Entertainment
ആ വരവേല്‍പ്പ് കണ്ട് അരവിന്ദ് കരഞ്ഞു; സെറ്റിലെ ആയിരം പേര്‍ അന്ന് ആര്‍പ്പുവിളിച്ച് കൈയ്യടിച്ചു: വിപിന്‍ ദാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jul 05, 02:52 am
Friday, 5th July 2024, 8:22 am

വിപിന്‍ ദാസ് സംവിധാനം ചെയ്ത് പൃഥ്വിരാജ് സുകുമാരന്‍ – ബേസില്‍ ജോസഫ് എന്നിവര്‍ ഒന്നിച്ച ചിത്രമായിരുന്നു ഗുരുവായൂരമ്പല നടയില്‍. ഒരു കല്യാണവും അതിനെ ചുറ്റിപ്പറ്റി ഉണ്ടാകുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തില്‍ പറഞ്ഞത്. സിനിമയുടെ ക്ലൈമാക്‌സില്‍ കാമിയോയെന്നോണം അരവിന്ദ് ആകാശും എത്തിരുന്നു. നന്ദനം സിനിമയുടെ റെഫറന്‍സായാണ് താരത്തിനെ ഗുരുവായൂരമ്പല നടയില്‍ കൊണ്ടുവന്നത്. അദ്ദേഹം സിനിമയുടെ ലൊക്കേഷനിലേക്ക് വന്നതിനെ കുറിച്ച് പറയുകയാണ് സംവിധായകന്‍ വിപിന്‍ ദാസ്. സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഗുരുവായൂര്‍ എന്ന് പറയുമ്പോള്‍ മലയാളികളുടെ മനസില്‍ നന്ദനം സിനിമ എന്തായാലും ഓര്‍മ വരുമല്ലോ. രാജു അല്ലായിരുന്നു ഈ സിനിമയില്‍ ഹീറോയെങ്കില്‍ നന്ദനം റെഫന്‍സ് ഇത്ര എഫക്ട് ആവില്ലായിരുന്നു. രാജു ഉള്ളത് കൊണ്ടാണ് അതിന് ഇത്രയും ഇമ്പാക്ട് കിട്ടിയത്. പിന്നെ അത് ഗ്രാജുവലി വന്നതാണ്. അല്ലാതെ നന്ദനം മാത്രം ഫോക്കസ് ചെയ്തതായിരുന്നില്ല ക്ലൈമാക്‌സിലേക്ക് പോയത്.

ബാലാമണിയെ കാണിക്കാന്‍ തോന്നിയിരുന്നില്ലേയെന്ന് ചോദിച്ചാല്‍ അങ്ങനെയൊന്ന് തോന്നിയിരുന്നില്ല. കാരണം അരവിന്ദിനെ കൊണ്ടുവരാമെന്ന് പോലും അവസാന നിമിഷമാണ് തോന്നുന്നത്. ഷൂട്ടിന്റെ ഇടയില്‍ പെട്ടെന്ന് അരവിന്ദിനെ കൊണ്ട് വന്നാലോയെന്ന് തോന്നുകയായിരുന്നു. അങ്ങനെ വിളിച്ചപ്പോള്‍ പെട്ടെന്ന് വന്നാണ് അദ്ദേഹം ആ റോള്‍ ചെയ്തത്.

സെറ്റില്‍ നിന്നുള്ള ഒരു വീഡിയോയുണ്ട്. അദ്ദേഹം ആദ്യമായി സെറ്റിലേക്ക് വരുന്നതും ഗുരുവായൂരമ്പലം കാണുന്നതുമാണ് ആ വീഡിയോ. ആ സമയത്ത് അവിടെ ഉണ്ടായിരുന്ന ആയിരം പേര്‍ കൈയ്യടിച്ചു. ഞങ്ങള്‍ അതേസമയം ബാക്ഗ്രൗണ്ടില്‍ നന്ദനത്തിലെ ജഗനുജഗനുധാ പാട്ട് വെച്ചു. അത് വലിയ ഇമ്പാക്റ്റായിരുന്നു നല്‍കിയത്. ഇതൊക്കെ കണ്ടതും അദ്ദേഹം കരഞ്ഞു.

നന്ദനം ഇറങ്ങിയിട്ട് ഇത്രയും വര്‍ഷങ്ങളായി. എന്നിട്ടും അദ്ദേഹം വന്നപ്പോള്‍ വലിയ കൈയ്യടിയാണ് കിട്ടിയത്. അതുകൊണ്ടാകും അദ്ദേഹം അത്രയും ഇമോഷനാലായത്. അങ്ങനെയൊരു വരവേല്‍പ്പ് ആ സെറ്റില്‍ ആര്‍ക്കും ലഭിച്ചിരുന്നില്ല. ആയിരത്തില്‍ അധികം വരുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ എല്ലാവരും ആര്‍പ്പുവിളിച്ചാണ് കൈയ്യടിച്ചത്,’ വിപിന്‍ ദാസ് പറഞ്ഞു.


Content Highlight: Vipin Das Talks About Aravind Akash In Guruvayoor Ambalanadayil