ഗസ: തെക്കന്‍ ഗസയിലെ റഫയിലേയും ഖാന് യൂനിസിലേയും ഫലസ്തീനികളെ കുടിയൊഴിപ്പിച്ച് ഇസ്രഈല്‍ സൈന്യം. ഇവിടെ നിന്നും കുടിയിറക്കപ്പെടുന്ന ഫലസ്തീനികളോട് അല്‍-മവാസിയിലെ ഹ്യുമാനിറ്റേറിയന്‍ സോണിലേക്ക് മാറാന്‍ ആണ് ഇസ്രഈല്‍ സൈന്യം ആവശ്യപ്പെട്ടിരിക്കുന്നത്.
ഭീകര സംഘടനകളെ ഇല്ലാതാക്കുന്നതിനുള്ള തീവ്രമായ പ്രവര്‍ത്തനങ്ങളിലേക്ക് മടങ്ങുകയാണെന്ന് ചൂണ്ടിക്കാണിച്ചാണ് മുന്നറിയിപ്പ് നല്‍കാതെ ഒഴിപ്പിക്കുന്നതെന്ന് ഇസ്രഈല്‍ സൈന്യത്തെ ഉദ്ധരിച്ച് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഗസ നിവാസികളെ മുഴുവനായി കുടിയൊഴിപ്പിച്ച് അമേരിക്കയ്ക്ക് ഗസ സ്ട്രിപ്പിനെ ഏറ്റെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും വിമര്‍ശനങ്ങളുണ്ട്.
അതേസമയം ഇത്തരത്തില്‍ കുടിയൊഴിപ്പിക്കുന്നവരെ മറ്റൊരു സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാന്‍ ഇസ്രഈല്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും ശുചിത്വം, ആരോഗ്യം, സുരക്ഷ, പോഷകാഹാരങ്ങള്‍ എന്നിവ ഉറപ്പാക്കുന്നില്ലെന്നും ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിഭാഗം ആരോപിച്ചു. ഇത് ഇവക്വേഷനുള്ള അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും അവര്‍ ആരോപിച്ചു.
എന്നാല്‍ ഹമാസിന് മനുഷ്യകവചമായി മാറാതിരിക്കാന്‍ വേണ്ടിയാണ് തെക്കന്‍ ഗസയിലെ പൗരന്മാരെ ഒഴിപ്പിക്കുന്നതെന്നും അതില്‍ തങ്ങളും പങ്കാളികളാണെന്ന് ഇസ്രഈല്‍ സര്‍ക്കാര്‍ അറിയിച്ചു. അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമായാണ് ഭീകരസംഘടനകള്‍ തങ്ങളുടെ പൗരന്മാരെ ഉപയോഗിക്കുന്നതെന്നും ഐക്യരാഷട്ര സംഘനയുടെ ആരോപണങ്ങള്‍ക്ക് മറുപടിയായി ഇസ്രഈല്‍ പറഞ്ഞു.
മാര്‍ച്ച് രണ്ട് മുതല്‍ ഗസയിലെ 21 ലക്ഷം ജനങ്ങള്‍ക്കുള്ള ഭക്ഷണവും വൈദ്യസഹായവും പോലുള്ള മാനുഷിക സഹായ ഇസ്രഈല്‍ തടഞ്ഞിരിക്കുകയാണ്. ഗസയുടെ അഞ്ചിലൊന്ന് ഭാഗം പ്രദേശങ്ങളും ഇപ്പോള്‍ കുടിയൊഴിപ്പിക്കല്‍ ഉത്തരവുകളുടെ ഭാഗമാണ്.
കഴിഞ്ഞ ദിവസം അധിനിവേശ വെസ്റ്റ്ബാങ്കിലെ ജെനിന്, തുല്‍കരം നഗരങ്ങളിലെ അഭയാര്‍ത്ഥി ക്യാമ്പുകള്‍ നിന്ന് ഫലസ്തീനികളോട് ഒഴിഞ്ഞുപോകാന്‍ സൈന്യം ആവശ്യപ്പെട്ടതായും അവരുടെ വീടുകള്‍ ഇസ്രഈല്‍ സൈന്യം പൊളിച്ച് നീക്കിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അഭയാര്‍ത്ഥി ക്യാമ്പുകള്‍ ഭീകരസംഘടനകളുടെ ഇന്‍കുബേറ്ററുകളായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും സ്ഫോടകവസ്തുക്കള്‍ തയ്യാറാക്കുന്നതിനായി ഇവ ഉപയോഗിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സൈന്യത്തിന്റെ പുതിയ നീക്കം. ജെനിന്, തുല്‍കരം, നൂര്‍ ഷംസ് അഭയാര്‍ത്ഥി ക്യാമ്പുകള്‍ പൂര്‍ണമായും പൊളിച്ച് നീക്കി രണ്ട് പ്രദേശങ്ങളാക്കി മാറ്റുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
സൈനിക വാഹനങ്ങള്‍ക്ക് വേഗത്തില്‍ കടന്നുവരാന്‍ ക്യാമ്പിന്റെ മധ്യഭാഗത്തുള്ള തെരുവുകള്‍, റോഡുകള്‍, പ്രവേശന കവാടങ്ങള്‍ എന്നിവ സൈന്യം വികസിപ്പിക്കുകയാണെന്ന് പ്രദേശവാസികളിലൊരാള്‍ പറഞ്ഞു.
നിലവില്‍ ദിവസവും പൊളിച്ചുമാറ്റല്‍ നടക്കുന്നുണ്ട്. നൂറുകണക്കിന് ഫലസ്തീനി കുടുംബങ്ങള്‍ക്ക് അവരുടെ വീടുകള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഇസ്രഈല്‍ സൈന്യം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ സൈനിക നടപടിയായതിനാല്‍ ഈ കുടുംബങ്ങള്‍ക്ക് ഉത്തരവുകള്‍ക്കെതിരെ നിയമപരമായി മുന്നോട്ട് പോവാന്‍ സാധിക്കില്ല.
Content Highlight: Israel evicts Palestinians from Rafah and Khan Younis