national news
ബംഗാളിൽ വർഗീയ കലാപം സൃഷ്ടിക്കാൻ ബി.ജെ.പി ശ്രമിക്കുന്നു: വിമർശിച്ച് മുഖ്യമന്ത്രി മമത ബാനർജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
3 days ago
Tuesday, 1st April 2025, 8:47 am

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബി.ജെ.പിയും ആർ.എസ്.എസും കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്ന് വിമർശിച്ച് മുഖ്യമന്ത്രി മമത ബാനർജി. കൊൽക്കത്തയിലെ റെഡ് റോഡിൽ വാർഷിക ഈദ്-ഉൽ-ഫിത്തർ പ്രാർത്ഥനയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മമത. പശ്ചിമ ബംഗാളിലെ പ്രതിപക്ഷ പാർട്ടികളായ ‘റാമും ബാമും’ (ബി.ജെ.പിയും ഇടതുപക്ഷവും) സംസ്ഥാനത്ത് കലാപം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് മമത വിമർശിച്ചു.

വർഗീയ കലാപങ്ങൾക്ക് ആക്കം കൂട്ടാൻ ലക്ഷ്യമിട്ടുള്ള പ്രകോപനങ്ങളിൽ വീഴരുതെന്ന് മുഖ്യമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു. ഒപ്പം തന്റെ സർക്കാർ സംസ്ഥാനത്ത് സമാധാനം ഉറപ്പാക്കുമെന്നും പറഞ്ഞു.

‘കലാപത്തിന് ആക്കം കൂട്ടാൻ പ്രകോപനങ്ങൾ നടക്കുന്നുണ്ട്. പക്ഷേ ദയവായി ഈ കെണികളിൽ വീഴരുത്. പശ്ചിമ ബംഗാൾ സർക്കാർ ന്യൂനപക്ഷങ്ങൾക്കൊപ്പമാണ് നിൽക്കുന്നത്. സംസ്ഥാനത്ത് സംഘർഷം സൃഷ്ടിക്കാൻ ആർക്കും കഴിയില്ല,’മമത ബാനർജി പറഞ്ഞു.

രാജ്യത്ത് ന്യൂനപക്ഷണങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ട് മമത ബാനർജി ബി.ജെ.പിയെ രൂക്ഷമായി വിമർശിച്ചു. ജനങ്ങളെ ഭിന്നിപ്പിക്കാൻ ബി.ജെ.പി ‘ജുംല രാഷ്ട്രീയത്തിൽ’ ഏർപ്പെടുന്നുവെന്ന് ആരോപിച്ചു.

അതേസമയം കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ ചെറുക്കുന്നതിൽ പാർട്ടി വിജയിച്ചുവെന്നും പാർട്ടിയിലെ ഐക്യമാണത്തിന് കാരണമെന്നും ടി.എം.സി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി പറഞ്ഞു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഞങ്ങൾ ഒരുമിച്ച് ബി.ജെ.പിയുടെ മുന്നേറ്റത്തെ ചെറുത്തു. ബി.ജെ.പി ഹിന്ദുക്കൾ അപകടത്തിലാണെന്ന് പറയുന്നു. വർഗീയ രാഷ്ട്രീയത്തിന്റെ കണ്ണട മാറ്റാൻ ഞാൻ അവരോട് ആവശ്യപ്പെടുകയാണ്. സത്യം പറഞ്ഞാൽ, അവരുടെ രാഷ്ട്രീയം കാരണം രാജ്യം മുഴുവൻ അപകടത്തിലാണ്. പശ്ചിമ ബംഗാളിൽ ഭിന്നത സൃഷ്ടിക്കാൻ അവർ ശ്രമിച്ചാൽ, ഞങ്ങൾ അതിനെ ചെറുക്കും,’ അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് ഭിന്നത വിതയ്ക്കുന്നതിനും വർഗീയ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾക്കെതിരെ തൃണമൂൽ കോൺഗ്രസ് തുടർന്നും പോരാടുമെന്ന് ഇരു നേതാക്കളും പറഞ്ഞു.

നിലവിൽ പശ്ചിമ ബംഗാളിലെ മാൾഡയിലെ മോട്ടബാരിയിൽ വർഗീയ സംഘർഷം തുടർന്നുകൊണ്ടിരിക്കുകയാണ്. തീവയ്പ്പ്, പൊതുസ്വത്ത് നശിപ്പിക്കൽ, ആക്രമണങ്ങൾ എന്നിവയെ തുടർന്ന് ജില്ലാ ഭരണകൂടം ഇന്റർനെറ്റ് സേവനങ്ങൾ താത്കാലികമായി നിർത്തിവയ്ക്കുകയും ക്രമസമാധാനം പുനഃസ്ഥാപിക്കാൻ നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്.

ബംഗാളിലെ മാൾഡയിലെ പ്രാദേശിക പള്ളിയുടെ സമീപത്ത് കൂടി നടന്ന രാമനവമിക്കുള്ള ഒരുക്ക റാലിക്കിടെ ചിലർ പള്ളിക്ക് നേരെ പടക്കം എറിഞ്ഞതോടെയാണ് സംഘർഷം ആരംഭിച്ചത്. സംഭവം വർഗീയ സംഘർഷമായി പരിണമിക്കുകയും ഇത് റോഡ് ഉപരോധങ്ങൾക്കും നിയമപാലകരുമായുള്ള ഏറ്റുമുട്ടലുകൾക്കും കാരണമായി.

 

Content Highlight: West Bengal CM Mamata Banerjee calls for unity, slams BJP’s ‘divisive politics’ at Eid prayers