ചെന്നൈയുടെ സിംഹമടയില്‍ കോഹ്‌ലിയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം; ചെപ്പോക്ക് കീഴടക്കാൻ ഒരുങ്ങി വിരാട്
Cricket
ചെന്നൈയുടെ സിംഹമടയില്‍ കോഹ്‌ലിയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം; ചെപ്പോക്ക് കീഴടക്കാൻ ഒരുങ്ങി വിരാട്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 22nd March 2024, 8:39 am

ഇന്ത്യന്‍ ക്രിക്കറ്റ് മാമാങ്കമായ ഐ.പി. എല്‍ ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവുവുമാണ് ഏറ്റുമുട്ടുന്നത്.

തങ്ങളുടെ ആറാം ഐ.പി.എല്‍ കിരീടം ലക്ഷ്യം വച്ചാണ് ചെന്നൈ കളത്തില്‍ ഇറങ്ങുന്നത്. മറുഭാഗത്ത് 16 വര്‍ഷത്തെ കിരീട വരള്‍ച്ച അവസാനിപ്പിക്കാനാണ് ബെംഗളൂരു എത്തുന്നത്.

ഈ മത്സരത്തില്‍ ബെംഗളൂരു സൂപ്പര്‍ താരം വിരാട് കോഹ്‌ലിയെ കാത്തിരിക്കുന്നത് ഒരു തകര്‍പ്പന്‍ നേട്ടമാണ്. ചെന്നൈയ്‌ക്കെതിരെ അര്‍ധസെഞ്ച്വറി നേടാന്‍ കോഹ്‌ലിക്ക് സാധിച്ചാല്‍ ഐ.പി.എല്‍ ചരിത്രത്തില്‍ ചെന്നൈയ്‌ക്കെതിരെ ഏറ്റവും കൂടുതല്‍ അര്‍ധസെഞ്ച്വറി നേടുന്ന ആദ്യ താരമായി മാറാന്‍ വിരാടിന് സാധിക്കും.

നിലവിലെ ചാമ്പ്യന്മാര്‍ക്കെതിരെ ഒമ്പത് തവണയാണ് കോഹ്‌ലി അര്‍ധസെഞ്ച്വറി നേടിയത്. ഓസ്‌ട്രേലിയന്‍ സൂപ്പര്‍താരം ഡേവിഡ് വാര്‍ണറും പഞ്ചാബ് കിങ്സ് നായകന്‍ ശിഖര്‍ ധവാനും ഒമ്പത് അര്‍ധസെഞ്ച്വറികള്‍ ചെന്നൈക്കെതിരെ നേടിയിട്ടുണ്ട്.

ഉദ്ഘാടനമത്സരം നടക്കുന്ന ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ 12 ഐ.പി.എല്‍ മത്സരങ്ങളാണ് കോഹ്‌ലി കളിച്ചിട്ടുള്ളത്. ഇതില്‍ രണ്ട് അര്‍ധസെഞ്ചറികള്‍ ഉള്‍പ്പെടെ 362 റണ്‍സാണ് ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ നേടിയത്.

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ഐ.പി.എല്‍ ചരിത്രത്തില്‍ 30 മത്സരങ്ങളില്‍ നിന്നും 985 റണ്‍സാണ് കോഹ്‌ലി നേടിയിട്ടുള്ളത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 237 മത്സരങ്ങളില്‍ നിന്ന് ഏഴ് സെഞ്ച്വറികളും 50 അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെ 7263 റണ്‍സാണ് കോഹ്ലി അടിച്ചെടുത്തത്.

ഈ സീസണിലും വിരാടിന്റെ ബാറ്റില്‍ നിന്നും മിന്നും പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Content Highlight: Virat kohli waiting for a new record in IPL 2024