മമ്മൂക്കയോടൊപ്പമുള്ള എന്റെ ചിത്രം പത്രത്തിൽ വന്നപ്പോഴാണ് കൂട്ടുകാർ ആ സത്യം മനസിലാക്കിയത്: വിനീത് കുമാർ
Entertainment
മമ്മൂക്കയോടൊപ്പമുള്ള എന്റെ ചിത്രം പത്രത്തിൽ വന്നപ്പോഴാണ് കൂട്ടുകാർ ആ സത്യം മനസിലാക്കിയത്: വിനീത് കുമാർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 8th May 2024, 8:58 am

ബാലതാരമായി മലയാള സിനിമയിലേക്ക് അരങ്ങേറിയ നടനാണ് വിനീത് കുമാർ. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ താരങ്ങൾക്കൊപ്പം മികച്ച സിനിമകളുടെ ഭാഗമാകാൻ വിനീതിന് കഴിഞ്ഞിട്ടുണ്ട്. മമ്മൂട്ടിയെ ആദ്യമായി കണ്ട അനുഭവം പങ്കുവെക്കുകയാണ് വിനീത്.

നാട്ടിൽ ഒരു ഉദ്ഘാടനത്തിന് മമ്മൂട്ടി വന്നപ്പോൾ തനിക്ക് കാണാൻ കഴിഞ്ഞില്ലെന്നും ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് ആദ്യമായി മമ്മൂട്ടിയെ അടുത്ത് കണ്ടതെന്നും വിനീത് കുമാർ പറയുന്നു. കാൻ ചാനൽ മീഡിയയോട് സംസാരിക്കുകയായിരുന്നു താരം.

‘ഞങ്ങളുടെ നാട്ടിൽ ഒരു ഉദ്ഘാടനത്തിന് മമ്മൂക്ക വരുന്നുണ്ടായിരുന്നു. അത് നാട്ടിലും സ്കൂളിലുമെല്ലാം വലിയ ചർച്ചയായി. എനിക്ക് പൊതുവെ അച്ഛനെ ഒരു പേടിയായിരുന്നു. അത് കൊണ്ട് മമ്മൂക്കയെ ഒന്ന് കാണണമെന്നുള്ള ആഗ്രഹം ഞാൻ അമ്മ വഴിയാണ് മടിച്ച് മടിച്ച് ഓപേറേറ്റ് ചെയ്തത്. അന്ന് മമ്മൂട്ടി എന്നാണല്ലോ കുട്ടികളും വിളിക്കുക.

ഞാൻ അമ്മയോട് ഇങ്ങനെ വാശി പിടിക്കുന്നു. അമ്മ അച്ഛനോട് കാര്യം പറയുന്നു. അത് കേട്ടിട്ട് അച്ഛൻ, നമ്മളെ പോലെ മനുഷ്യനല്ലേ പിന്നെ എന്താണിപ്പോൾ കാണാനുള്ളത് എന്നൊക്കെ പറഞ്ഞ് എന്നെയങ്ങ് ഒതുക്കി. അച്ഛൻ ഒരു ഫോട്ടോഗ്രാഫറാണ്.

അച്ഛൻ ആ പരിപാടി നടക്കുന്ന സ്ഥലത്ത് കഷ്ടപ്പെട്ടുപോയി മമ്മൂക്കയുടെ കുറെ ഫോട്ടോസൊക്കെ എടുത്ത് അമ്മയ്ക്ക് കാണിച്ചു കൊടുത്തു. അത് കണ്ടിട്ട് എനിക്കിങ്ങനെ ദേഷ്യം വന്നിരുന്നു. അങ്ങനെ എനിക്ക് മമ്മൂക്കയെ കാണാൻ പറ്റിയില്ല.

ഞാൻ സിനിമയിൽ അഭിനയിക്കുന്ന കാര്യമൊന്നും എന്റെ കൂട്ടുകാർക്ക് അറിയില്ലായിരുന്നു. വടക്കൻ വീരഗാഥയിൽ എത്തിയപ്പോഴാണ് മമ്മൂക്കയെ അടുത്ത് നിന്ന് കാണുന്നത്. അതുകഴിഞ്ഞ് എനിക്ക് സംസ്ഥാന അവാർഡ് കിട്ടിയപ്പോഴാണ് മമ്മൂക്ക എന്നെ ചേർത്ത് പിടിച്ചൊരു ഫോട്ടോ ചിത്രഭൂമിയിലും പത്രങ്ങളിലുമെല്ലാം വന്നത്.

അപ്പോഴാണ് എന്റെ കൂട്ടുകാരെ ഞാൻ മമ്മൂക്കയെ കണ്ടെന്ന് വിശ്വസിപ്പിക്കാൻ പറ്റിയത്. ഞാൻ ഈ കഥ പിന്നീട് മമ്മൂക്കയോട് പറഞ്ഞിരുന്നു. എന്റെ നാട്ടിൽ വന്നതെല്ലാം മമ്മൂക്കയ്ക്ക് ഓർമ ഉണ്ടായിരുന്നു. കാരണം അത്രയും ക്രൗഡായിരുന്നു അന്ന്,’വിനീത് കുമാർ പറയുന്നു.

 

Content Highlight: Vineeth Kumar shares his experience of seeing Mammootty for the first time