Advertisement
Entertainment
എട്ട് ഫൈറ്റ് അല്ലെങ്കില്‍ ഒമ്പത് ഫൈറ്റ്, അതിനകത്തൊരു കാമുകി; എന്തിനാ ഈ പണിക്ക് ഇറങ്ങുന്നതെന്ന് തോന്നിപോയി: വിജയരാഘവന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 23, 10:12 am
Sunday, 23rd March 2025, 3:42 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് വിജയരാഘവന്‍. വര്‍ഷങ്ങളായി മലയാള സിനിമയില്‍ തുടരുന്ന അദ്ദേഹം നിരവധി ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. ഈ കാലത്തിനിടയ്ക്ക് പല തരത്തിലുള്ള വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്തു ഫലിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. പൂക്കാലം എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച സഹനടനുള്ള സംസ്ഥാന അവാര്‍ഡ് വിജയരാഘവനെ തേടിയെത്തിയിരുന്നു.

2000ത്തിന്റെ തുടക്കത്തില്‍ തനിക്ക് നായകനാകേണ്ടെന്ന് പറഞ്ഞ് സിനിമയില്‍ നിന്നും വിട്ട് നിന്നെന്ന് വിജയരാഘവന്‍ പറയുന്നു. ഒരേപോലെയുള്ള കഥകളും കഥാപാത്രങ്ങളും മാത്രം വന്നതുകൊണ്ടാണ് അങ്ങനെ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തനിക്ക് സിനിമയില്‍ സ്റ്റാര്‍ ആകാനല്ല താത്പര്യമെന്നും നല്ല നടനാകുന്നതിനാണ് താത്പര്യമെന്നും വിജയരാഘവന്‍ പറയുന്നു. ഫിലിമി ബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് അദ്ദേഹം.

‘നായകാനാകാന്‍ വയ്യാത്തത് കൊണ്ട് 2000ത്തില്‍ സിനിമയില്‍ അഭിനയിക്കുന്നത് ഞാന്‍ നിര്‍ത്തിയിരുന്നു. കുറെ സിനിമകള്‍ ഒരുപോലത്തെ തന്നെ ആയപ്പോള്‍ എനിക്ക് മടുക്കാന്‍ തുടങ്ങിയിട്ടുണ്ടായിരുന്നു.

എന്നെ ഒക്കെ വിളിക്കുന്ന സിനിമകള്‍ക്ക് ഒരു ഫ്രെയിം ഉണ്ടായിരുന്നു. എട്ട് ഫൈറ്റ് അല്ലെങ്കില്‍ ഒമ്പത് ഫൈറ്റ് അതിനകത്തൊരു കാമുകി കാണും അച്ഛന്‍ കാണും പാട്ടുണ്ടാകും അങ്ങനെയൊക്കെ ഉള്ള കഥയായിരുന്നു അന്ന് വന്നുകൊണ്ടിരുന്നത്. പിന്നെ മലബാറിലൊക്കെ എന്നെ വിളിക്കും അതും ഫൈറ്റ് ഉള്ളതുകൊണ്ട്, പിന്നെ അത് കൂലി പണിക്ക് ഇറങ്ങുന്നത് പോലെ ആയി.

ഒരു ആക്ടര്‍ എന്നുള്ളത് നഷ്ടപ്പെടും. നമുക്ക് തന്നെ വൈകുന്നേരമാകുമ്പോള്‍ തോന്നും എന്തിനാ ഈ പണിക്ക് ഇറങ്ങുന്നതെന്ന്. അങ്ങനെ ഒരു അവസ്ഥയുണ്ടായിരുന്നു എനിക്ക്. എല്ലാവര്‍ക്കും അങ്ങനെ ആവണമെന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം നല്ലൊരു നടനാവുക എന്നതാണ് പ്രധാനകാര്യം അല്ലാതെ ഒരു താരം ആകുക എന്നല്ല,’ വിജയരാഘവന്‍ പറയുന്നു.

Content Highlight: Vijayaraghavan Talks About Why He Took A Break In 2000’s