ഐ.പി.എല്ലിന്റെ വരവോടെയാണ് ഇന്ത്യന്‍ താരങ്ങള്‍ എതിര്‍ ചേരിയില്‍ കളിക്കുന്ന കാഴ്ചകള്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചുതുടങ്ങിയത്. ഇന്ത്യന്‍ ടീമില്‍ മികച്ച ബന്ധം പുലര്‍ത്തുന്ന താരങ്ങള്‍ രണ്ട് വിവിധ ടീമുകള്‍ക്കായി പരസ്പരം ഏറ്റുമുട്ടുന്ന കാഴ്ചതന്നെയാണ് ടൂര്‍ണമെന്റിന്റെ ഹൈലൈറ്റും. ഇത് പലപ്പോഴും രസകരമായ സ്ലെഡ്ജിങ്ങുകള്‍ക്കും ക്ലാസിക് റൈവല്‍റികള്‍ക്കും വഴിയൊരുക്കിയിരുന്നു.
അത്തരത്തില്‍ ഒരു സ്ലെഡ്ജിങ്ങിന്റെ കഥ പറയുകയാണ് വിരാട് കോഹ്‌ലി. ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ദല്‍ഹി ഡെയര്‍ഡെവിള്‍സും (ദല്‍ഹി ക്യാപ്പിറ്റല്‍സും) തമ്മിലുള്ള മത്സരത്തിനിടെ വിരാട് കോഹ്‌ലിയും റിഷബ് പന്തും തമ്മില്‍ നടന്ന സംസാരത്തെ കുറിച്ചാണ് വിരാട് പറയുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സുനില്‍ ഛേത്രിക്കൊപ്പമുള്ള ഒരു ടോക് ഷോയിലാണ് കോഹ്‌ലി ഇക്കാര്യം പറഞ്ഞത്.
‘ഇത് നടന്നത് 2017ലാണ്. ഞങ്ങള്‍ (റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു) ഏഴാം സ്ഥാനത്തായിരുന്നു, ദല്‍ഹി എട്ടാമതും. രണ്ട് ടീമുകളും അവരുടെ അവസാന മത്സരം കളിക്കുകയാണ്. അപ്പോള്‍ റിഷബ് പന്ത് ബൗളര്‍മാരോട് ‘വേഗമാകട്ടെ ഇവന്‍ ഇപ്പോള്‍ സമ്മര്‍ദത്തിലാണ്’ എന്ന് പറഞ്ഞുകൊണ്ടിരുന്നു. ഇതുകേട്ട ഞാന്‍ അവനെ നോക്കി ചിരിക്കുകയാണ് ചെയ്തത്.
എന്താണ് ചെയ്യുന്നതെന്ന് ഞാന്‍ അവനോട് ചോദിച്ചു. ഞാന്‍ ഇത് ചെയ്തല്ലേ മതിയാകൂ, അല്ലാതെ നിങ്ങളെങ്ങനെ ഔട്ടാകും എന്നായിരുന്നു അവന്റെ മറുപടി. എന്നെ പുറത്താക്കാന്‍ സാധിക്കും എന്ന വിശ്വാസം പന്തെറിയുന്ന ബൗളര്‍മാര്‍ക്ക് വേണ്ടേ എന്ന് ഞാനവനോട് തിരിച്ചു ചോദിച്ചു.
നിങ്ങള്‍ പറയുന്നത് ശരി തന്നെയാണ്, എന്നിരുന്നാലും ഞാന്‍ ഇത് ചെയ്യണം എന്നായിരുന്നു അവന്റെ മറുപടി. ഓക്കെ, ഒരുദിവസം നമ്മള്‍ ഒരേ ഡ്രസ്സിങ് റൂമിലെത്തുമല്ലോ, അന്ന് നീ എവിടേക്ക് ഓടും എന്ന് ഞാന്‍ അവനോട് പറഞ്ഞു (ചിരി),’ കോഹ്‌ലി പറഞ്ഞു.
അന്ന് അര്‍ധ സെഞ്ച്വറി നേടിയ വിരാട് കോഹ്‌ലിയുടെ കരുത്തില്‍ ആര്‍.സി.ബി പത്ത് റണ്‍സിന് മത്സരം പിടിച്ചടക്കുകയായിരുന്നു. റോയല്‍ ചലഞ്ചേഴ്‌സ് ഉയര്‍ത്തിയ 162 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ദല്‍ഹി 151ന് പുറത്തായി.
ഈ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ ആര്‍.സി.ബി ആറാം സ്ഥാനത്തേക്ക് കയറി. 14 മത്സരത്തില്‍ നിന്നും ആറ് ജയത്തോടെ 12 പോയിന്റാണ് ടീമിനുണ്ടായിരുന്നത്.