വമ്പന്‍ പ്രതീക്ഷയില്‍ തിയേറ്ററുകളിലേക്ക് എത്തിയ വിജയ് ദേവരകൊണ്ടയുടെ ചിത്രമാണ് പുരി ജഗനാഥ് സംവിധാനം ചെയ്ത ലൈഗര്‍. എന്നാല്‍ ബോക്‌സ് ഓഫീസ് ഡിസാസ്റ്ററാവാനായിരുന്നു ലൈഗറിന്റെ വിധി. ലൈഗറിന്റെ വമ്പന്‍ പരാജയത്തോടെ വിജയ് ദേവരകൊണ്ടയുടെ പുതിയ ചിത്രമായ ജന ഗണ മന ഉപേക്ഷിച്ചതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. പുരി ജഗനാഥിന്റെ തന്നെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം ഉപേക്ഷിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ലൈഗറിന്റെ റിലീസിന് മുമ്പ് തന്നെ അനൗണ്‍സ് ചെയ്ത ചിത്രമാണ് ജന ഗണ മന. പൂജ ഹെഗ്‌ഡേയയെയാണ് ചിത്രത്തില്‍ നായിക ആയി നിശ്ചയിച്ചിരുന്നത്. 2023 ഓഗസ്റ്റില്‍ ജന ഗണ മന റിലീസ് ചെയ്യാനായിരുന്നു പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ ലൈഗറിന്റെ പരാജയത്തോടെയാണ് ജന ഗണ മന ഉപേക്ഷിക്കാന്‍ വിജയ് ദേവരകൊണ്ടയും പുരി ജഗനാഥും തീരുമാനിച്ചത്.
അതേസമയം ചിത്രത്തിന്റെ പരാജയത്തെ തുടര്‍ന്ന് തനിക്ക് ലഭിച്ച പ്രതിഫലം വിജയ് തിരികെ നല്‍കുമെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. സംവിധായകന്‍ പുരി ജഗനാഥില്‍ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ട് തെന്നിന്ത്യയിലെ വിതരണക്കാരും രംഗത്ത് വന്നിരുന്നു.
കഴിഞ്ഞ ഓഗസ്റ്റ് 25ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് റിലീസ് ചെയ്ത വാരാന്ത്യത്തില്‍ 35 കോടി കളക്ഷനാണ് ഇന്ത്യയില്‍ നിന്നും ലഭിച്ചത്. 100 കോടിയായിരുന്നു ചിത്രത്തിന്റെ ബജറ്റ്. ബോളിവുഡ് താരം അനന്യ പാണ്ഡേ ആയിരുന്നു ചിത്രത്തില്‍ നായകയായത്. ബോക്‌സിങ് ഇതിഹാസം മൈക്ക് ടൈസണും ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. 25 കോടിയാണ് ലൈഗറില്‍ അഭിനയിക്കുന്നതിനായി മൈക്ക് ടൈസണ്‍ പ്രതിഫലമായി വാങ്ങിയത്.