'ദളപതി വിജയ്'...; എന്ത് കൊണ്ടാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ പേര് ഭയപ്പെടുന്നത്
indian cinema
'ദളപതി വിജയ്'...; എന്ത് കൊണ്ടാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ പേര് ഭയപ്പെടുന്നത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 22nd June 2020, 2:36 pm

ഇന്ന് ജൂണ്‍ 22, തമിഴ് സിനിമാ നടനായ വിജയ് എന്ന ജോസഫ് വിജയ് ചന്ദ്രശേഖറിന്റെ ജന്മദിനം. മറ്റൊരു തമിഴ് താരത്തിനും ലഭിക്കാത്ത വിധം കേരളത്തിലടക്കം വിജയ്‌യുടെ ജന്മദിനം സോഷ്യല്‍ മീഡിയയില്‍ ട്രെന്റിംഗാണ് .

വെള്ളിത്തിരയ്ക്ക് അപ്പുറത്തും വിജയ് ഇന്ന് ഏറ്റവും സ്വാധീനവും ചര്‍ച്ചയും ആവുന്ന വ്യക്തിത്വമാണ്.

അതേസമയം വിജയ്‌യെ ചുറ്റിപറ്റി വിവാദങ്ങളും നിരന്തരം സംഭവിച്ചു കൊണ്ടിരിക്കുന്നുണ്ട്. ഏറ്റവും ഒടുവില്‍ 30 മണിക്കൂര്‍ നീണ്ട് നിന്ന ആദായ നികുതി വകുപ്പിന്റെ റെയ്ഡിലൂടെയാണ് വിജയും വിവാദങ്ങളും പുതുതായി ആരംഭിച്ചത്.

എന്നാല്‍ ഈ പരിശോധനയില്‍ അനധികൃതമായി ഒരു രൂപ പോലും വിജയ്‌യുടെ പക്കല്‍ നിന്ന് ആദായ നികുതി വകുപ്പ് പിടികൂടിയിട്ടില്ല. ഇതൊടെ രാഷ്ട്രീയ പക പോക്കലിന്റെ ഭാഗമായിട്ടാണ് ഈ റെയ്ഡ് നടന്നതെന്ന് ആരോപണങ്ങളും വിവിധ മേഖലകളില്‍ നിന്ന് ഉയര്‍ന്നു.

തമിഴ്‌നാട്ടിലെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളായ അണ്ണാ ഡി.എം.കെയോ ഡി.എം.കെയോ വിഷയത്തില്‍ കാര്യമായ പ്രതികരണം പോലും നടത്തിയിരുന്നില്ല.

ദിവസങ്ങള്‍ക്ക് ശേഷം ഫെബ്രുവരി 10 ന് ഡി.എം.കെയുടെ എം.പിയായ ദയനിധി മാരനാണ് പാര്‍ലമെന്റില്‍ വിജയുമായി ബന്ധപ്പെട്ട വിവാദം ഉന്നയിക്കുന്നത്.

ഇത് ആദ്യമായിട്ടല്ല വിജയ് ഇത്തരത്തില്‍ രാഷ്ട്രീയക്കാരുടെ അനിഷ്ടത്തിന് ഇരയാവുന്നത്. 2010 ന് ശേഷമാണ് വിജയ് നിരന്തരം രാഷ്ട്രീയക്കാരുടെ കണ്ണിലെ കരടാവുന്നത്. നിലപാടുകള്‍ കൊണ്ട് മാത്രമായിരുന്നില്ല അത്.

നിരവധി ഘട്ടങ്ങളില്‍ വിജയ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാം എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. നിലവില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് സമമായ ഘടനയോടെ തന്നെ പ്രവര്‍ത്തിക്കുന്ന ആരാധക സംഘമാണ് വിജയ്ക്ക് ഉള്ളത്.ഷൂട്ടിംഗ് തടസപ്പെടുത്താനുള്ള ബി.ജെ.പിയുടെ ശ്രമം പാളി

90 കളില്‍ രജനികാന്തിന് തമിഴ്‌നാട്ടില്‍ ഉണ്ടായിരുന്ന സ്വാധീനത്തിന് സമമാണ് വിജയ്ക്ക് ഇന്ന് തമിഴ്‌നാട്ടില്‍ ഉള്ളത്. രാഷ്ട്രീയപരമായി ആദ്യം വിജയെ നേരിടാന്‍ ശ്രമിച്ചത് അണ്ണാ ഡി.എം.കെയുടെ നേതൃത്വത്തിലുള്ള ജയലളിത സര്‍ക്കാര്‍ ആയിരുന്നു.

