വിഷു റിലീസായി എത്തി തിയേറ്ററില്‍ ഇന്നും മികച്ച പ്രതികരണം നേടി മുന്നോട്ട് പോകുന്ന ചിത്രമാണ് ആവേശം. മലയാളത്തിലെ ഈ വര്‍ഷത്തെ നാലാമത്തെ 100 കോടി ചിത്രമായി മാറാന്‍ ആവേശത്തിന് സാധിച്ചിട്ടുണ്ട്. ചിത്രം റിലീസ് ചെയ്ത് വെറും 12 ദിവസം കൊണ്ടായിരുന്നു ഇത്രയും വലിയ കളക്ഷന്‍ ആവേശമ സ്വന്തമാക്കിയത്.
രോമാഞ്ചം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ സിനിമയില്‍ എടുത്ത് പറയേണ്ടത് മ്യൂസിക്കിനെ കുറിച്ചാണ്. സുഷിന്‍ ശ്യാം സംഗീതം നല്‍കിയ പാട്ടിന് വിനായക് ശശികുമാറായിരുന്നു വരികള്‍ എഴുതിയത്.
രോമാഞ്ചം, ഭീഷ്മ പര്‍വ്വം എന്നീ സിനിമകളിലും പാട്ടുകള്‍ എഴുതിയത് വിനായക് ആയിരുന്നു. ആവേശത്തില്‍ ഏറെ വൈറലായ ഒരു പാട്ടായിരുന്നു ‘ഇല്ലുമിനാറ്റി’. ഓരോ പാട്ടുകളും ഓരോരുത്തര്‍ക്കായി ഉള്ളതാണെന്ന് പറയുകയാണ് വിനായകന്‍ ശശികുമാര്‍.
ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇലുമിനാറ്റിയെന്ന് പറയുമ്പോള്‍ ആളുകള്‍ ചിരിയാണെന്നും ഒറിജിനല്‍ ഇലുമിനാറ്റിക്കാര് തന്റെ പുറകെ വരുമോ എന്നാണ് പേടിയെന്നും വിനായക് അഭിമുഖത്തില്‍ പറയുന്നു.
‘ഓരോ പാട്ടുകളും ഓരോരുത്തര്‍ക്കായി ഉള്ളതാണ്. ഇഷ്ടപെട്ടില്ലെങ്കില്‍ വിട്ടേക്കുക എന്നാണ് പറയാനുള്ളത്. ഇലുമിനാറ്റി എന്ന് പറയുമ്പോള്‍ ആളുകള്‍ ചിരിയാണ്. ഒറിജിനല്‍ ഇലുമിനാറ്റിക്കാര് പുറകെ വരുമോ എന്നാണ് എന്റെ പേടി,’ വിനായക് ശശികുമാര്‍ പറഞ്ഞു.
ജിത്തു മാധവന്റെ രോമാഞ്ചം സിനിമക്കായി ആദരാഞ്ജലി നേരട്ടെ എന്ന പാട്ട് എഴുതുമ്പോള്‍ നെഗറ്റീവ് കമന്റുകള്‍ ഉണ്ടാകുമോ എന്ന ഭയമുണ്ടായിരുന്നു എന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നു. ഒപ്പം ഭീഷ്മ പര്‍വ്വം സിനിമക്കായി ‘രതിപുഷ്പം’ പാട്ട് എഴുതിയതിന് ശേഷമുള്ള തന്റെ ഒരു അനുഭവവും വിനായക് പങ്കുവെച്ചു.
‘ആദരാഞ്ജലി എന്ന വാക്ക് ആ പാട്ടില്‍ പ്ലേസ് ചെയ്യുമ്പോള്‍ നെഗറ്റീവ് കമന്റുകള്‍ ഉണ്ടാകുമോ എന്ന ഭയം എനിക്ക് ഉണ്ടായിരുന്നു. കാരണം അതിന് മുമ്പായിരുന്നു ‘രതിപുഷ്പം’ പാട്ട് ഇറങ്ങിയത്. ഒരു തവണ ഞാന്‍ ഒരു വീട്ടില്‍ പോയപ്പോള്‍ അവിടെ കോടതി ജഡ്ജിയായിരുന്നു ഉണ്ടായിരുന്നത്.
അദ്ദേഹത്തോട് ഞാന്‍ പാട്ട് എഴുതുന്ന ആളാണെന്ന് ആരോ പറഞ്ഞിരുന്നു. എന്നെ കണ്ടപ്പോള്‍ അദ്ദേഹം ഒന്ന് അടിമുടി നോക്കി. പിന്നെ ‘ഇയാളാണോ രതിപുഷ്പം എഴുതിയത്’ എന്ന് ചോദിച്ചു. ഞാന്‍ അതേയെന്ന് മറുപടി നല്‍കി. ‘എന്റെ മകനും മകള്‍ക്കും ഒക്കെ ഇഷ്ടമാണ്’ എന്ന് പറഞ്ഞിട്ട് അദ്ദേഹം പോയി. അന്ന് എനിക്ക് അദ്ദേഹം ഞാന്‍ മകനെയും മകളെയും വഴി തെറ്റിച്ചു എന്നാണോ ഉദ്ദേശിച്ചത് എന്ന സംശയമായി. ആദരാഞ്ജലി എഴുതുമ്പോള്‍ അത് ഞാന്‍ ഓര്‍ത്തു,’ വിനായക് ശശികുമാര്‍ പറഞ്ഞു.
Content Highlight: Vinayak Sasikumar Talks About Illuminati Song