Advertisement
national news
വഖഫ് ബില്ലിന് പിന്തുണ നല്‍കിയതില്‍ ബി.ജെ.ഡിയില്‍ അസ്വാരസ്യം; നേതാക്കളുമായി കൂടിക്കാഴ്ച നടത്തി പട്‌നായിക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 10, 03:49 am
Thursday, 10th April 2025, 9:19 am

ഭുവനേശ്വര്‍: വഖഫ് ബില്ലിനെ പിന്തുണച്ച നിലപാടിനെ ചൊല്ലി ബി.ജെ.ഡിയില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായതായി റിപ്പോര്‍ട്ട്. വഖഫ് ബില്ലില്‍ ബി.ജെ.പിക്ക് സഹായകമാകുന്ന നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്നാണ് അസ്വാരസ്യങ്ങളുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രശ്‌ന പരിഹാരത്തിനായി പാര്‍ട്ടി അധ്യക്ഷന്‍ നവീന്‍ പട്‌നായിക് മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതായും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കിയതായുമാണ് റിപ്പോര്‍ട്ടുകള്‍.

മുന്‍ രാജ്യ സഭ എം.പി അനങ് ഉദയ് സിങ് ദിയോ, ബി.ജെ.ഡി നിയമസഭ ഉപനേതാവ് പ്രസന്ന ആചാര്യ, മുന്‍ മന്ത്രി ദേബി പ്രസാദ് മിശ്ര എന്നിവരുമായാണ് പട്നായിക് ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തിയത്.

യുവ നേതാക്കള്‍  ഉള്‍പ്പെടെയുള്ള നിരവധി എം.എല്‍.എമാര്‍ വിഷയം ചര്‍ച്ച ചെയ്യാനായി പുതിയ യോഗം ചേര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. ബി.ജെ.ഡി, ബി.ജെ.പിയെ മുന്‍കാലങ്ങളില്‍ സഹായിച്ചത് പോലെ പിന്തുണക്കരുതെന്ന് ആവശ്യപ്പെട്ട് പട്‌നായിക്കിന് നേതാക്കള്‍ മെമ്മോറാണ്ടവും സമര്‍പ്പിച്ചിട്ടുണ്ട്. യുവ നേതാക്കള്‍ ബുധനാഴ്ച പട്നായിക്കിനെ കാണുമെന്നും അറിയിപ്പുണ്ട്.

വഖഫ് ബില്‍ രാജ്യസഭയില്‍ വന്നപ്പോള്‍ ബി.ജെ.ഡി എം.പിമാര്‍ക്ക് വിപ്പ് നല്‍കിയിരുന്നില്ലെന്നും ചില എം.പിമാര്‍ ബില്ലിനെ അനുകൂലിച്ചും ചിലര്‍ എതിര്‍ത്തും വോട്ടുചെയ്യുകയായിരുന്നുവെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടിയില്‍ അസ്വാരസ്യങ്ങള്‍ ഉയര്‍ന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ബി.ജെ.പിയെ സഹായിക്കാനുള്ള നീക്കമാണിതെന്നാണ് ബി.ജെ.ഡി നേതാക്കളില്‍ ഒരു വിഭാഗം പറയുന്നത്. ബി.ജെ.ഡി പ്രസിഡന്റിന്റെ അടുത്ത അനുയായി കാണുന്ന വി.കെ പാണ്ഡ്യനാണ് പാര്‍ട്ടിയുടെ നിലപാട് മാറ്റത്തിന് ഉത്തരവാദിയെന്നും ആരോപണമുണ്ട്.

14 മണിക്കൂര്‍ നീണ്ട് നിന്ന ചര്‍ച്ചകള്‍ക്ക് ശേഷം വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് രാജ്യസഭ വഖഫ് ഭേദഗതി ബില്‍ പാസാക്കിയത്. രാജ്യസഭ ബില്‍ പാസാക്കിയതോടെ ബില്ലിന് പാര്‍ലമെന്റിന്റെ ഔദ്യോഗിക അംഗീകാരം ലഭിച്ചു. പിന്നാലെ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയക്കുകയും തുടര്‍ന്ന് അംഗീകാരം ലഭിക്കുകയുമായിരുന്നു.

സഭയിലെ 128 പേര്‍ ബില്ലിനെ അനുകൂലിച്ചും 95 എതിര്‍ത്തും വോട്ട് ചെയ്തു. അതേസമയം പ്രതിപക്ഷം നിര്‍ദേശിച്ച ഭേദഗതികള്‍ വോട്ടിനിട്ടതിനുശേഷം സഭ തള്ളുകയായിരുന്നു. ലോക്സഭയില്‍ ബില്‍ പാസായി ഒരു ദിവസത്തിന് ശേഷം വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു രാജ്യസഭയില്‍ ബില്‍ അവതരിപ്പിച്ചത്.

Content Highlight: Unease in BJD over support for Waqf Bill; Patnaik meets leaders