പി. പത്മരാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയായിരുന്നു അപരൻ. ജയറാം നായകനായി അഭിനയിച്ച ആദ്യ ചിത്രമാണിത്. ഇപ്പോൾ ആ ചിത്രം ജയറാമിന് പകരം മോഹൻലാലായിരുന്നു അഭിനയിക്കേണ്ടതെന്നും പറയുകയാണ് നടനും അസിസ്റ്റന്റ്, അസോസിയേറ്റ് ഡയറക്ടറുമായ പൂജപ്പുര രാധാകൃഷ്ണൻ.
അപരനിലെ വേഷം ചെയ്യേണ്ടിയിരുന്നത് മോഹൻലാലായിരുന്നെന്നും എന്നാൽ ഈ സമയത്ത് മോഹൻലാലിന് നല്ല തിരക്കായിരുന്നുവെന്നും പൂജപ്പുര രാധാകൃഷ്ണൻ പറയുന്നു. രണ്ടു വേഷമായിരുന്നു ആ ചിത്രത്തിൽ ചെയ്യേണ്ടിയിരുന്നതെന്നും എന്നാൽ നാല് മാസത്തോളം തിരക്കായിരുന്നതിനാൽ അത് ചെയ്യാൻ സമയം കിട്ടിയില്ലായിരുവെന്നും പൂജപ്പുര രാധാകൃഷ്ണൻ പറഞ്ഞു.
മോഹൻലാൽ അന്ന് പലർക്കും ഡേറ്റ് കൊടുത്തിട്ടുണ്ടായിരുന്നുവെന്നും മോഹൻലാലിൻ്റെ സമ്മതത്തോടെ തന്നെയാണ് വേഷം ജയറാമിന് കൊടുത്തതെന്നും പൂജപ്പുര രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.
മാസ്റ്റർ ബിൻ ചാനലിനോട് സംസാരിക്കുകയായിരുന്നു പൂജപ്പുര രാധാകൃഷ്ണൻ.
‘അപരനിനെ വേഷം ചെയ്യേണ്ടിയിരുന്നത് മോഹൻലാലായിരുന്നു. പക്ഷെ ആ വേഷം മോഹൻലാലിന് ചെയ്യാൻ പറ്റിയില്ല. എന്താണെന്ന് വച്ചാൽ മോഹൻലാലിന് മൂന്നു നാലു മാസം തിരിഞ്ഞു നോക്കാൻ പറ്റാത്തത്ര തിരക്കായിരുന്നു ആ സമയത്ത്. രണ്ടു വേഷമാണ് ആ ചിത്രത്തിൽ. ജയറാമിൻ്റെ വേഷവും ചെയ്യണം, അപരന്റെ വേഷവും ചെയ്യണം. അത് മോഹൻലാൽ ആണെങ്കിൽ മോഹൻലാൽ തന്നെ രണ്ടു വേഷവും ചെയ്യണം.
ഒരു ദിവസം പോലും നിക്കാനോ ഇരിക്കാനോ പറ്റാത്തത്ര തിരക്കായിരുന്നു മോഹൻലാലിന്. അത് അദ്ദേഹം അന്ന് പലർക്കും ഡേറ്റ് കൊടുത്തിട്ടുണ്ടായിരുന്നു. അതുകൊണ്ടാണ് ഇങ്ങനെ തീരുമാനിച്ചത്. മോഹൻലാലിൻ്റെ സമ്മതത്തോടെ സ്നേഹത്തോടെ തന്നെയാണ് വേഷം ജയറാമിന് കൊടുത്തത്,’ പൂജപ്പുര രാധാകൃഷ്ണൻ പറയുന്നു.
1988ൽ പുറത്തിറങ്ങിയ അപരൻ ചിത്രം അപരൻ എന്ന പേരിൽ തന്നെ പി. പത്മരാജൻ എഴുതിയ ചെറുകഥയുടെ ചലച്ചിത്ര ആവിഷ്കാരമാണ്. 1989ലെ മികച്ച സംവിധായകനുള്ള ഫിലിംഫെയർ അവാർഡ് പത്മരാജനു നേടിക്കൊടുത്ത ഈ ചിത്രം വാണിജ്യപരമായും വിജയം ആയിരുന്നു. മലയാള സിനിമയിൽ ക്ലാസിക് പദവി നേടിയെടുക്കാൻ ഈ ചിത്രത്തിന് സാധിച്ചിരുന്നു. ചിത്രത്തിൻ്റെ നിർമാണം നിർവഹിച്ചത് ഹരി പോത്തൻ ആണ്.
Content Highlight: Poojappura Radhakrishnan Talking about Mohanlal and Jayaram