ഗായകനായി എത്തി നടനായും സംവിധായകനായുമൊക്കെ മലയാള സിനിമയില്‍ സജീവമാണ് വിനീത് ശ്രീനിവാസന്‍. ഒരുപിടി മികച്ച ഗാനങ്ങള്‍ മലയാളികള്‍ക്ക് നല്‍കാന്‍ വിനീതിന് സാധിച്ചിട്ടുണ്ട്.
കിളിച്ചുണ്ടന്‍ മാമ്പഴം എന്ന ചിത്രത്തിലെ ‘കസവിന്റെ തട്ടമിട്ട്’ എന്ന ഗാനത്തിലൂടെ പിന്നണി ഗായകനായ വിനീത് ഉദയനാണ് താരം എന്ന ചിത്രത്തിലെ ‘കരളേ കരളിന്റെ കരളേ’ എന്ന ഗാനത്തോടെയാണ് പോപ്പുലറാകുന്നത്.
ചാന്തുപൊട്ട്, നരന്‍, ക്ലാസ്‌മേറ്റ്‌സ്, തുറപ്പുഗുലാന്‍, നോട്ട്ബുക്ക്, വെളിപാടിന്റെ പുസ്തകം, ബിഗ് ബി, കഥ പറയുമ്പോള്‍ തുടങ്ങി ഇരുന്നൂറിലേറെ ഗാനങ്ങള്‍ വിനീത് മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുണ്ട്.
പാട്ടുകളില്‍ കോമഡി ചെരുവകളായി ചേര്‍ക്കുന്ന ചില കാര്യങ്ങളെ കുറിച്ച് സംസാരിക്കുകയാണ് വിനീത്.
ചില പാട്ടുകളില്‍ കുതിരയുടേയും കോഴിയുടേയുമെല്ലാം ശബ്ദം താന്‍ ചേര്‍ത്തിട്ടുണ്ടെന്നും വിനീത് പറയുന്നു. ജിമ്മിക്കി കമ്മല്‍ എന്ന പാട്ടിനെ കുറിച്ചായിരുന്നു വിനീത് സംസാരിച്ചത്.
‘ ഷാനാണ് ജിമിക്കി കമ്മല്‍ എന്ന പാട്ടിനെ കുറിച്ച് എന്നോട് ആദ്യം പറയുന്നത്. നല്ല രസമുള്ള ഒരു ഹൂക്ക് ഫ്രേസ് ലാലു ഏട്ടന്‍ തന്നു പോയിട്ടുണ്ടെന്ന് പറഞ്ഞു.
‘എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്റപ്പന്‍ കട്ടോണ്ട് പോയെ’ എന്ന് തുടങ്ങുന്ന പാട്ട് കറക്ട് ശിങ്കാരി മേളത്തിന്റെ താളത്തിലാണ് ഇരിക്കുന്നത്.
കേട്ടിട്ട് രസമുണ്ട് എന്ന് ഞാന്‍ പറഞ്ഞു. ഈ പാട്ട് നീ പാടണം, നിന്റെ കുറച്ച് കുനഷ്ട് ഇതിനകത്ത് വേണമെന്ന് ഷാന്‍ പറഞ്ഞു. പാട്ട് മുഴുവനായിട്ട് അയച്ചു തരാമെന്ന് പറഞ്ഞു.
അങ്ങനെ ഈ പാട്ട് മുഴുവന്‍ ആയ ശേഷം ഷാന്‍ പാടിയ ഒരു വേര്‍ഷന്‍ എനിക്ക് അയച്ചു തന്നു. ഞാന്‍ ഏതോ സിനിമ കാണാന്‍ വേണ്ടി തിയേറ്ററിന്റെ പാര്‍ക്കിങ്ങില്‍ ഇരിക്കുകയാണ്.
ഞാനും ദിവ്യയും ഉണ്ട്. ഞാന്‍ ഇത് കാറിലിരുന്നാണ് പ്ലേ ചെയ്യുന്നത്. പാട്ട് കഴിഞ്ഞ ഉടനെ ദിവ്യ എന്നോട് പറഞ്ഞു, ഈ പാട്ട് ഒരു പോക്ക് പോകുമെന്ന്. അവളാണ് ആദ്യം അത് പറയുന്നത്.
പാട്ട് അയച്ചു തന്ന ശേഷം, നിനക്ക് ഇതില്‍ എന്തൊക്കെ ആഡ് ചെയ്യാമെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ ഇതിലൊരു കുതിരയുടെ സൗണ്ട് ഇട്ടാലോ എന്ന് ചോദിച്ചു.
പിന്നെ ഡോര്‍ തുറക്കുന്ന പോലത്തെ സൗണ്ട് അതൊക്കെ ഞാന്‍ ചെയ്തതാണ്. അതില്‍ ഷാന്‍ ഓള്‍റെഡി ഇട്ട സാധനങ്ങളൊക്കെ ഉണ്ടായിരുന്നു.
ഞാന്‍ അങ്ങനെ കുറേ മൃഗങ്ങളുടെ ശബ്ദമൊക്കെ കുറേ പാട്ടില്‍ ഇട്ടിട്ടുണ്ട്. ‘കൊക്കക്കോഴി’ എന്ന പാട്ടിന്റെ തുടക്കത്തില്‍ കൊക്കൊക്കൊക്കോ…എന്നൊക്കെ തുടങ്ങുന്ന ശബ്ദമൊക്കെ ഞാന്‍ ചെയ്തതാണ്.
ഷാനിന് ഭയങ്കര സെന്‍സ് ഓഫ് ഹ്യൂമറാണ്. അതുകൊണ്ടാണ് അവന്റെ പാട്ടില്‍ അങ്ങനത്തെ സാധനങ്ങളൊക്കെ വരുന്നത്. പാട്ട് റെക്കോര്‍ഡ് ചെയ്യുന്ന സമയത്തേ ഭയങ്കര കോമഡിയും കാര്യങ്ങളുമൊക്കെയാണ്,’ വിനീത് പറഞ്ഞു.
Content Highlight: Vineeth Sreenivasan about his songs and animal sounds