സിനിമാ ആരാധകര്‍ക്ക് ഏറെ ഇഷ്ടമുള്ള താരമാണ് വിജയ് സേതുപതി. തുടക്കത്തില്‍ നായക പ്രധാന്യമുള്ള സിനിമകളില്‍ അഭിനയിച്ചിരുന്ന താരം ഈയിടെയായി വില്ലന്‍ കഥാപാത്രങ്ങളും ചെയ്യുന്നുണ്ട്. ജവാന്‍, മാസ്റ്റര്‍, വിക്രം തുടങ്ങിയ ചിത്രങ്ങള്‍ ഇതിന് ഉദാഹരണമാണ്.
താരത്തിന്റേതായി ഏറ്റവും പുതുതായി തിയേറ്ററിലെത്തുന്ന ചിത്രമാണ് ‘മേറി ക്രിസ്മസ്’. ചിത്രത്തിന്റെ വാര്‍ത്താ സമ്മേളനത്തില്‍ താന്‍ വില്ലന്‍ കഥാപാത്രം ചെയ്യുന്നതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് താരം.
വില്ലന്‍ വേഷങ്ങള്‍ ചെയ്യുന്നത് താന്‍ വളരെയധികം ആസ്വദിക്കുന്ന കാര്യമാണെന്നും യഥാര്‍ത്ഥ ജീവിതത്തില്‍ തനിക്ക് ആരെയും ഉപദ്രവിക്കാനോ കൊല്ലാനോ കഴിയില്ലെന്നും. സിനിമയിലെ വില്ലന്‍ വേഷത്തിലൂടെ മാത്രമാണ് തനിക്ക് അതിന് സാധിക്കുന്നതെന്നുമാണ് വിജയ് പറയുന്നത്. വില്ലന്‍ വേഷങ്ങളോടുള്ള താല്‍പ്പര്യത്തെക്കുറിച്ചും ബുദ്ധിമുട്ടുള്ള കഥാപാത്രങ്ങളെ കുറിച്ചും ചോദ്യം വന്നപ്പോള്‍ മറുപടി പറയുകയായിരുന്നു താരം.
‘ബുദ്ധിമുട്ടുള്ള കഥാപാത്രങ്ങളെ കുറിച്ച് ചോദിച്ചാല്‍ അങ്ങനെയൊന്നുമില്ല. ഒരു കാര്യം ബുദ്ധിമുട്ടാണെന്ന് തോന്നിയാല്‍ എല്ലാം ബുദ്ധിമുട്ടുള്ളത് തന്നെയാണ്. എങ്കിലും ക്യാമറക്ക് മുന്നില്‍ നില്‍ക്കുന്നത് എപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണ്.
വില്ലന്‍ വേഷങ്ങള്‍ ചെയ്യുന്നത് ഞാന്‍ വളരെയധികം ആസ്വദിക്കുന്ന കാര്യമാണ്. യഥാര്‍ത്ഥ ജീവിതത്തില്‍ എനിക്ക് ആരെയും ഉപദ്രവിക്കാന്‍ കഴിയില്ല, ആരെയും കൊല്ലാനും കഴിയില്ല. സിനിമയിലെ വില്ലന്‍ വേഷത്തിലൂടെ മാത്രമാണ് എനിക്ക് അതിന് സാധിക്കുന്നത്.
മാത്രവുമല്ല, നിങ്ങള്‍ക്ക് യഥാര്‍ത്ഥ ജീവിതത്തില്‍ ഒരു ഈഗോയുണ്ടാകും, എന്നാല്‍ അത് എല്ലാവരോടും കാണിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. അവിടെ നിങ്ങള്‍ക്ക് നിങ്ങള്‍ വളരെ വിനയമുള്ള ആളാണെന്ന് കാണിക്കേണ്ടി വരികയാണ്. എനിക്ക് നെഗറ്റീവ് ഇമോഷനുകളെ സിനിമയിലെ വില്ലന്‍ കഥാപാത്രത്തിലൂടെ കാണിക്കാന്‍ ഇഷ്ടമാണ്,’ വിജയ് സേതുപതി പറഞ്ഞു.
അതേസമയം ശ്രീറാം രാഘവന്‍ സംവിധാനം ചെയ്ത് കത്രീന കൈഫും വിജയ് സേതുപതിയും ഒന്നിക്കുന്ന ഏറ്റവും പുതിയ ത്രില്ലര്‍ ചിത്രമാണ് ‘മേറി ക്രിസ്മസ്’. ഹിന്ദിയിലും തമിഴിലുമായി ഒരേ സമയം വ്യത്യസ്ത സഹതാരങ്ങളെ ഉള്‍പ്പെടുത്തിയാണ് ചിത്രം ചിത്രീകരിച്ചിരിക്കുന്നത്.
ഹിന്ദിയില്‍ സഞ്ജയ് കപൂര്‍, വിനയ് പഥക്, പ്രതിമ കണ്ണന്‍, ടിന്നു ആനന്ദ് എന്നിവരും തമിഴില്‍ രാധിക ശരത്കുമാര്‍, ഷണ്‍മുഖരാജ, കെവിന്‍ ജയ് ബാബു, രാജേഷ് വില്യംസ് എന്നിവരും ഒരേ വേഷങ്ങളില്‍ അഭിനയിക്കുന്നു. ചിത്രം 2024 ജനുവരി 12ന് തിയേറ്ററുകളില്‍ റിലീസിനെത്തും.
Content Highlight: Vijay Sethupathi Talks About His Villain Charactors