സംഘപരിവാര്‍ ബോയ്‌ക്കോട്ടുകള്‍ക്കിടയിലും തിയേറ്ററില്‍ കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ് ഷാരൂഖ് ഖാന്‍ ചിത്രം പത്താന്‍. 900 കോടി ക്ലബ്ബില്‍ ഇതിനോടകം തന്നെ ഇടം നേടിയ ചിത്രം ആയിരം കോടി ക്ലബ്ബ് ലക്ഷ്യമിട്ട് ജൈത്രയാത്ര തുടരുകയാണ്. ആമിര്‍ ഖാന്‍ ചിത്രം ദംഗലിന്റെ വേള്‍ഡ് വൈഡ് ഗ്രോസ് പത്താന്‍ മറികടന്നേക്കുമോ എന്നതാണ് സിനിമാ ലോകത്തെ ചര്‍ച്ചാ വിഷയം.
പത്താന്‍ തരംഗം ലോകമെമ്പാടും അലയടിക്കുമ്പോള്‍ ഇന്ത്യന്‍ ടീമിലും പത്താന്‍ ഫീവര്‍ ബാധിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം അവസാനിച്ച ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റിന് വിജയിച്ചതിന് പിന്നാലെ ഇന്ത്യന്‍ താരങ്ങള്‍ പത്താനിലെ സ്റ്റെപ്പുകളിട്ടാണ് ആഘോഷിച്ചത്.
പത്താനിലെ ‘ജൂമേ ജോ പത്താന്‍’ എന്ന ഗാനത്തിലെ ചുവടുകള്‍ വെച്ചാണ് വിരാട് കോഹ്‌ലിയും രവീന്ദ്ര ജഡേജയും വിജയം ആഘോഷിച്ചത്. സംഭവത്തിന്റെ വീഡിയോ വൈറലാകുന്നുണ്ട്. മത്സരത്തിന്റെ മൂന്നാം ദിവസം തന്നെ വിജയം സ്വന്തമാക്കിയതിന്റെ ആവേശത്തിലായിരുന്നു വിരാടും കൂട്ടരും ചുവടുവെച്ചത്.
തങ്ങളുടെ രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഓസ്‌ട്രേലിയ മൂന്നക്കം കാണാതെ പുറത്താവുകയായിരുന്നു. ഒരറ്റത്ത് നിന്ന് സ്റ്റീവ് സ്മിത്ത് പൊരുതിയെങ്കിലും മറുവശത്തുള്ളവരെ ഒന്നൊന്നായി പുറത്താക്കുകയായിരുന്നു ഇന്ത്യയുടെ തന്ത്രം. അശ്വിനും ജഡേജയും ചേര്‍ന്ന് ആ തന്ത്രം ഫലപ്രദമായി നടപ്പാക്കുകയും ചെയ്തു.
ഓസീസ് ഉയര്‍ത്തിയ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ മറികടന്ന ഇന്ത്യ രോഹിത് ശര്‍മയുടെ സെഞ്ച്വറിയുടെയും അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ എന്നിവരുടെ അര്‍ധ സെഞ്ച്വറിയുടെ ബലത്തില്‍ 400 റണ്‍സ് നേടിയിരുന്നു.
223 റണ്‍സിന്റെ കടവുമായി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ഓസീസിന് തുടക്കത്തിലേ പിഴച്ചിരുന്നു. ഉസ്മാന്‍ ഖവാജയുടെ വിക്കറ്റ് നേരത്തെ നഷ്ടപ്പെട്ട ഓസീസ് വിക്കറ്റ് വീഴാതിരിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും ഇന്ത്യന്‍ ബൗളര്‍മാര്‍ അതിന് അനുവദിച്ചില്ല.
അശ്വിനും ജഡേജയും ഓസീസ് ബാറ്റര്‍മാര്‍ക്കുമേല്‍ പടര്‍ന്നുകയറുകയായിരുന്നു. ഇരുവരും ചേര്‍ന്ന് ഏഴ് വിക്കറ്റുകളാണ് പിഴുതെറിഞ്ഞത്. ശേഷിക്കുന്ന വിക്കറ്റുകള്‍ ഷമിയും അക്‌സറും പിഴുതെറിഞ്ഞതോടെ 91 റണ്‍സിന് ഓസീസ് വധം പൂര്‍ത്തിയായി.
ഇതോടെ ഇന്നിങ്‌സിനും 132 റണ്‍സിനുമാണ് ഇന്ത്യ ആദ്യ ടെസ്റ്റിലെ വിജയം ആഘോഷിച്ചത്. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കൊപ്പം തന്നെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലും ലക്ഷ്യം വെക്കുന്ന ഇന്ത്യക്ക് ഈ വിജയം നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല.
A splendid five-wicket haul in the second innings from @ashwinravi99 inspires #TeamIndia to a comprehensive victory in the first #INDvAUS Test 🙌🏻