ധോണിക്ക് ഇനി കോഹ്‌ലിയുടെ പിറകിൽ നിൽക്കാം; ഇന്ത്യൻ ക്രിക്കറ്റിന്റെ ത്രിമൂർത്തികളിൽ രണ്ടാമൻ വിരാട്
Cricket
ധോണിക്ക് ഇനി കോഹ്‌ലിയുടെ പിറകിൽ നിൽക്കാം; ഇന്ത്യൻ ക്രിക്കറ്റിന്റെ ത്രിമൂർത്തികളിൽ രണ്ടാമൻ വിരാട്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 10th May 2024, 11:55 am

ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് അഞ്ചാം ജയം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ 60 റണ്‍സിന് ബെംഗളൂരു പരാജയപ്പെടുത്തിയത്.

പഞ്ചാബിന്റെ തട്ടകമായ ധര്‍മശാലയില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഹോം ടീം ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്സ് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പഞ്ചാബ് 17 ഓവറില്‍ 181 റണ്‍സിന് പുറത്താവുകയായിരുന്നു.

47 പന്തില്‍ 92 റണ്‍സ് നേടിയ വിരാട് കോഹ്‌ലി ആണ് ബെംഗളൂരു നിരയിലെ ടോപ് സ്‌കോറര്‍. 195.74 സ്‌ട്രൈക്ക് റേറ്റില്‍ ഏഴ് ഫോറുകളും ആറു സിക്‌സുകളുമാണ് വിരാടിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ മത്സരത്തിലെ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡും താരം സ്വന്തമാക്കിയിരുന്നു. ഇതോടെ മറ്റൊരു തകര്‍പ്പന്‍ നേട്ടവും കോഹ്‌ലി സ്വന്തമാക്കി.

ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം എന്ന നേട്ടമാണ് കോഹ്‌ലി സ്വന്തം പേരില്‍ കുറിച്ചത്. 18 തവണയാണ് വിരാട് ഈ നേട്ടം സ്വന്തമാക്കിയത്. 17 തവണ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടിയ എം.എസ് ധോണിയെ മറികടന്നു കൊണ്ടായിരുന്നു കോഹ്‌ലിയുടെ മുന്നേറ്റം.

ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ പ്ലേയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടിയ ഇന്ത്യന്‍ താരങ്ങള്‍

രോഹിത് ശര്‍മ-19

വിരാട് കോഹ്‌ലി-18*

എം.എസ് ധോണി-17

കോഹ്‌ലിക്ക് പുറമേ രജത് പടിദാര്‍ 23 പന്തില്‍ 55 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. മൂന്ന് ഫോറുകളും ആറ് സിക്‌സുമാണ് താരം നേടിയത്. 27 പന്തില്‍ 46 റണ്‍സ് നേടിയ കാമറൂണ്‍ ഗ്രീനും നിര്‍ണായകമായി.

ബെംഗളൂരു ബൗളിങ്ങില്‍ മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റും സ്വപ്നില്‍ സിങ്, ലോക്കി ഫെര്‍ഗൂസന്‍, കരണ്‍ ശര്‍മ എന്നിവര്‍ രണ്ടു വീതം വിക്കറ്റും നേടി മികച്ച പ്രകടനം നടത്തിയപ്പോള്‍ പഞ്ചാബ് ബാറ്റിങ് 181 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

പഞ്ചാബിനായി റില്ലി റൂസോ 27 പന്തില്‍ 61 റണ്‍സും ശശാങ്ക് സിങ് 19 പന്തില്‍ 37 നേടി മികച്ച ചെറുത്തുനില്‍പ്പ് നടത്തി.

Content Highlight: Virat Kohli create a new record