കുറഞ്ഞ സിനിമകള്‍ കൊണ്ടുതന്നെ മലയാളത്തിലെ ഹിറ്റ് ഫിലിം മേക്കറായി മാറിയ സംവിധായകനാണ് വിപിന്‍ ദാസ്. ആദ്യ ചിത്രമായ മുദ്ദുഗൗ പരാജയമായിരുന്നു എങ്കിലും ജയ ജയ ജയ ജയ ഹേ എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ച് വരവായിരുന്നു വിപിന്‍ ദാസ് നടത്തിയത്. തുടര്‍ന്ന് വന്ന ഗുരുവായൂരമ്പലനടയില്‍ എന്ന ചിത്രവും അദ്ദേഹം രചന നിര്‍വഹിച്ച വാഴ എന്ന സിനിമയും വലിയ വിജയമായി മാറിയിരുന്നു.
തന്റെ അടുത്ത സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് വിപിന്‍ ദാസ്. പൃഥ്വിരാജിനെ നായകനാക്കി സന്തോഷ് ട്രോഫി എന്ന ചിത്രമാണ് തന്റെ ഷൂട്ടിങ് തുടങ്ങാന്‍ പോകുന്ന ചിത്രമെന്ന് വിപിന്‍ ദാസ് പറയുന്നു. ചിത്രത്തിനായുള്ള പേര് സജസ്റ്റ് ചെയ്തത് നടന്‍ ശബരീഷ് വര്‍മ ആണെന്നും വാഴ സിനിമയുടെ രണ്ടാം ഭാഗത്തിനായുള്ള കഥയെഴുത്തില്‍ ആണ് ഇപ്പോഴെന്നും വിപിന്‍ ദാസ് പറഞ്ഞു.
മോഹന്‍ലാലുമായി അടുത്ത സിനിമ ഉണ്ടാകുമെന്ന റൂമറുകള്‍ താനും കേട്ടുവെന്നും ആന്റണി പെരുമ്പാവൂരുമായി സംസാരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാല്‍ ഇപ്പോള്‍ കുറച്ച് തിരക്കില്‍ ആണെന്നും അത് കഴിഞ്ഞാല്‍ മോഹന്‍ലാലിനോട് കഥ പറയുമെന്നും വിപിന്‍ ദാസ് പറഞ്ഞു. ദി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിപിന്‍ ദാസ്.
‘എന്റെ അടുത്ത ചിത്രമാണ് സന്തോഷ് ട്രോഫി. സന്തോഷ് ട്രോഫി എന്ന പേര് കണ്ടിട്ട് സ്പോര്‍ട്സ് സിനിമയാണെന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. ഒരു ട്രോഫി കാരണം സന്തോഷ് എന്ന വ്യക്തിക്ക് കിട്ടുന്ന പണികളാണ് സിനിമ പറയുന്നത്. കഥ കേട്ട ശേഷം ശബരീഷ് വര്‍മയാണ് ആ പേര് സജസ്റ്റ് ചെയ്തത്.
കഥ കേട്ട ഉടനെ ശബരീഷ് പറഞ്ഞ പേരായിരുന്നു അത്. ഞാന്‍ വേറെ ഒന്ന് രണ്ട് പേരുകള്‍ ആലോചിച്ച് വെച്ചിട്ടുണ്ടായിരുന്നു. പക്ഷെ ഈ പേര് കേട്ടപ്പോള്‍ ഇതാണ് സിനിമക്ക് കൂടുതല്‍ ചേരുന്നതെന്ന് മനസിലായി. ആ സിനിമയും ഉണ്ട്. പിന്നെ വാഴ 2. ഇതിന്റെ രണ്ടിന്റെയും എഴുത്തിലാണ് ഞാന്‍ ഇപ്പോള്‍.
മോഹന്‍ലാല്‍ സിനിമയും ഉണ്ടെന്ന് ഞാനും കേട്ടു (ചിരി). ഇനി ലാലേട്ടനും കൂടെ അത് അറിഞ്ഞാല്‍ മതി. ഞാന്‍ അവരുടെ പ്രൊഡക്ഷന്‍ ഹൗസും ആന്റണി ചേട്ടനുമായൊക്കെ ഒന്ന് സംസാരിച്ചിരുന്നു. ഇനി ലാലേട്ടന്‍ കൂടെ കഥ കേള്‍ക്കണം. അദ്ദേഹം ബറോസിന്റെയെല്ലാം തിരക്കിലാണ്. അതെല്ലാം കഴിഞ്ഞ് സമാധാനമായി കേള്‍ക്കാം എന്നുള്ള ഒരു പ്ലാനാണ്.
Content Highlight: Vipin Das Talks About His Upcoming Projects