Entertainment
ലാൽ ജോസ് സാർ പറഞ്ഞിട്ടുണ്ട് പൃഥ്വിരാജിനൊക്കെ നല്ലത് കൊടുത്തിട്ടുണ്ടെന്ന്: വിൻസി അലോഷ്യസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jul 03, 03:08 am
Monday, 3rd July 2023, 8:38 am

മുതിർന്ന അഭിനേതാക്കളോടുള്ള പേടി എക്സ്പീരിയൻസുകൊണ്ടാണ് മാറ്റാൻ സാധിക്കുക എന്ന് നടൻ വിനയ് ഫോർട്ട് പറഞ്ഞിട്ടുണ്ടെന്ന് വിൻസി അലോഷ്യസ്. പ്രിത്വിരാജിനെയൊക്കെ താൻ പേടിപ്പിച്ചിട്ടുണ്ടെന്ന് സംവിധായകൻ ലാൽ ജോസ് പറഞ്ഞിട്ടുണ്ടെന്നും ജനഗണമന എന്ന ചിത്രം ചെയ്യുമ്പോൾ പൃഥ്വിരാജിനോട് ബഹുമാനത്തിൽ കലർന്ന പേടി ഉണ്ടായിട്ടുണ്ടെന്നും വിൻസി പറഞ്ഞു. സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

ഒപ്പം അഭിനയിക്കുന്നവരോട് സൗഹൃദപരമായ ഇടപെടൽ സാധ്യമാകാറുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു വിൻസി.

‘ഒപ്പം അഭിനയിക്കുന്നവരുമായി അറ്റാച്ച്മെന്റ് പെട്ടെന്ന് സാധ്യമാകാറുണ്ട്. ഒപ്പം അഭിനയിക്കുന്നവരും അതുപോലെ ആയാൽ പെട്ടെന്ന് സാധ്യമാകും. ഉദാഹരണത്തിന് ഞാൻ ഇപ്പോൾ അമിതാബ് ബച്ചന്റെ കൂടെ അഭിനയിക്കുകയാണെന്ന് കരുതുക. അയ്യോ ഇത് അമിതാബ് ബച്ചൻ ആണല്ലോ എന്ന ചിന്ത വരുമ്പോൾ പേടി കൂടി വരും. അത് ഒരു ബഹുമാനം കൊണ്ട് ഉണ്ടാകുന്നതാണ്‌. അതൊന്ന് തിരിച്ച് ചിന്തിച്ച് നോക്കണം. അതായത് അമിതാബ് ബച്ചനും ആ പ്രായത്തിൽ ഇതുപോലെ ഒരു പേടിയിൽ കലർന്ന ബഹുമാനമൊക്കെ മുതിർന്ന അഭിനേതാക്കളോട് ഉണ്ടായിട്ടുണ്ടാകും. അതൊക്കെ എക്സ്പീരിയൻസ്കൊണ്ടാണ് മാറ്റുന്നത്. ഇതെനിക്ക് പറഞ്ഞുതന്നത് വിനയ് ചേട്ടനാണ്. അങ്ങനെ മാറ്റിയതാണ് എന്റെ പേടി.

ജനഗണമന ചെയ്യുമ്പോൾ പൃഥ്വിരാജ് അടുത്തുകൂടി വെറുതെ പോയാലും എന്റെ നെഞ്ചിടിപ്പ് കൂടും. ഈ പേടി ഒക്കെ എന്തിനാണെന്ന് എനിക്കറിയില്ല. പുള്ളി അഡ്വക്കേറ്റിന്റെ കോട്ടൊക്കെ ഇട്ടിട്ടാണ് അടുത്തുകൂടി പോകുന്നത്. വെറുതെ ഞാൻ പേടിക്കും. ഞാൻ ഇനി എന്തെങ്കിലും തെറ്റ് ചെയ്‌തോ എന്ന തോന്നൽ ഒക്കെ വരും. അത് നമ്മുടെ മനസിൽ അദ്ദേഹത്തോടുള്ള ബഹുമാനം ഉള്ളതുകൊണ്ടാണ്. അപ്പോൾ വെറുതെ ഒന്ന് ഓർത്തുനോക്കുക പുള്ളി നന്ദനം ഒക്കെ ചെയ്യുമ്പോൾ എത്രമാത്രം പേടിച്ചിട്ടുണ്ടാകും.

 

‘ഞാൻ രാജുവിനൊക്കെ നല്ലത് കൊടുത്തിട്ടുണ്ട്’ എന്ന് ലാൽ ജോസ് സാർ പറഞ്ഞിട്ടുണ്ട്. അപ്പോൾ ലാൽ ജോസ് സാർ പേടിപ്പിച്ചിട്ടും ഉണ്ട് പുള്ളിയും ഇതുപോലെ പേടിച്ചിട്ടും ഉണ്ടാകും,’ വിൻസി അലോഷ്യസ് പറഞ്ഞു.

Content Hoighlights: Vincy Aloshious on Prithviraj and Lal Jose