Film News
എമ്പുരാന് സെന്‍സര്‍ ബോര്‍ഡ് നല്‍കിയത് രണ്ട് കട്ടുകള്‍ മാത്രം; മൂന്ന് മണിക്കൂര്‍ സിനിമയില്‍ ഭേദഗതി വന്നത് രണ്ട് മിനിട്ട്

എമ്പുരാന്‍ സിനിമക്ക് സെന്‍സര്‍ ബോര്‍ഡ് നല്‍കിയത് രണ്ട് കട്ടുകള്‍ മാത്രമെന്ന് കാണിക്കുന്ന രേഖകള്‍ പുറത്ത്. സ്ത്രീയുടെ തല ചുവരില്‍ ഇടിക്കുന്ന രംഗം ഭേദഗതി ചെയ്യണമെന്നും സിനിമയിലെ ഒരു സംഭാഷണം മാറ്റണമെന്നും മാത്രമായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം.

ഏഷ്യാനെറ്റ് ന്യൂസാണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയില്‍ ഭേദഗതി നിര്‍ദേശിച്ചത് രണ്ട് മിനുട്ട് മാത്രമാണ്. ചിത്രത്തിലെ രാഷ്ട്രീയ വിമര്‍ശന രംഗങ്ങളിലൊന്നും ബോര്‍ഡ് ഇടപെട്ടില്ലെന്ന് രേഖ വ്യക്തമാക്കുന്നതായും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ദിവസം എമ്പുരാന്‍ സിനിമയുടെ സെന്‍സറിങിനെതിരെ ബി.ജെ.പി രംഗത്ത് വന്നിരുന്നു. സെന്‍സറിങ് ബോര്‍ഡിലെ ആര്‍.എസ്.എസ് നോമികള്‍ക്കെതിരെ ആയിരുന്നു ബി.ജെ.പിയുടെ വിമര്‍ശനം.

തപസ്യ ജനറല്‍ സെക്രട്ടറി ജി.എം. മഹേഷ് ഉള്‍പ്പെടെ നാല് പേരായിരുന്നു ബോര്‍ഡിന്റെ സ്‌ക്രീനിങ് കമ്മിറ്റിയില്‍ ഉണ്ടായിരുന്നത്. ഇവര്‍ക്കെതിരെ സംഘടനാ തലത്തില്‍ നടപടിയുണ്ടാകുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സൂചന നല്‍കിയിരുന്നു.

കഴിഞ്ഞ ദിവസമായിരുന്നു മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത എമ്പുരാന്‍ റിലീസിന് എത്തിയത്. മുരളി ഗോപി തിരക്കഥ ഒരുക്കിയ ഈ സിനിമ ആരംഭിച്ചത് 2002ലെ ഗുജറാത്ത് കലാപം കാണിച്ചു കൊണ്ടായിരുന്നു.

സിനിമയുടെ ആദ്യത്തെ 20 മിനിറ്റില്‍ ഗുജറാത്ത് കലാപമായിരുന്നു പശ്ചാത്തലം. ഗുജറാത്ത് കലാപത്തിന് കാരണക്കാരായവരാണ് ഇപ്പോള്‍ രാജ്യം ഭരിക്കുന്നതെന്ന പ്രസ്താവനയടക്കം എമ്പുരാനില്‍ ഉണ്ടായിരുന്നു.

അതോടെ ഇന്‍ഡസ്ട്രിയിലെ ഏറ്റവും ചെലവേറിയ ചിത്രമായി എത്തിയ എമ്പുരാന്‍ ആദ്യ ഷോയ്ക്ക് പിന്നാലെ വ്യാപകമായ സൈബര്‍ ആക്രമണം നേരിട്ടിരുന്നു. ഗുജറാത്ത് കലാപത്തെ കുറിച്ച് പറഞ്ഞ വസ്തുതകള്‍ ചില തീവ്രവലതുപക്ഷക്കാരെ ചൊടിപ്പിക്കുകയായിരുന്നു.

മോഹന്‍ലാലും പൃഥ്വിരാജ് സുകുമാരനും പല ഭാഗങ്ങില്‍ നിന്നുള്ള വ്യാപകമായ സൈബര്‍ ആക്രമണമാണ് നേരിട്ടത്. പിന്നാലെ സിനിമയെ സപ്പോര്‍ട്ട് ചെയ്ത് കൊണ്ടും അല്ലാതെയും നിരവധി പേര്‍ മുന്നോട്ട് വന്നിരുന്നു.

Content Highlight: The Censor Board Gave Only Two Cuts To Empuraan