Advertisement
Entertainment news
ഒരു കോളേജില്‍ പ്രമോഷന് വേണ്ടി പോയി, സിനിമ വിജയിപ്പിക്കണമെന്ന് പറയുമ്പോള്‍ ഫുള്‍ തെറിയാണ്: വിനീത് ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Feb 02, 05:00 pm
Thursday, 2nd February 2023, 10:30 pm

ശ്യാം പുഷ്‌ക്കരന്റെ തിരക്കഥയില്‍ ശഹീദ് അറാഫത്ത് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് തങ്കം. വിനീത് ശ്രീനിവാസന്‍, ബിജുമേനോന്‍, ഗിരീഷ് കുല്‍ക്കര്‍ണി, വിനീത് തട്ടില്‍ ഡേവിഡ്, അപര്‍ണ ബാലമുരളി തുടങ്ങി നിരവധി അഭിനേതാക്കള്‍ അസാധ്യ പ്രകടനം കാഴ്ചവെച്ച ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍ സിനിമയാണ് തങ്കം.

മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സിലെ പ്രകടനത്തോടെ സിനിമാസ്വാദകരെ ഞെട്ടിച്ച വിനീത്, തങ്കത്തില്‍ കണ്ണന്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.

കോളേജുകളില്‍ സിനിമയുടെ പ്രൊമോഷന്‍ പരിപാടികള്‍ക്ക് പോകുമ്പോഴുണ്ടായ രസകരമായ അനുഭവം പങ്കുവെക്കുകയാണ് വിനീത്.

‘കോളേജുകളിലൊക്കെ പ്രൊമോഷന്‍ പരിപാടിക്ക് പോയാല്‍ രസമാണ്. ഒരിക്കല്‍ ഒരു കോളേജില്‍ പ്രമോഷന് വേണ്ടി പോയി. നിറയെ ആളുകളാണ്. സ്റ്റേജിലും ഞാന്‍ നില്‍ക്കുന്ന സ്ഥലം ഒഴിച്ച് ചുറ്റും ആളുകളുണ്ട്.

ഞാന്‍ മൈക്കിലൂടെ സംസാരിച്ചുകൊണ്ട് നില്‍ക്കുകയാണ്. എന്റെ മൈക്കിന് നല്ല ഡിലേയുണ്ട്. ഞാന്‍ പറഞ്ഞ് കുറച്ച് കഴിഞ്ഞാവും കേള്‍ക്കുക.

അതിനിടക്ക് കോളേജിലെ രണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ തെറിവിളിയായി. ഇവര്‍ രണ്ടു ടീമും എന്റെ രണ്ട് സൈഡിലായാണ് നില്‍ക്കുന്നത്.

ഞാന്‍ ഇവിടെ ഞങ്ങളുടെ സിനിമ വിജയിപ്പിക്കണം എന്ന് പറയുമ്പോള്‍ ഇവന്മാര് ഫുള്‍ തെറിയാണ്.

രണ്ട് സൈഡിലെ തെറിവിളിയും എന്റെ സ്പീച്ചും എല്ലാം കൂടെ ഒരു പ്രത്യേക ഡിലേയിലാണ് ആളുകള്‍ കേള്‍ക്കുന്നത്. ആകെ നാണംകെട്ട അവസ്ഥയിലായിരുന്നു ഞാനും പിള്ളേരും,’ വിനീത് പറഞ്ഞു.

ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ശ്യാം പുഷ്‌കരന്‍, ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ നിര്‍മിച്ച തങ്കം ജനുവരി 26നാണ് റിലീസ് ചെയ്തത്.

തൃശൂരിലുള്ള മുത്ത്, കണ്ണന്‍ എന്നീ രണ്ട് സ്വര്‍ണ ഏജന്റുമാരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ഒരു ക്രൈം ഡ്രാമയായി എത്തുന്ന തങ്കം പറയുന്നത്.

Content Highlight: Vineeth Sreenivasan About Promotion Program Experiences