ദൈവത്തെ നിന്ദിക്കുന്ന വരികളൊന്നും ആ പാട്ടിലില്ല, പാവം ഭക്തന്റെ അവസ്ഥ വിവരിക്കുന്നതാണ് അതിലെ വരികള്‍: വിനായക് ശശികുമാര്‍
Entertainment
ദൈവത്തെ നിന്ദിക്കുന്ന വരികളൊന്നും ആ പാട്ടിലില്ല, പാവം ഭക്തന്റെ അവസ്ഥ വിവരിക്കുന്നതാണ് അതിലെ വരികള്‍: വിനായക് ശശികുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 11th June 2024, 5:59 pm

റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോഴും തിയേറ്ററുകളില്‍ മികച്ച രീതിയില്‍ മുന്നേറുകയാണ് ഗുരുവായൂരമ്പല നടയില്‍. പൃഥ്വിരാജും ബേസില്‍ ജോസഫും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം ഇതിനോടകം 90 കോടിയോളം കളക്ട് ചെയ്തുകഴിഞ്ഞു. ചിത്രത്തിലെ ഏറ്റവും വലിയ ഹൈലൈറ്റായിരുന്നു ക്ലൈമാക്‌സിലെ കൃഷ്ണാ എന്ന പാട്ട്. അങ്കിത് മേനോന്‍ സംഗീതം നല്‍കിയ പാട്ട് ആലപിച്ചത് അജു വര്‍ഗീസാണ്.

അവസാനത്തെ കൂട്ടപ്പൊരിച്ചിലില്‍ കൃഷ്ണാ എന്ന പാട്ട് കൂടിയായപ്പോള്‍ മികച്ച തിയേറ്റര്‍ അനുഭവമായി മാറി. എന്നാല്‍ ആ പാട്ട് ഒരു ദൈവത്തെയും നിന്ദിച്ചുകൊണ്ടുള്ളതല്ല എന്ന് പറയുകയാണ് ഗാനരചയിതാവ് വിനായക് ശശികുമാര്‍. കല്യാണം മുടക്കാന്‍ ഒരുപാട് പേര്‍ റെഡിയായി നില്‍ക്കുമ്പോള്‍ ആകെയുള്ള ആശ്രയം കൃഷ്ണനാണെന്നും സഹായത്തിന് വേണ്ടി കൃഷ്ണനെ വിളിക്കുന്നതാണ് ആ പാട്ടെന്നും വിനായക് പറഞ്ഞു.

ഗീതയിലെ അര്‍ജുനവിഷാദയോഗത്തില്‍ യുദ്ധം ചെയ്യാനാകാതെ അര്‍ജുനന്‍ ഇരിക്കുന്നതു പോലെ ഇതിലെ നായകനും ഇരിക്കുകയാണെന്നും വിനായക് പറഞ്ഞു. ഇവിടെ നായകന് പകരം യുദ്ധം ചെയ്യണമെന്ന് കൃഷ്ണനോട് പറയുന്ന സിറ്റുവേഷനാണെന്നും വിനായക് കൂട്ടിച്ചേര്‍ത്തു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് വിനായക് ഇക്കാര്യം പറഞ്ഞത്.

‘ആ പാട്ടില്‍ ദൈവത്തെ നിന്ദിക്കുന്നതായിട്ട് ഒന്നുമില്ല. കൃഷ്ണനോട് അപേക്ഷിക്കുന്ന വരികളാണ്. കാരണം, എങ്ങനെയെങ്കിലും കല്യാണം നടത്തണമെന്ന് നായകന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും അത് മുടക്കാന്‍ വേണ്ടി ഒരുപാട് ആളുകള്‍ ശ്രമിക്കുന്നുണ്ട്. ഇനി ആകെയുള്ള ആശ്രയം ഗുരുവായൂരപ്പനാണ്. ഗീതയിലെ അര്‍ജുനവിഷാദയോഗത്തില്‍ യുദ്ധം ചെയ്യാന്‍ പറ്റാതെ അര്‍ജുനന്‍ ഇരിക്കുമ്പോള്‍ കൃഷ്ണന്‍ വന്ന് ഉപദേശിച്ചിട്ടാണ് ശരിയാകുന്നത്. ഇവിടെ കൃഷ്ണനോട് പറയുകയാണ്, നീ വന്ന് യുദ്ധം ചെയ്താലേ ശരിയാകുള്ളൂ എന്ന്.

ആ വരികളില്‍ അത് കൃത്യമായി പറയുന്നുണ്ട്. ‘പൊന്നമ്പല നട തുറന്ന്, മഞ്ഞമുണ്ട് മടക്കികുത്തി പടക്ക് നീ ഇറങ്ങിവായോ പകച്ചു നില്‍പ്പൂ പാവം അര്‍ജുനന്‍’, എന്ന്. അതായത്, കൃഷ്ണന്‍ ഇറങ്ങി വരാതെ ഇനി ഒന്നും നടക്കില്ലെന്ന്. അതുപോലെ കൃഷ്ണന്‍ പതിനാറായിരത്തിയെട്ട് തവണ കല്യാണം കഴിച്ചിട്ടുണ്ട്. ഇവിടെ ഒരൊറ്റ കല്യാണം മാത്രമേയുള്ളൂ, അത് നല്ല രീതിയില്‍ നടത്തിത്തരണം എന്ന് ആവശ്യപ്പെടുകയാണ്. ആ പാട്ടില്‍ അത്രയേ ഉദ്ദേശിക്കുന്നുള്ളൂ, വേറൊന്നും ഇല്ല,’ വിനായക് പറഞ്ഞു.

Content Highlight: Vinayak Sasikumar about the Krishna song in Guruvayoor Ambalanadayil