ന്യൂദല്‍ഹി: നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരായ അതിക്രമങ്ങള്‍ നാല് മടങ്ങായെന്ന് റിപ്പോര്‍ട്ട്. 2014ന് ശേഷം 864 കേസുകളാണ് ക്രൈസ്തവര്‍ക്കെതിരായ ആക്രമങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
റിലീജിയസ് ലിബര്‍ട്ടി കമ്മീഷന്‍ ഓഫ് ഇവാഞ്ചലിക്കല്‍ ഫെല്ലോഷിപ്പാണ് ഈ കണക്ക് പുറത്തുവിട്ടത്. 2024ല്‍ മാത്രമായി 640 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2023ല്‍ 601 കേസുകളും രേഖപ്പെടുത്തി.
2014ല്‍ രേഖപ്പെടുത്തിയ 147 കേസുകളില്‍ നിന്ന് ഏകദേശം നാലിരട്ടി വര്‍ധനവാണ് പിന്നീടുള്ള വര്‍ഷങ്ങളിലുണ്ടായത്. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ ഭരണത്തിലിരിക്കുന്ന ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ ഫയല്‍ ചെയ്തിരിക്കുന്നത്, 188 കേസുകള്‍.
2024ല്‍ ശിക്ഷകള്‍ കൂടുതല്‍ കടുപ്പിച്ചുകൊണ്ട് യു.പി സര്‍ക്കാര്‍ മതപരിവര്‍ത്തന നിരോധന നിയമം ഭേദഗതി ചെയ്തിരുന്നു. ഇതോടെ 60ലധികം ക്രിസ്ത്യാനികളാണ് യു.പിയില്‍ അറസ്റ്റിലായത്.
ഛത്തീസ്ഗഢ് (150), രാജസ്ഥാന്‍ (40), പഞ്ചാബ് (38), ഹരിയാന (34) കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പഞ്ചാബില്‍ കഴിഞ്ഞ ക്രിസ്മസ് കാലയളവില്‍ 11 അക്രമ സംഭവങ്ങളാണ് നടന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ അതിക്രമങ്ങളില്‍ വലിയ തോതില്‍ വര്‍ധനവുണ്ടായെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.
129 അറസ്റ്റുകളും നാല് കൊലപാതകങ്ങളുമാണ് ഈ പത്ത് വര്‍ഷത്തിനിടയില്‍ രേഖപ്പെടുത്തിയത്. ഭീഷണിപ്പെടുത്തിയെന്ന പരാതികളില്‍ 255 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ശാരീരികമായും ലൈംഗികമായും ആക്രമിച്ചതില്‍ 136 കേസുകളും രജിസ്റ്റര്‍ ചെയ്തു.
ഓപ്പണ്‍ ഡോര്‍സ് 2025ല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ക്രൈസ്തവര്‍ക്കെതിരായ പീഡനങ്ങളില്‍ ഇന്ത്യ 11ാം സ്ഥാനത്താണ്. 2013ല്‍ ഇത് 33ാം സ്ഥാനത്തായിരുന്നു. കഴിഞ്ഞ വര്‍ഷം ക്രൈസ്തവര്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് 400 ക്രിസ്ത്യന്‍ നേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു.
തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ നടത്തുന്ന വിദ്വേഷ പ്രസംഗങ്ങളെ അടക്കം അപലപിച്ചായിരുന്നു നേതാക്കളുടെ കത്ത്. ഇതിനിടെ മതപരിവര്‍ത്തന നിരോധന നിയമവുമായി മുന്നോട്ടുപോകരുതെന്ന് അരുണാചല്‍ പ്രദേശ് സര്‍ക്കാരിനോട് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം ആവശ്യപ്പെട്ടു.
Content Highlight: Violence against Christians in India has increased fourfold since Modi took office: Report