Entertainment
ആ നടന്‍ സെറ്റിലുണ്ടെങ്കില്‍ ആരും സെല്‍ഫോണ്‍ തൊടില്ല; അദ്ദേഹമില്ലെങ്കില്‍ എല്ലാവരും ഫോണിലാകും: കാര്‍ത്തി

സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് കാര്‍ത്തി. തമിഴിലെ മികച്ച നടന്മാരില്‍ ഒരാളാണ് അദ്ദേഹം. മണിരത്നത്തിന്റെ അസിസ്റ്റന്റായി കരിയര്‍ തുടങ്ങിയ കാര്‍ത്തി 2007ല്‍ റിലീസായ പരുത്തിവീരനിലൂടെയാണ് നായകനായി എത്തുന്നത്.

പിന്നീട് പയ്യ, സിരുത്തൈ, തീരന്‍, മദ്രാസ് എന്നീ സിനിമകള്‍ ചെയ്ത് കൊണ്ട് തമിഴിലെ മുന്‍നിര നടന്മാരുടെ പട്ടികയില്‍ ഇടംപിടിക്കാന്‍ കാര്‍ത്തിക്ക് സാധിച്ചു. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൈതിയിലൂടെ കരിയറിലെ ആദ്യ 100 കോടി ചിത്രമെന്ന നേട്ടവും അദ്ദേഹം സ്വന്തമാക്കി.

ഇപ്പോള്‍ നടന്‍ എസ്.ജെ. സൂര്യയെ കുറിച്ച് പറയുകയാണ് കാര്‍ത്തി. വരാനിരിക്കുന്ന സര്‍ദാര്‍ 2 എന്ന ചിത്രത്തില്‍ കാര്‍ത്തിക്ക് ഒപ്പം എസ്.ജെ. സൂര്യയും ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. എസ്.ജെ. സൂര്യ സെറ്റിലുണ്ടെങ്കില്‍ ആരും ഫോണ്‍ തൊടില്ലെന്നാണ് കാര്‍ത്തി പറയുന്നത്.

‘എസ്.ജെ. സൂര്യ സാര്‍ സെറ്റില്‍ ഉള്ളപ്പോഴുള്ള അവസ്ഥ പറയുകയേ വേണ്ട. അദ്ദേഹം സംസാരിക്കാന്‍ വളരെ ഇഷ്ടമുള്ള ആളാണ്. സെറ്റില്‍ ആണെങ്കിലും നന്നായി സംസാരിക്കും.

ഞങ്ങളാണെങ്കില്‍ അദ്ദേഹത്തോട് ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരിക്കും. അദ്ദേഹത്തിന് അതില്‍ കുഴപ്പമുണ്ടായിരുന്നില്ല. എത്ര ചോദ്യങ്ങള്‍ ചോദിച്ചാലും അതിനൊക്കെ മറുപടി പറയും.

എസ്.ജെ. സൂര്യ സാര്‍ സെറ്റില്‍ ഉണ്ടെങ്കില്‍ ഞങ്ങള്‍ ആരും സെല്‍ഫോണ്‍ പോലും തൊടില്ല എന്നതാണ് സത്യം. അദ്ദേഹം ഇല്ലെങ്കില്‍ എല്ലാവരും ഫോണില്‍ നോക്കി അങ്ങനെ ഇരിക്കും.

സാര്‍ ഉണ്ടെങ്കില്‍ അങ്ങനെയാകില്ല. കാരണം സാറിന് ഞങ്ങളോട് ഷെയര്‍ ചെയ്യാന്‍ അത്രയധികം കാര്യങ്ങളുണ്ടാകും. ഞങ്ങള്‍ക്ക് അദ്ദേഹത്തില്‍ നിന്ന് മനസിലാക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു,’ കാര്‍ത്തി പറയുന്നു.

Content Highlight: Karthi Talks About SJ Suryah