിന്റെ വിജയമാണ് സ്വന്തമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത് ഒന്നാം ഇന്നിങ്സിൽ 263 റൺസെടുത്ത്‌ പുറത്തായ ഓസീസിനെതിരെ മറുപടി ബാറ്റിങ്ങിൽ ഇന്ത്യൻ ടീം 262 റൺസിന് പുറത്തായിരുന്നു.

ശേഷം രണ്ടാം ഇന്നിങ്സിൽ ഓസീസിനെ 113 റൺസിന് ഒതുക്കാൻ കഴിഞ്ഞതോടെയാണ് ഇന്ത്യൻ ടീമിന്റെ വിജയം അനായാസമായത്.
115 റൺസിന്റെ വിജയ ലക്ഷ്യവുമായിറങ്ങിയ ഇന്ത്യൻ ടീം ആറ് വിക്കറ്റുകൾ ശേഷിക്കെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

31 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമ, 31 റൺസെടുത്ത് പുറത്താവാതെ നിന്ന ചേതേശ്വർ പുജാര എന്നിവരുടെ ബാറ്റിങ്‌ മികവിലാണ് ഇന്ത്യൻ ടീം വിജയ ലക്ഷ്യം മറികടന്നത്.
എന്നാൽ രണ്ട് ടെസ്റ്റ്‌ മത്സരങ്ങളിലും ഇന്ത്യൻ സ്പിന്നർമാർ നിറഞ്ഞാടിയപ്പോൾ പേസർമാർക്ക് ഓസീസ് ബാറ്റിങ്ങ് നിരയുടെ നടുവൊടിക്കാനായി കാര്യമായൊന്നും ചെയ്യാൻ സാധിച്ചില്ല.

ഇന്ത്യൻ പേസ് നിരയിലെ നിലവിലെ ഉയർന്ന് വരുന്ന പ്രതിഭാസമായ പേസർ മുഹമ്മദ് സിറാജിനും കാര്യമായിട്ടൊന്നും മത്സരത്തിൽ ചെയ്യാൻ സാധിച്ചിരുന്നില്ല.
എന്നാൽ വിരാട് കോഹ് ലിയുടെ ക്യാപ്റ്റൻസിക്ക് കീഴിലാണ് നിരവധി മികച്ച താരങ്ങൾ ഉയർന്ന് വന്നതെന്നും സിറാജിനെപ്പോലുള്ള താരങ്ങളെ കൈപിടിച്ച് ഉയർത്തിക്കൊണ്ട് വന്നത് വിരാടാണെന്നും അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യൻ സൂപ്പർ താരങ്ങളിലൊരാളായ ദിനേഷ് കാർത്തിക്ക്.

റിഷഭ് പന്ത്, ശുഭ്മാൻ ഗിൽ, സിറാജ്, സൂര്യ കുമാർ യാദവ് മുതലായ താരങ്ങളെല്ലാം വിരാടിന്റെ നേതൃത്വത്തിലായിരുന്നു ഉയർന്ന് വന്നിരുന്നത്. 2017ൽ കിവീസിനെതിരെയുള്ള മത്സരത്തിലാണ് വിരാട് സിറാജിന് അരങ്ങേറ്റ മത്സരം കളിക്കാനുള്ള അവസരം നൽകിയത്.
എന്നാൽ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കാതിരുന്ന സിറാജ് പിന്നീട് ആർ.സി.ബിയിൽ വിരാടിന് കീഴിൽ പ്രതിഭയും സ്ഥിരതയുമുള്ള ബോളറായി പരുവപ്പെടുകയായിരുന്നു.

“സിറാജ് ആർ.സി.ബിയിലൂടെയാണ് മികച്ച ബോളറായി മാറിയത്. എന്നാൽ കോവിഡിന് ശേഷമുള്ള കാലത്ത് നിറം മങ്ങിപ്പോയ സിറാജിനെ കോഹ്ലി വിട്ട് കളയാതെ അദ്ദേഹത്തിന് ടീമിൽ സ്ഥാനം നൽകുകയായിരുന്നു. അവിടെനിന്നാണ് അദ്ദേഹം മികവിലേക്ക് ഉയർന്ന് വന്നത്,’ ക്രിക്ക്ബസ്സിന് നൽകിയ അഭിമുഖത്തിൽ കാർത്തിക് പറഞ്ഞു.

“വിരാടായിരുന്നു സിറാജിന്റെ വഴികാട്ടി. തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളിലൊരാളായാണ് സിറാജ് വിരാടിനെ കാണുന്നത്,’ കാർത്തിക്ക് കൂട്ടിച്ചേർത്തു.

അതേസമയം ബോർഡർ-ഗവാസ്കർ ട്രോഫിയിൽ ഇനി രണ്ട് മത്സരങ്ങൾ മാത്രമാണ് ബാക്കി നിൽക്കുന്നത്.

അതിൽ ഒരു മത്സരം സമനില പിടിച്ചാൽ തന്നെ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. പരമ്പര നേടിയാൽ മാത്രമേ ഇന്ത്യൻ ടീമിന് ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് കളിക്കാൻ സാധിക്കൂ.

 

Content Highlights:Virat saved Mohammed Siraj’s career said Dinesh Karthik