‘തലൈവ’ time to lead… എന്ന പേരില്‍ വന്ന ചിത്രത്തോടെ തമിഴ് സിനിമാ ചരിത്രത്തില്‍ എക്കാലത്തെയും പോലെ വിജയുടെ ലക്ഷ്യവും രാഷ്ട്രീയമായിരിക്കുമോ എന്ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭയന്നത്.ചിത്രത്തിന് തമിഴ്നാട്ടില്‍ അപ്രഖ്യാപിത വിലക്കുകള്‍ വന്നു. കേരളത്തില്‍ റിലീസ് ചെയ്ത് നാല് ദിവസത്തിലധികം കഴിഞ്ഞ ശേഷമായിരുന്നു തമിഴ്നാട്ടില്‍ റിലീസ് ചെയ്തത്.

തൊട്ട് അടുത്ത് വന്ന കത്തിയിലെ സംഭാഷണങ്ങള്‍ ഡി.എം.കെയെ ചൊടിപ്പിച്ചു. 2 G സ്‌പെക്ട്രം അഴിമതിയടക്കമുള്ള കാര്യങ്ങള്‍ വിജയ് സിനിമയിലൂടെ ഉന്നയിച്ചതായിരുന്നു പ്രശ്‌നം.

പിന്നീട് 2015 ല്‍ പുറത്തിറങ്ങിയ പുലി ബോക്സോഫിസില്‍ തകര്‍ന്നടിഞ്ഞു പക്ഷേ അന്ന് ആദ്യത്തെ ആദായ നികുതി വകുപ്പിന്റെ പരിശോധന വിജയ്‌യുടെ വീട്ടില്‍ നടന്നത്. എന്നാല്‍ ഇതില്‍ വിജയ്ക്ക് ക്ലീന്‍ ചീറ്റ് ലഭിച്ചു.

തൊട്ട് അടുത്തതായി ഇറങ്ങിയ മെരസല്‍ കേന്ദ്രസര്‍ക്കാരിനെ തന്നെ ചൊടിപ്പിക്കുന്നതായിരുന്നു. ബി.ജെ.പി നേതൃത്വത്തില്‍ നിന്ന് കടുത്ത എതിര്‍പ്പുകളാണ് താരത്തിനും സിനിമക്കും നേരിടേണ്ടി വന്നത്. തങ്ങളുടെ അഭിമാന പദ്ധതിയായ ജി.എസ്.ടിയെ നിശിതമായി വിജയ് വിമര്‍ശിച്ചതോടെ വര്‍ഗീയ കാര്‍ഡിറക്കാനും ബി.ജെ.പി മറന്നില്ല.

വിജയ് ക്രിസ്ത്യാനിയാണെന്നും അതുകൊണ്ടാണ് അമ്പലങ്ങള്‍ക്ക് പകരം ആശുപത്രി വേണം എന്നുള്ള ഡയലോഗ് സിനിമയില്‍ പറഞ്ഞതെന്നുമായിരുന്നു സംഘപരിവാരത്തിന്റെ വിമര്‍ശനം. വിജയുടെ മുഴുവന്‍ പേര് ജോസഫ് വിജയ് ആണെന്നതായിരുന്നു ഇതിന് അവര്‍ കണ്ടെത്തിയ ന്യായം.

എന്നാല്‍ ഈ പ്രചരണത്തെ വിജയ് പ്രതിരോധിച്ചത് ജോസഫ് വിജയ് എന്ന തന്റെ പേരില്‍ നിന്ന് കൊണ്ട് തന്നെയായിരുന്നു. ജീസസ് രക്ഷിക്കട്ടെ എന്ന് ലെറ്റര്‍ പാഡില്‍ ജോസഫ് വിജയ് എന്ന പേരില്‍ നിന്നുകൊണ്ട് തന്റെ പേര് ജോസഫ് വിജയ് എന്നാണ് അതില്‍ എന്താണ് തെറ്റെന്ന് ചോദിച്ചു കൊണ്ടായിരുന്നു.

ഇതിനും മുമ്പ് തന്നെ വിജയ് ബി.ജെ.പി സര്‍ക്കാരിന്റെ കണ്ണിലെ കരടായിരുന്നു. ‘നോട്ട് നിരോധനം’ നടപ്പിലാക്കിയ ഘട്ടത്തില്‍’ നോട്ട് നിരോധനം എത്ര വലിയ നടപടി ആയാലും 80 ശതമാനം വരുന്ന ജനതയെ തെരുവില്‍ നിര്‍ത്തുന്ന പരിഷ്‌കാരങ്ങളോട് യോജിക്കാന്‍ കഴിയില്ലെന്ന് ‘ വിജയ് തുറന്നുപറഞ്ഞിരുന്നു.

