Film News
പുലയനാണെന്ന് പറഞ്ഞ് പിറകിലേക്ക് പോകില്ല, പറ്റുമെങ്കില്‍ സ്വര്‍ണത്തിന്റെ കിരീടം വെക്കും; വിനായകന്‍ അന്ന് പറഞ്ഞത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Aug 15, 10:31 am
Tuesday, 15th August 2023, 4:01 pm

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമായിരിക്കുന്ന താരമാണ് വിനായകന്‍. നെല്‍സണ്‍ ദിലിപ് കുമാര്‍- രജിനികാന്ത് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ജയിലര്‍ വന്‍വിജയമായതോടെയാണ് ചിത്രത്തിലെ വിനായകന്റെ പെര്‍ഫോമന്‍സും ചര്‍ച്ചയായത്.

ജൂനിയര്‍ ആര്‍ടിസ്റ്റായി ഇന്‍ഡസ്ട്രിയിലെത്തിയ വിനായകന്‍ സാക്ഷാല്‍ രജിനികാന്തിന് നേര്‍ക്ക് നേര്‍ നില്‍ക്കുന്ന വില്ലനോളമെത്തിയ വളര്‍ച്ചയാണ് സോഷ്യല്‍ മീഡിയ കൊണ്ടാടിയത്. ഒപ്പം സ്ഥിരം തമിഴ് തട്ടുപൊളിപ്പന്‍ മാസ് സിനിമകളില്‍ തല്ല് കൊള്ളാനെത്തുന്ന വില്ലന്‍ എന്ന പതിവ് മാറ്റി വെല്ലുവിളി ഉയര്‍ത്തുന്ന ശക്തനായ വില്ലനായാണ് വിനായകന്‍ എത്തിയത്.

ഈ പശ്ചാത്തലത്തില്‍ വിനായകന്റെ പഴയ വീഡിയോ വൈറലവാവുകയാണ്. പുലയനാണെന്ന് പറഞ്ഞ് ഒരിക്കലും പിറകിലേക്ക് പോകില്ല എന്നും പറ്റുമെങ്കില്‍ ഫെരാരി കാറില്‍ വന്നിറങ്ങുമെന്നും സ്വര്‍ണ കിരീടം വെക്കുമെന്നുമാണ് വിനായകന്‍ പറയുന്നത്. മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചതിന് ശേഷം ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം സംസാരിക്കുന്നതാണ് വീണ്ടും വൈറലാവുന്നത്.

‘ഞാന്‍ കുറച്ചുകൂടി അയ്യങ്കാളി ശൈലിയില്‍ ചിന്തിക്കുന്ന മനുഷ്യനാണ്. പറ്റുമെങ്കില്‍ ഫെരാരി കാറില്‍ വരാമെന്നുള്ളതാണ് എന്റെ ചിന്ത. പുലയനാണെന്ന് പറഞ്ഞ് ഞാന്‍ ഒരിക്കലും പിറകിലേക്ക് പോകില്ല. പറ്റുമെങ്കില്‍ സ്വര്‍ണത്തിന്റെ കിരീടവും വെക്കാന്‍ ശ്രമിക്കുന്ന ആളാണ്,’ എന്നാണ് വീഡിയോയില്‍ വിനായകന്‍ പറയുന്നത്.

‘അയാളൊരു നാള്‍ സ്വര്‍ണത്തിന്റെ കിരീടവും വെച്ച് ഫെരാരി കാറില്‍ വന്നിറങ്ങും’ എന്ന ക്യാപ്ഷനോട് കൂടിയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

കഴിഞ്ഞ ഓഗസ്റ്റ് 10നാണ് ജയിലര്‍ റിലീസ് ചെയ്തത്. വര്‍മന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ വിനായകന്‍ അവതരിപ്പിച്ചത്. റിവീസ് ദിനത്തില്‍ തന്നെ വിനായകന്റെ പേര് ചര്‍ച്ചയിലേക്കുയര്‍ന്നിരുന്നു. മനസിലായോ എന്ന വിനായകന്റെ ഡയലോഗും തരംഗമായി.

കൊണ്ടാടപ്പെടേണ്ട ചിത്രമാണ് ജയിലറെന്നും വിനായകന്റെ സിനിമയാണിതെന്നുമാണ് മന്ത്രി വി. ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചത്. തമിഴകം കാത്തിരിക്കുന്ന വിക്രത്തിന്റെ സിനിമ ധ്രുവ നച്ചത്തിരത്തിലും വിനായകന്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

Content Highlight: Vinayakan’s old interview video became viral on social media