മലയാളികള്‍ക്ക് മണിച്ചിത്രത്താഴ് എന്ന ഒരൊറ്റ സിനിമയിലൂടെ തന്നെ ഏറെ പരിചിതയായ നടിയാണ് വിനയ പ്രസാദ്. ചിത്രത്തില്‍ ശ്രീദേവി എന്ന കഥാപാത്രമായിട്ടാണ് വിനയ എത്തിയത്. മണിച്ചിത്രത്താഴിന് മുമ്പ് പെരുന്തച്ചന്‍, മൂക്കില്ല രാജ്യത്ത് എന്നീ മലയാള സിനിമകളില്‍ നടി അഭിനയിച്ചിരുന്നു. ഇപ്പോള്‍ 1991ല്‍ അഭിനയിച്ച പെരുന്തച്ചനെ കുറിച്ച് പറയുകയാണ് വിനയ. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
‘ഡയലോഗുകള്‍ പഠിച്ച് പഠിച്ച് പറയാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു. പെരുന്തച്ചന്‍ എന്ന സിനിമയുടെ ആദ്യ ദിവസം തന്നെ അവര്‍ എനിക്ക് മൂന്നോ നാലോ വരി ഡയലോഗുകള്‍ എഴുതി തന്നു. മൂന്നുനാല് വരിയെന്ന് പറയുന്നത് നിസാര കാര്യമാണ്. ഭര്‍ത്താവിനോട് സംസാരിക്കുന്ന ഡയലോഗായിരുന്നു അത്.
എനിക്ക് ആ കഥാപാത്രത്തിന്റെ ഗ്രാഫ് അറിയാമായിരുന്നു. പക്ഷെ മലയാളം ഒരക്ഷരം പോലും പറയാനാകുകയോ ഭാഷ ഒട്ടും മനസിലാകുകയോ ചെയ്തിരുന്നില്ല. ഞാന്‍ അതുവരെ കണ്ട മലയാള സിനിമകളൊക്കെ അവാര്‍ഡ് വിന്നിങ് ഫിലിംസായിരുന്നു. അതിനൊക്കെയും സബ് ടൈറ്റില്‍സും ഉണ്ടായിരുന്നു. സബ് ടൈറ്റില്‍സ് ഫോളോ ചെയ്താണ് ഞാന്‍ ആ സിനിമ മനസിലാക്കിയത്.
എനിക്ക് മലയാളം ഒട്ടും അറിയില്ലായിരുന്നു. തമ്പുരാട്ടിയെ പോലെ ഡ്രസൊക്കെ ചെയ്ത് ഒരുങ്ങി നില്‍ക്കുന്ന എനിക്ക് ആദ്യ ദിവസം തന്നെ അവര്‍ പറയാനുള്ള ഡയലോഗ് തന്നു. ഈ ഡയലോഗ് പറയേണ്ടേ. എന്നാല്‍ ഇതൊന്നും വായിക്കാന്‍ എനിക്ക് അറിയില്ലല്ലോ.
അത് കന്നഡയില്‍ എഴുതി തന്നു. പക്ഷെ എങ്ങനെ വായിക്കണമെന്ന ചോദ്യമുണ്ടായിരുന്നു. കാരണം ഡയലോഗ് പറയാന്‍ നാവ് വഴങ്ങണ്ടേ. അതുമാത്രമല്ല, അവിടെ ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ സന്തോഷ് ശിവന് മാത്രമേ മനസിലാകുമായിരുന്നുള്ളൂ. അദ്ദേഹത്തിന് ഇംഗ്ലീഷ് അറിയാമായിരുന്നു. അവിടെയുള്ള മറ്റാര്‍ക്കും ഇംഗ്ലീഷ് അറിയില്ലായിരുന്നു.
അവസാനം ഒരു ദിവസം സമയം തരാമോയെന്ന് ഞാന്‍ റിക്വസ്റ്റ് ചെയ്തു. അന്ന് ഗൂഗിളോ മൊബൈല്‍ ഫോണോ ഉണ്ടായിരുന്നില്ല. ഒരു പുസ്തകം വാങ്ങാമെന്നായിരുന്നു ഞാന്‍ കരുതിയത്. ഓരോ വാക്കുകള്‍ കിട്ടുമ്പോഴും അതില്‍ എഴുതി വെക്കാമെന്ന് കരുതി.
പക്ഷെ എന്റെ ഭാഗ്യത്തിന് അന്ന് രാത്രി ആ ഹോട്ടലിലേക്ക് എം.ടി. വാസുദേവന്‍ സാര്‍ വന്നു. എന്റെ ബുദ്ധിമുട്ട് പറഞ്ഞതും ഒന്നര മണിക്കൂറ് കൊണ്ട് അദ്ദേഹം എനിക്ക് എല്ലാം പറഞ്ഞു തന്നു. ഈ കഥയും എന്റെ കഥാപാത്രവും ആ ഡയലോഗിന്റെ അര്‍ത്ഥം എന്താണെന്നും ഡയലോഗ് പറയുമ്പോള്‍ കോമ എവിടെ വേണമെന്നുമൊക്കെ പറഞ്ഞു തന്നു,’ വിനയ പ്രസാദ് പറയുന്നു.
Content Highlight: Vinaya Prasad Talks About Santhosh Sivan And Perumthachan Movie