മലയാള സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട നായിക-നായകന്‍ കൂട്ടുകെട്ടില്‍ ഒന്നാണ് മഞ്ജു വാര്യറിന്റേതും മോഹന്‍ലാലിന്റേതും. ഇരുവരും ഒന്നിച്ച് നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
അതില്‍ മിക്കതും ഇന്നും ഓര്‍ക്കപ്പെടുന്നതാണ്. മഞ്ജു വാര്യരും മോഹന്‍ലാലും ഒന്നിച്ച് പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് എമ്പുരാന്‍. ഇപ്പോള്‍ മോഹന്‍ലാലിനൊപ്പമുള്ള സിനിമകളെ പറ്റി പറയുകയാണ് മഞ്ജു വാര്യര്‍.
താന്‍ മോഹന്‍ലാലിനൊപ്പം ചെയ്തിട്ടുള്ള സിനിമകളിലെ കഥാപാത്രങ്ങള്‍ക്ക് എന്തോ ഒരു പ്രത്യേകത ഉണ്ടായിരുന്നു എന്നാണ് മഞ്ജു പറയുന്നത്. ആ കഥാപാത്രങ്ങളോട് ആളുകള്‍ക്ക് പ്രത്യേക സ്‌നേഹമുണ്ടെന്നും നടി പറയുന്നു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മഞ്ജു.
‘ആറാം തമ്പുരാനിലും ഞാന്‍ ലാലേട്ടനൊപ്പം ചെയ്തിട്ടുള്ള സിനിമകളിലുമൊക്കെയുള്ള കഥാപാത്രങ്ങള്‍ക്ക് എന്തോ ഒരു പ്രത്യേകത ഉണ്ടായിരുന്നു. ആ കഥാപാത്രങ്ങളോട് ആളുകള്‍ക്ക് പ്രത്യേക സ്‌നേഹമുണ്ട്.
അത് ലാലേട്ടന്റെ കൂടെ അഭിനയിക്കുന്നത് കൊണ്ടല്ല. മറിച്ച് എന്റെ ആ കഥാപാത്രങ്ങള്‍ അത്രയും രസമുള്ളത് കൊണ്ടാകും. എന്റെ കഥാപാത്രങ്ങളില്‍ ആളുകള്‍ എടുത്ത് പറയുന്നതില്‍ കൂടുതലും ലാലേട്ടന്റെ കൂടെ അഭിനയിച്ചവയാണ്,’ മഞ്ജു വാര്യര്‍ പറയുന്നു.
മോഹന്‍ലാലിനെ കാണുമ്പോള്‍ ഇപ്പോഴും പണ്ട് ഉണ്ടായിരുന്ന അതേ എക്സൈറ്റ്മെന്റും ടെന്‍ഷനും തനിക്കുണ്ടെന്നും നടി അഭിമുഖത്തില്‍ പറയുന്നു. മമ്മൂട്ടിയെ കാണുമ്പോഴും അങ്ങനെ തന്നെയാണെന്നും മഞ്ജു പറഞ്ഞു.
‘ലാലേട്ടനെ കാണുമ്പോള്‍ ഇപ്പോഴും പണ്ടുണ്ടായിരുന്ന അതേ എക്സൈറ്റ്മെന്റും ടെന്‍ഷനും എനിക്കുണ്ട്. അദ്ദേഹത്തോട് ബഹുമാനമാണ്, പേടിയല്ല. നമ്മള്‍ കണ്ട് വളര്‍ന്ന ഒരു വലിയ നടനല്ലേ.
അദ്ദേഹം ചെയ്തിട്ടുള്ള എത്രയോ കഥാപാത്രങ്ങളുണ്ട്. ഓരോ മലയാളികളുടെ മനസിലും അറിഞ്ഞോ അറിയാതെയോ നമ്മളെ കരയിപ്പിക്കുകയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും സ്വാധീനിക്കുകയും ചെയ്തിട്ടുള്ളതാണ് അതൊക്കെ.
ലാലേട്ടന്‍ മാത്രമല്ല, മമ്മൂക്കയും അങ്ങനെത്തന്നെയാണ്. അപ്പോള്‍ അവരെ കാണുമ്പോള്‍ തീര്‍ച്ചയായിട്ടും നമുക്ക് എപ്പോഴും അവരോട് ബഹുമാനമാണ്. അതൊരിക്കലും പോകില്ല,’ മഞ്ജു വാര്യര്‍ പറയുന്നു.
Content Highlight: Manju Warrier Talks About Her Characters With Mohanlal