തന്നേയും ശുഭ്മന്‍ ഗില്ലിനേയും കിങ് എന്നും പ്രിന്‍സ് എന്നുമൊക്കെ വിളിക്കുന്നത് കാണികള്‍ക്കും പൊതുജനങ്ങള്‍ക്കും വലിയ കാര്യമായാലും താരങ്ങള്‍ക്ക് അങ്ങനെയല്ലെന്ന് ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട്. ‘ടീമിലെ സീനിയര്‍ താരത്തിന്റെ ജോലി യുവതാരങ്ങളെ മെച്ചപ്പെടാന്‍ സഹായിക്കുകയാണ്. സീനിയേഴ്‌സിന്റെ കരിയറിലെ നേട്ടങ്ങളെക്കുറിച്ചുള്ള ഉപദേശങ്ങള്‍ നല്‍കാനും അവര്‍ ശ്രദ്ധിക്കണം,’ കോഹ്‌ലി പറഞ്ഞു.
ശുഭ്മന്‍ ഗില്‍ ക്രിക്കറ്റിനെ കുറിച്ച് ഒരുപാട് കാര്യങ്ങള്‍ എന്നോട് സംസാരിക്കാറുണ്ടെന്നും മുന്‍ ഇന്ത്യന്‍ നായകന്‍ പറഞ്ഞു. ‘ഈ ചെറുപ്രായത്തില്‍ തന്നെ അമേസിങ് ആയ സ്‌കില്ലുകള്‍ പഠിച്ചെടുക്കാന്‍ അവന്‍ നന്നായി ശ്രദ്ധിക്കുന്നുണ്ട്.
പ്രധാനപ്പെട്ട മത്സരങ്ങളില്‍ നന്നായി തിളങ്ങാന്‍ വേണ്ട ധാരണയും പാകതയും ആത്മവിശ്വാസവും ഗില്ലിനുണ്ട്. പരസ്പര ബഹുമാനത്തില്‍ അധിഷ്ഠിതമായ നല്ലൊരു ബന്ധമാണ് അവനുമായി എനിക്കുള്ളത്,’ വിരാട് പറഞ്ഞു.
അതേസമയം, ബുധനാഴ്ചത്തെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് തയ്യാറെടുക്കുന്നതിനിടെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മക്ക് പരിക്കേറ്റു. ഓവലില്‍ നാളെ നടക്കാനിരിക്കുന്ന മത്സരത്തിന് മുന്നോടിയായി നെറ്റില്‍ ബാറ്റിങ് പ്രാക്ടീസ് നടത്തുന്നതിനിടെയാണ് രോഹിത്തിന് കൈക്ക് പരിക്കേറ്റത്.
ഇടത് കൈയിലെ തള്ളവിരലില്‍ പന്തിടിച്ചതിനെ തുടര്‍ന്ന് താരം ഫിസീഷ്യന്റെ സേവനം തേടി. പരിക്കേറ്റ ഇടത് തള്ളവിരലില്‍ ബാന്‍ഡേജ് ചുറ്റിയ താരം പിന്നീട് പരിശീലനം നിര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്. താരം നാളെ ഫൈനലില്‍ കളിക്കും.
ഇന്ത്യന്‍ നായകന് വിരലിന് പരിക്കേറ്റ വിവരം സ്പോര്‍ട്സ്‌കീഡയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിന്റെ ചിത്രങ്ങളും അവര്‍ പങ്കുവെച്ചിട്ടുണ്ട്.