Entertainment
അല്ലു അര്‍ജുന്‍ ആ സിനിമയില്‍ ചെയ്ത കാര്യം എനിക്കൊരിക്കലും ചെയ്യാനാകില്ല, ഞാനത് ചെയ്യാന്‍ ആഗ്രഹിക്കുന്നുമില്ല: വിജയ് ദേവരകൊണ്ട
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Apr 01, 05:08 pm
Monday, 1st April 2024, 10:38 pm

ചെറിയ റോളുകളിലൂെട സിനിമയിലേക്ക് കടന്നുവന്ന താരമാണ് വിജയ് ദേവരകൊണ്ട. 2017ല്‍ പുറത്തിറങ്ങിയ അര്‍ജുന്‍ റെഡ്ഡിയിലൂടെയാണ് താരം ശ്രദ്ധേയനായത്. 2018ല്‍ റിലീസായ ഗീതാഗോവിന്ദത്തിലൂടെ മലയാളികള്‍ക്കിടയിലും താരം ശ്രദ്ധിക്കപ്പെട്ടു. ഗീതാഗോവിന്ദത്തിന് ശേഷം വിജയ്‌യും പരശുറാമും ഒന്നിക്കുന്ന ചത്രമാണ് ഫാമിലി സ്റ്റാര്‍. സീതാ രാമത്തിലൂടെ പ്രിയങ്കരിയായ മൃണാള്‍ താക്കൂറാണ് നായിക.

ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഗ്രേറ്റ് ഇന്ത്യന്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഡാന്‍സ് സീനുകളില്‍ താന്‍ വല്ലാണ്ട് അസ്വസ്ഥനാകാറുണ്ടന്നും മറ്റ് നടന്മാര്‍ ഡാന്‍സ് ചെയ്യുന്നത് കാണാന്‍ ഇഷ്ടമാണെന്നും താരം പറഞ്ഞു. കാണാന്‍ ഏറ്റവും ഇഷ്ടമുള്ളത് ഏത് നടന്റെ ഡാന്‍സാണെന്ന ചോദ്യത്തിനും താരം മറുപടി നല്‍കി. തമിഴില്‍ വിജയ്, രജിനി എന്നിവരുടെയും, തെലുങ്കില്‍ അല്ലു അര്‍ജുന്റെ ഡാന്‍സും ഇഷ്ടമാണെന്ന് താരം പറഞ്ഞു.

‘ഞാന്‍ ഏറ്റവും കൂടുതല്‍ അണ്‍കംഫര്‍ട്ടബിളാകുന്നത് ഡാന്‍സ് സീക്വന്‍സിലാണ്. എങ്ങനെയെങ്കിലും ചെയ്ത് തീര്‍ത്താല്‍ മതിയെന്നാണ് എന്റെ ചിന്ത. പക്ഷേ മറ്റ് നടന്മാര്‍ ഡാന്‍സ് ചെയ്യുന്നത് കാണാന്‍ എനിക്കിഷ്ടമാണ്. തമിഴില്‍ വിജയ് ഒക്കെ ഡാന്‍സ് ചെയ്യുന്നത് എന്ത് ഭംഗിയായിട്ടാണ്. അതുപോലെ രജിനി സാറിന്റെ ഡാന്‍സിന് ഒരു പ്രത്യേക എനര്‍ജിയുണ്ട്. ഇവരെപ്പോലെയൊന്നും എനിക്ക് ഡാന്‍സ് ചെയ്യാനാകില്ലെന്ന് അറിയാം.

തെലുങ്കില്‍ നോക്കുകയാണെങ്കില്‍ അല്ലു അര്‍ജുന്‍, ഞാന്‍ ആദ്യമായി അല്ലു അര്‍ജുനെ കാണുന്നത് ഡാഡി എന്ന സിനിമയിലാണ്. ചിരജ്ഞീവിയുടെ സിനിമയില്‍ ചെറിയൊരു വേഷത്തിലായിരുന്നു അല്ലു. അന്ന് അത്ര ഫെയ്മസല്ലായിരുന്നു അവന്‍. പക്ഷേ ആ സിനിമയില്‍ അവന്റെ ഡാന്‍സ് കണ്ട് അന്തം വിട്ടിരുന്നിട്ടുണ്ട്. അതുപോലെയൊന്നും എന്നെക്കൊണ്ട് ഒരിക്കലും ചെയ്യാന്‍ പറ്റില്ല, ചെയ്യാന്‍ ആഗ്രഹവുമില്ല,’ വിജയ് പറഞ്ഞു.

Content Highlight: Vijay Devarakonda saying that he cannot dance like Allu Arjun