രണ്ട് ദിവസം പൂർത്തിയായില്ല, 100 കോടി തൂക്കി: ബോക്സ് ഓഫീസിൽ കുതിച്ചുയർന്ന് എമ്പുരാൻ
Entertainment
രണ്ട് ദിവസം പൂർത്തിയായില്ല, 100 കോടി തൂക്കി: ബോക്സ് ഓഫീസിൽ കുതിച്ചുയർന്ന് എമ്പുരാൻ

റിലീസ് ചെയ്ത് രണ്ട് ദിവസത്തിനുള്ളിൽ തന്നെ 100 കോടി ക്ലബിൽ കയറിയിരിക്കുകയാണ് എമ്പുരാൻ. 2019ൽ പുറത്തിറങ്ങിയ ലൂസിഫറിൻ്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ.

റിലീസിന് മുമ്പ് തന്നെ റെക്കോഡ് നേട്ടം സ്വന്തമാക്കിയാണ് മുരളി ഗോപി തിരക്കഥയൊരുക്കി പൃഥ്വിരാജ്-മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ എമ്പുരാൻ റിലീസ് ചെയ്തത്. ഓൺലൈൻ ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റായ ബുക്ക് മൈ ഷോയിൽ ആദ്യ ദിവസത്തിൽ ഏറ്റവും അധികം ബുക്ക് ചെയ്യപ്പെടുന്ന ഇന്ത്യൻ ചിത്രമാണ് എമ്പുരാൻ.

ഇപ്പോൾ ബോക്സ് ഓഫീസിൽ ഒരു നേട്ടം കൂടി എമ്പുരാന് സ്വന്തം. ആഗോള ബോക്സ് ഓഫീസിൽ രണ്ട് ദിനങ്ങൾ പൂർത്തിയാക്കുന്നതിന് മുമ്പേ 100 കോടി ക്ലബ്ബിൽ കയറിയ ചിത്രമായി എമ്പുരാൻ. കണക്കുകൾ സംബന്ധിച്ച വിവരം ഔദ്യോഗികമായി തന്നെ മോഹൻലാൽ അടക്കമുള്ളവർ പ്രഖ്യാപിച്ചിട്ടുണ്ട്. 100 കോടി സ്പെഷൽ പോസ്റ്ററാണ് ഇവർ പങ്കുവെച്ചത്. അതിനോടൊപ്പം തന്നെ പ്രേക്ഷകർക്ക് നന്ദിയും പറയുന്നുണ്ട്.

മലയാള സിനിമയ്ക്ക് റിലീസ് ദിനത്തിൽ സ്വപ്നം പോലും കാണാൻ കഴിയാത്ത തരത്തിലുള്ള കലക്ഷനാണ് ചിത്രം സ്വന്തമാക്കിയത്. ആദ്യ ദിവസം ഇന്ത്യയിൽ നിന്ന് 25 കോടിയും, വിദേശത്ത് നിന്ന് 5 മില്യൺ ഡോളറും എമ്പുരാൻ നേടി. ഒരു ഇന്ത്യൻ സിനിമയ്ക്ക് ഇതുവരെ സ്വന്തമാക്കാൻ പറ്റാത്ത കളക്ഷനാണ് യു.കെ, ന്യൂസിലൻഡ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ നിന്നും എമ്പുരാൻ നേടിയത്. വിജയ് ചിത്രം ലിയോയെ മറികടന്നാണ് എമ്പുരാൻ റെക്കോഡ് നേട്ടമുണ്ടാക്കിയത്.

ലൈക്ക പ്രൊഡക്ഷൻസ്, ആശി‍ർവാദ് സിനിമാസ്, ശ്രീ ​ഗോകുലം മൂവീസ് എന്നിവരുടെ ബാനറിൽ സുഭാസ്കരൻ, ആൻ്റണി പെരുമ്പാവൂ‍ർ, ​ഗോകുലം ​ഗോപാലൻ എന്നിവർ ചേർന്നാണ് ചിത്രം നി‍ർമിച്ചത്.

മോഹൻലാലിനും പൃഥ്വിരാജിനും പുറമേ മഞ്ജു വാര്യർ, ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, സായി കുമാർ, സുരാജ് വെഞ്ഞാറമൂട് എന്നിവരും ചിത്രത്തിലുണ്ട്.

എന്നാൽ അതിനിടെ ചിത്രം വിവാദത്തിലായിരിക്കുകയാണ്. മോഹൻലാലിലും പൃഥ്വിരാജിനുമെതിരെ സൈബർ ആക്രമണവും ശക്തമാണ്. അതിനോടൊപ്പം തന്നെ എമ്പുരാൻ്റെ വ്യാജപതിപ്പും പ്രചരിക്കുന്നതായി റിപ്പോ‍ർട്ടുണ്ടായിരുന്നു.

Content Highlight: Empuraan has not completed in two days, but collected 100 crores