സിനിമയിലൂടെ മാത്രമായിരുന്നില്ല വിജയ് തന്റെ രാഷ്ട്രീയം ഉറക്കെ പറഞ്ഞത്. സിനിമയ്ക്ക് പുറത്തും മനുഷ്യപക്ഷത്തിന്റെ രാഷ്ട്രീയം അയാള്‍ സംസാരിക്കുന്നുണ്ടായിരുന്നു. വിമര്‍ശനങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കും മുമ്പില്‍ തലക്കുനിച്ച് കൊടുത്തില്ല. സാമൂഹിക പ്രശ്‌നങ്ങളില്‍ മാധ്യമങ്ങളെ പോലും അറിയിക്കാതെ അയാള്‍ ഇടപ്പെട്ടു.

ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ നടികര്‍ സംഘം പ്രശ്‌നത്തില്‍ ഇടപെടുന്നതിന് മുന്‍പ് തന്നെ ചെന്നൈ മറീന ബീച്ചില്‍ ആള്‍കൂട്ടത്തിനിടയില്‍ മുഖം മറച്ച് അവരില്‍ ഒരാളായി നിന്നു.

തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് ഗ്രൂപ്പിനെതിരെ നടത്തിയ സമരത്തിനെതിരെ പൊലീസ് എന്‍കൗണ്ടറില്‍ കൊല്ലപ്പെട്ട ആളുകളുടെ വീട്ടില്‍ അയാള്‍ ഒരു മാധ്യമങ്ങളെയും അറിയിക്കാതെ എത്തി., വെടിവെപ്പിനിടെ കൊല്ലപ്പെട്ട 13 കുടുംബാംഗങ്ങളുടെ വീട്ടിലും വിജയ് സന്ദര്‍ശനം നടത്തിയിരുന്നു. ആരാധകര്‍ കൂടുമെന്നതിനാല്‍ വളരെ രഹസ്യമായിട്ടായിരുന്നു വിജയ് കുടുംബങ്ങളെ കാണാനെത്തിയത്.

അര്‍ധരാത്രിയോടെ ബൈക്കിലെത്തിയ വിജയ് കുടുംബാംഗങ്ങളെ കണ്ട് ആശ്വസിപ്പിക്കുകയും ഒരുലക്ഷം രൂപ വീതം ധനസഹായം നല്‍കുകയും ചെയ്തു. പ്രദേശവാസികളില്‍ ചിലര്‍ മൊബൈലില്‍ പകര്‍ത്തിയ ഫോട്ടോകള്‍ പ്രചരിച്ചതിനെത്തുടര്‍ന്നാണ് വിജയുടെ സന്ദര്‍ശനത്തെപ്പറ്റി മാധ്യമങ്ങള്‍ അറിഞ്ഞത്.

തുടര്‍ന്ന് തന്റെ പിറന്നാള്‍ ആഘോഷങ്ങള്‍ പതിവ് രീതിയില്‍ നടത്താന്‍ പാടില്ലെന്ന് ആരാധകരോട് പറഞ്ഞു. കാവേരി നദി സമരത്തിലും വെള്ളിത്തിരയ്ക്ക് പുറത്ത് അയാള്‍ ഉണ്ടായിരുന്നു.

ഇതെല്ലാം തമിഴ്‌നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ ചെറുതല്ലാത്ത ഭയം ഉണ്ടാക്കിയിട്ടുണ്ട്. ജയലളിതയ്ക്ക് ശേഷം എന്ത് എന്ന ചോദ്യം ഉയര്‍ത്തി ഒരു നേതാവ് ഇല്ലാതെ ഉഴലുകയാണ് അണ്ണാ ഡി.എം.കെ, എതിര്‍ വശത്ത് നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്ന ഡി.എം.കെ

എല്ലാത്തിനും ഉപരിയായി പ്രതിസന്ധി ഘട്ടത്തില്‍ തമിഴ് രാഷ്ട്രീയത്തില്‍ നേട്ടമുണ്ടാക്കാന്‍ കഴിയുമോ എന്ന് നോക്കുന്ന ബി.ജെ.പി. ഇവരെല്ലാം തന്നെ വിജയ് രാഷ്ട്രീയത്തിലേക്ക് വരുന്നതിനെ ഭയക്കുന്നുണ്ട്. സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുകയോ ഏതെങ്കിലും പാര്‍ട്ടിക്ക് തന്റെ പിന്തുണ പ്രഖ്യാപിക്കുകയോ ചെയ്താല്‍ അത് ഉണ്ടാക്കുന്ന ക്ഷീണം വലുതാണെന്ന് അരെക്കാളും തമിഴ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നന്നായി അറിയാം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

DoolNews Video