Entertainment
ആ തമിഴ് ഷോര്‍ട്ട് ഫിലിം കണ്ട് സിദ്ധാര്‍ഥ് സാര്‍ എടുത്ത തീരുമാനം സത്യത്തില്‍ എനിക്കൊരു ധൈര്യമായിരുന്നു: ബേസില്‍ ജോസഫ്

ഷോര്‍ട്ട് ഫിലിമുകളിലൂടെ സിനിമ ലോകത്തേക്കെത്തിയ വ്യക്തിയാണ് ബേസില്‍ ജോസഫ്. അദ്ദേഹത്തിന്റെ പ്രിയംവദ കാതരയാണോ, ഒരു തുണ്ടുപടം തുടങ്ങിയ ഷോര്‍ട്ട് ഫിലിമുകളെല്ലാം വലിയ ഹിറ്റായിരുന്നു. തിര എന്ന ചിത്രത്തിലേക്ക് വിനീത് ശ്രീനിവാസന്‍ ബേസിലിനെ അസിസ്റ്റന്റ് ആയി വിളിക്കുന്നതും അദ്ദേഹത്തിന്റെ ഷോര്‍ട്ട് ഫിലിം കണ്ടിട്ടായിരുന്നു.

വിനീത് ശ്രീനിവാസന്റെ അസിസ്റ്റന്റ് ആയി കരിയര്‍ ആരംഭിച്ച ബേസില്‍ 2015ല്‍ കുഞ്ഞിരാമായണം എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. കുറഞ്ഞ സമയം കൊണ്ടുതന്നെ മലയാള സിനിമയിലെ മികച്ച സംവിധായകനായും നടനായും പേരെടുക്കുവാന്‍ ബേസിലിന് കഴിഞ്ഞു.

ഫിലിം മേക്കിങ്ങിന്റെ അടിസ്ഥാനപരമായ കാര്യങ്ങളെല്ലാം ബുക്ക് നോക്കിയും മറ്റും ഞാന്‍ പഠിച്ചു – ബേസില്‍ ജോസഫ്

ഇപ്പോള്‍ തമിഴ് ടാലന്റ് ഷോയായ നാളൈയെ ഇയകുനര്‍നെ കുറിച്ച് സംസാരിക്കുകയാണ് ബേസില്‍ ജോസഫ്. ആ പരിപാടി താന്‍ സ്ഥിരം കാണുമായിരുന്നുവെന്നും അതിലുണ്ടായിരുന്ന കാതലില്‍ സ്വതപ്പുവത് എപ്പിടി എന്ന ഷോര്‍ട്ട് ഫിലിം കണ്ട് ഇഷ്ടപ്പെട്ട് നടന്‍ സിദ്ധാര്‍ഥ് സിനിമയാക്കിയപ്പോള്‍ തനിക്ക് ഷോര്‍ട്ട് ഫിലിമിലൂടെ സിനിമയിലെത്താമെന്ന ഐഡിയ കിട്ടിയെന്നും ബേസില്‍ പറഞ്ഞു. സിനി ഉലകത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബേസില്‍ ജോസഫ്.

‘നാളൈയെ ഇയകുനര്‍ (തമിഴ് ടാലന്റ് ഷോ) അതിന്റെ ആദ്യ സീസണ്‍ വന്നപ്പോള്‍ ഞാന്‍ കണ്ടിരുന്നു. അതില്‍ കാര്‍ത്തിക് സുബ്ബരാജ്, നളന്‍ കുമാരസ്വാമി, ബാലാജി മോഹന്‍ തുടങ്ങിയവരെല്ലാം ഉണ്ടായിരുന്നു. ഒരുപാട് നല്ല ഷോര്‍ട്ട് ഫിലിമുകള്‍ ഉണ്ടായിരുന്നു. അതെല്ലാം എനിക്ക് ഒരുപാട് ഇഷ്ടപെട്ടതുമാണ്.

കാതലില്‍ സ്വതപ്പുവത് എപ്പിടി എന്ന ഷോര്‍ട്ട് ഫിലിമൊക്കെ ഭയങ്കര ഹിറ്റുമായിരുന്നു. ആ ഷോര്‍ട്ട് ഫിലിം കണ്ട് ഇഷ്ടപ്പെട്ട് സിദ്ധാര്‍ഥ് സാര്‍ നമുക്ക് സിനിമയായി ചെയ്യാമെന്ന് പറഞ്ഞു എന്നെല്ലാം ഞാന്‍ ന്യൂസ് കണ്ടിട്ടുണ്ടായിരുന്നു. സാറിന്റെ ആ തീരുമാനം എനിക്കൊരു ധൈര്യം തന്നു.

ഷോര്‍ട്ട് ഫിലിം ചെയ്ത് വലിയ സിനിമ ചെയ്യാന്‍ പറ്റും എന്നുള്ളൊരു ഐഡിയ എനിക്കപ്പോള്‍ കിട്ടി. അങ്ങനെ ഒരു കോമഡി, എന്റര്‍ടൈന്‍മെന്റ് ഷോര്‍ട്ട് ഫിലിം ഞാനും ഫ്രണ്ട്‌സും ചേര്‍ന്ന് ചെയ്തു. ഫിലിം മേക്കിങ്ങിന്റെ അടിസ്ഥാനപരമായ കാര്യങ്ങളെല്ലാം ബുക്ക് നോക്കിയും മറ്റും ഞാന്‍ പഠിച്ചു,’ ബേസില്‍ ജോസഫ് പറയുന്നു.

Content Highlight: Basil Joseph Talks About Naalaya Iyakkunar Show And Siddharth