Entertainment news
അവന്‍ തന്നെയാണ് മുകുന്ദനുണ്ണിയെന്ന് എനിക്ക് തോന്നിയിട്ടുണ്ട്, വീട്ടില്‍ മൂര്‍ഖന്‍ പാമ്പിനെ വളര്‍ത്തുന്നുണ്ടോയെന്ന് ഞാന്‍ ചോദിച്ചിട്ടുണ്ട്: വിനീത് ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Apr 05, 12:31 pm
Wednesday, 5th April 2023, 6:01 pm

മുകുന്ദനുണ്ണി അസോസിയേറ്റ്‌സിന്റെ വിജയാഘോഷത്തിനിടെ വിനീത് ശ്രീനിവാസന്‍ പറഞ്ഞ കമന്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ചിത്രത്തിന്റെ സംവിധായകന്‍ അഭിനവ് സുന്ദര്‍ നായക് അടക്കമുള്ളവര്‍ ആഘോഷ പരിപാടിയില്‍ പങ്കെടുത്തിരുന്നു.

അഭി തന്നെയാണ് മുകുന്ദനുണ്ണി എന്ന് തനിക്ക് സംശയമുണ്ടായിരുന്നു എന്നാണ് വിനീത് പറഞ്ഞത്. വീടിന്റെ ചായ്പ്പില്‍ മൂര്‍ഖനെ ഒളിപ്പിച്ചിട്ടുണ്ടോയെന്ന് താന്‍ തമാശയായി ചോദിക്കാറുണ്ടായിരുന്നു എന്നും വിനീത് പറഞ്ഞു.

‘ അഭി തന്നെയാണ് മുകുന്ദനുണ്ണി എന്ന് എനിക്ക് തോന്നിയിരുന്നു. വീടിന്റെ ചായ്പ്പില്‍ മൂര്‍ഖന്‍ പാമ്പിനെ വളര്‍ത്തുന്നുണ്ടോയെന്ന് പല പ്രാവശ്യം ഞാന്‍ അഭിയോട് ചോദിച്ചിട്ടുണ്ട്,’ വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

പരിപാടിയില്‍ ചിത്രത്തിന്റെ നിര്‍മാതാവായ അജിത് ജോയ്‌യും സംസാരിച്ചു. 15 മിനിട്ടിലെടുത്ത തീരുമാനമാണ് മുകുന്ദനുണ്ണിയെന്നും അങ്ങനെയാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. പൂര്‍ണമായും അഭിനവിനെ വിശ്വസിച്ചാണ് ചിത്രം തെരഞ്ഞെടുത്തതെന്നും സിനിമ വിജയമാകുമെന്ന് കഥ വായിച്ച സമയത്ത് തന്നെ മനസിലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

സുധി കോപ്പ, തന്‍വി റാം, മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ് കോര, ആര്‍ഷ ചാന്ദിനി, നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയ സൈറ, സുധീഷ് തുടങ്ങിയവരും കൊച്ചിയില്‍ വെച്ച് നടന്ന പരിപാടിയില്‍ പങ്കെടുത്തിരുന്നു.

 

content highlight: vineeth sreenivasan about mukundanunni associates