അവര്‍ അമ്പിളിയെ കുറിച്ചാണ് പറഞ്ഞത്; ആരാധികേ എന്ന വാക്ക് എനിക്ക് കിട്ടുന്നതും അതിലൂടെയാണ്: വിനായക് ശശികുമാര്‍
Entertainment
അവര്‍ അമ്പിളിയെ കുറിച്ചാണ് പറഞ്ഞത്; ആരാധികേ എന്ന വാക്ക് എനിക്ക് കിട്ടുന്നതും അതിലൂടെയാണ്: വിനായക് ശശികുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 3rd May 2024, 12:14 pm

2019ല്‍ തിയേറ്ററിലെത്തിയ മികച്ച ചിത്രമായിരുന്നു അമ്പിളി. ജോണ്‍പോള്‍ ജോര്‍ജ് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ സൗബിന്‍ ഷാഹിറായിരുന്നു പ്രധാനവേഷത്തില്‍ എത്തിയിരുന്നത്. അമ്പിളിയുടെ ജീവിതമായിരുന്നു സിനിമ പറഞ്ഞിരുന്നത്.

സൗബിനായിരുന്നു ചിത്രത്തില്‍ അമ്പിളിയായി എത്തിയത്. സൗബിന് പുറമെ നവീന്‍ നസീം, തന്‍വി റാം എന്നിവരും ചിത്രത്തില്‍ ഒന്നിച്ചിരുന്നു. തന്‍വി റാം അമ്പിളിയില്‍ ടീന എന്ന കഥാപാത്രമായിട്ടായിരുന്നു എത്തിയത്.

ചിത്രത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു പാട്ടായിരുന്നു ‘ആരാധികേ’. ഈ പാട്ടിന് വരികള്‍ എഴുതിയിരുന്നത് വിനായക് ശശികുമാര്‍ ആയിരുന്നു. അമ്പിളിക്ക് വേണ്ടി പാട്ടെഴുതുമ്പോള്‍ എങ്ങനെയാണ് അതില്‍ ആരാധികേ എന്ന വാക്ക് വന്നതെന്ന് പറയുകയാണ് വിനായക്. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്നോട് കഥ പറയുമ്പോള്‍ പറഞ്ഞത്, സമൂഹം എങ്ങനെയാണ് അമ്പിളിയെ കാണുന്നത് എന്നായിരുന്നു. ചിലപ്പോള്‍ അയാളെ മിസ് ചെയ്യുമ്പോഴാണ് തങ്ങള്‍ക്ക് ആ വ്യക്തിയെ ഇഷ്ടമായിരുന്നു എന്ന് നാട്ടുകാര്‍ തിരിച്ചറിയുന്നത്. എന്നാല്‍ അമ്പിളി ഉള്ളപ്പോഴൊക്കെ കളിയാക്കുന്ന നാട്ടുകാരാണ് അയാള്‍ക്ക് ഉള്ളത്.

പിന്നെ അമ്പിളിക്ക് ആകെയുള്ളത് ടീന എന്ന ബാല്യകാല സഖിയാണ്. അവള്‍ ശരിക്കും അയാളുടെ ഒരു ഫാനാണ്. ബാക്കിയുള്ളവരൊക്കെ കളിയാക്കുമ്പോള്‍ അമ്പിളിയെ ശരിക്കും ആരാധിക്കുന്നത് ടീന മാത്രമാണ്. എന്നാല്‍ അവള്‍ ഇപ്പോള്‍ അവിടെ നാട്ടില്‍ ഇല്ല. പുറത്ത് എവിടെയോ ആണ് ഉള്ളത്.

മാത്രവുമല്ല, വല്ലപ്പോഴും മാത്രമാണ് ടീന നാട്ടിലേക്ക് വരികയുമുള്ളൂ. അതാണ് ഈ ആരാധികേ എന്ന വാക്ക് കിട്ടാന്‍ കാരണമായത്. ആരാധികക്ക് വേണ്ടിയുള്ള അമ്പിളിയുടെ കാത്തിരിപ്പാണ് ആദ്യ വരിയില്‍ പറയുന്നത്. ആരാധികേ എന്ന് എഴുതാന്‍ കാരണം ഈ പോയന്റാണ്,’ വിനായക് ശശികുമാര്‍ പറഞ്ഞു.


Content Highlight: Vinayak Sasikumar Talks About Aaradhike Song In Ambili