Sports News
തോല്‍വിക്ക് പിന്നാലെ മറ്റൊരു നാണക്കേട് കൂടി; ക്യാപ്റ്റന്‍ രോഹിത്തിന് ശേഷം ഈ റെക്കോര്‍ഡിലെത്തുന്ന ആദ്യ താരമായി ഗെയ്ക്വാദ്
സ്പോര്‍ട്സ് ഡെസ്‌ക്
3 days ago
Saturday, 29th March 2025, 8:38 am

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ പരാജയപ്പെടുത്തി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു സീസണിലെ രണ്ടാം ജയം സ്വന്തമാക്കിയിരുന്നു. 2008ന് ശേഷം ചെന്നൈയുടെ തട്ടകമായ എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ ആര്‍.സി.ബി സ്വന്തമാക്കുന്ന ആദ്യ വിജയമാണിത്. മത്സരത്തില്‍ 50 റണ്‍സിന്റെ വിജയമാണ് പാടിദാറും സംഘവും നേടിയത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആര്‍.സി.ബി നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ രജത് പാടിദാറിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ആര്‍.സി.ബി മികച്ച സ്‌കോറിലെത്തിയത്. താരം 32 പന്തില്‍ 51 റണ്‍സുമായി തിളങ്ങി.

എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. 31 പന്തില്‍ 41 റണ്‍സ് നേടിയ രചിന്‍ രവീന്ദ്രയും ഒമ്പതാം നമ്പറില്‍ ഇറങ്ങി 16 പന്തില്‍ 30 റണ്‍സെടുത്ത ധോണിയും മാത്രമാണ് ചെന്നൈക്കായി ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചത്.

മത്സരത്തില്‍ ചെന്നൈ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് നാല് പന്തില്‍ റണ്‍സൊന്നും എടുക്കാനാവാതെ പുറത്തതായിരുന്നു. ഇതോടെ ഒരു നാണക്കേടിന്റെ റെക്കോഡും താരം സ്വന്തമാക്കി. ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ രണ്ട് ഡക്കുക്കള്‍ നേടിയ രണ്ടാമത്തെ മാത്രം ക്യാപ്റ്റനായിരിക്കുകയാണ് ഗെയ്ക്വാദ്. മുംബൈ ഇന്ത്യന്‍സ് മുന്‍ നായകന്‍ രോഹിത് ശര്‍മയാണ് ഈ പട്ടികയിലുള്ള മറ്റൊരു താരം.

കഴിഞ്ഞ സീസണില്‍ അവസാനമായി ബെംഗളൂരുവിനെതിരെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇറങ്ങിയപ്പോഴും ഋതുരാജ് ആദ്യ പന്തില്‍ തന്നെ പുറത്തായിരുന്നു.

അതേസമയം, ചെന്നൈ നായകന്‍ ഈ സീസണ്‍ തകര്‍പ്പന്‍ പ്രകടനത്തോടെയാണ് തുടക്കമിട്ടത്. മുംബൈ ഇന്ത്യന്‍സിനെതിരെ താരം 26 പന്തില്‍ 56 റണ്‍സെടുത്തിരുന്നു. മൂന്ന് സിക്സും ആറ് ഫോറും അടങ്ങിയതായിരുന്നു ഋതുരാജിന്റെ ഇന്നിങ്സ്. 203.85 സ്‌ട്രൈക്ക് റേറ്റിലാണ് എല്‍ക്ലാസിക്കോയില്‍ താരം ബാറ്റേന്തിയത്.

Content Highlight: IPL 2025: CSK vs RCB: Chennai Super Kings Skipper Ruturaj Gaikwad Joins Rohit Sharma In A Record